തീവില; മീന്‍ കച്ചവടം പ്രതിസന്ധിയില്‍

തീവില; മീന്‍ കച്ചവടം പ്രതിസന്ധിയില്‍

ഗായത്രി-
കോഴിക്കോട്: മീന്‍വരവ് കുറഞ്ഞതോടെ വില കുതിച്ചുയര്‍ന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്ററിനും വിഷുവിനും പോലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാതെ നിരാശയിലാണ് മീന്‍കച്ചവടക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വില്‍പ്പന പോലും ഇത്തവണ വിശേഷദിവസങ്ങളില്‍ ലഭിച്ചില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിംഗ് കൂടി ആരംഭിച്ചതോടെ മീനിന് കടുത്ത ക്ഷാമമാണ്. ഇതോടെ വില കുത്തനെ ഉയര്‍ന്നു. 200 രൂപയുണ്ടെങ്കിലേ ഒരു കിലോ മത്തി കിട്ടൂവെന്ന അവസ്ഥയാണിപ്പോള്‍.
മൊത്തവ്യാപാരികളേക്കാള്‍ 20 മുതല്‍ 40 രൂപ വരെ കൂട്ടിയാണ് ചെറുകിട മീന്‍കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ വലിയ വിലകാരണം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. കല്‍പ്പറ്റയില്‍ ചുങ്കം ജംഗ്ഷനിലുണ്ടായിരുന്ന മീന്‍മാര്‍ക്കറ്റ് ബൈപ്പാസിലെ കെട്ടിടത്തിലേക്ക് മാറ്റിയതില്‍ പിന്നെ വാങ്ങാന്‍ ആളെത്തുന്നില്ലെന്ന് കച്ചവടക്കാര്‍ക്ക് പരാതിയുണ്ട്. സ്ത്രീകളുള്‍പ്പടെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മീന്‍വാങ്ങാന്‍ വരുന്നവര്‍ ഇപ്പോള്‍ തീരെ വരാതായി.
മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. മീനിന് വില കൂടി ഉയര്‍ന്നതോടെ ഇപ്പോള്‍ കച്ചവടമേയില്ല. കച്ചവടക്കാരും നഷ്ടം ഭയന്ന് കൂടുതല്‍ ചരക്കെടുത്ത് വില്‍ക്കാനും മടിക്കുകയാണ്. നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു. ഇത്രയും നഷ്ടമുണ്ടാക്കിയ ഉത്സവക്കാലം വേറെയില്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.
മീന്‍വില ഉയര്‍ന്നതോടെ മീന്‍വണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. ഉയര്‍ന്ന വിലയാല്‍ വീട്ടമ്മമാര്‍ മീന്‍വാങ്ങാന്‍ മടിക്കുകയാണ്. ഇനി നോമ്പുകാലം കൂടി തുടങ്ങുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കാം. തമിഴ്‌നാട്ടിലെ ട്രോളിങ് കാലാവധി കഴിഞ്ഞാലേ വില കുറയാന്‍ സാധ്യതയുള്ളൂ.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES