ബാങ്കുകളുടെ പരിശോധനാ റിപോര്‍ട്ട് നല്‍കണമെന്ന് ആര്‍ബിഐയോട് സുപ്രീംകോടതി

ബാങ്കുകളുടെ പരിശോധനാ റിപോര്‍ട്ട് നല്‍കണമെന്ന് ആര്‍ബിഐയോട് സുപ്രീംകോടതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബാങ്കുകളുടെ വാര്‍ഷിക പരിശോധനാ റിപോര്‍ട്ടും പണം തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുന്നവരുടെ പട്ടികയും വിവരാവകാശപ്രകാരം നല്‍കണമെന്ന് സുപ്രീംകോടതി. റിസര്‍വ് ബാങ്കിനാണ് സുപ്രീംകോടതി ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
റിസര്‍വ് ബാങ്കിനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ എസ്.സി അഗര്‍വാള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ബാങ്കുകളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നയം പുനഃപരിശോധിക്കണമെന്ന് ഫെഡറല്‍ ബാങ്കിനോടും കോടതി നിര്‍ദേശിച്ചു. എന്നാല്‍ റിസര്‍വ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നില്ല.
വാര്‍ഷിക പരിശോധന റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം നല്‍കാതിരുന്നതിനാല്‍ കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി റിസര്‍വ് ബാങ്കിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാവാത്ത റിസര്‍വ് ബാങ്കിന്റെ നയം സുപ്രീംകോടതിയുടെ 2015ലെ വിധിയുടെ ലംഘനാമാണെന്ന് കോടതി നിരീക്ഷിച്ചു.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് കോടതി റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു. ഇത് അന്തിമ അവസരമാണെന്നും ഇനിയും ഉത്തരവില്‍ ലംഘനം തുടര്‍ന്നാല്‍ ഗുരുതരമായ കോടതിയലക്ഷ്യ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കോടതി ഓര്‍മിപ്പിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close