കേരളത്തിലെ 1000 കോടി എസ്ബിഐ തെലങ്കാനയിലേക്ക് കൊണ്ടുപോവുന്നു

കേരളത്തിലെ 1000 കോടി എസ്ബിഐ തെലങ്കാനയിലേക്ക് കൊണ്ടുപോവുന്നു

രാംനാഥ് ചാവ്‌ല
തൃശൂര്‍: നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതുമൂലം കടുത്ത പണ ക്ഷാമം നേരിടുന്ന തെലങ്കാനയിലേക്ക് എസ്.ബി.ഐ കേരളത്തില്‍നിന്ന് 1,000 കോടി രൂപ കൊണ്ടുപോകുന്നു. ഇതിനകം 240 കോടി രൂപ മാറ്റി. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് എസ്.ബി.ഐ കേരള സര്‍ക്കിളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും നിര്‍ദേശപ്രകാരമാണ ഫണ്ട് കൈമാറ്റം.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ഡെപ്പോസിറ്റ് ആന്റ് ഇന്‍ഷുറന്‍സ് ബില്ലിലെ ‘ബെയ്ല്‍ഇന്‍’ വ്യവസ്ഥയെക്കുറിച്ചുള്ള പ്രചാരണം സൃഷ്ടിച്ച പരിഭ്രാന്തി മൂലം തെലങ്കാനയിലും ആന്ധ്രയിലും നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുകയാണത്രെ. ഈ പ്രവണത ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം എന്തുകൊണ്ട് എന്നതിന് വ്യക്തമായ ഉത്തരമില്ല. ഒരു വിഭാഗം പറയുന്നത്, ഇതിന് പിന്നില്‍ ഇരു സംസ്ഥാനത്തും വ്യാപകമായി വേരുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്നാണ്. ബാങ്കുകള്‍ പൊളിയുമെന്നും നിക്ഷേപകന് പണം തിരിച്ച് കിട്ടില്ലെന്നും ഈ സംസ്ഥാനങ്ങളില്‍ ഭീതി പരക്കുകയാണത്ര.
മൂന്ന് മാസമായി രണ്ട് സംസ്ഥാനത്തും എ.ടി.എമ്മുകള്‍ക്ക് മുന്നിലും ബാങ്കിലും നിക്ഷേപകരുടെ നീണ്ട നിരയാണ്. ലഭ്യമാവുന്ന മുറക്ക് പണം പിന്‍വലിക്കുന്നു. പുതിയതായി നിക്ഷേപം വരുന്നില്ല. സ്ഥിര നിക്ഷേപങ്ങള്‍ വന്‍തോതില്‍ അവസാനിപ്പിക്കുന്നു. ചില ബാങ്കുകളുടെ എ.ടി.എം രണ്ട് മാസത്തിലധികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ 2,000 രൂപ നോട്ടുകള്‍ പുറത്ത് വരുന്നില്ല. ഇതിന് പിന്നില്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് ബാങ്കിങ് രംഗത്തെ സംഘടനകള്‍ പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close