Month: September 2018

ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇനി ആധാര്‍ ആവശ്യപ്പെടാനാവില്ല

ഫിദ-
കൊച്ചി: ആധാറിന് അംഗീകാരം നല്‍കി സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ഇനി ആധാര്‍ വിവരങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് ആവശ്യപ്പെടാനാകില്ല എന്ന് വിധി വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചത്. 40 പേജുള്ള വിധി പ്രസ്താവന വായിച്ചത് ജസ്റ്റിസ് എ.കെ.സിക്രിയാണ്. ഒരു ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കുന്നത് നല്ലതാണെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ലെന്നും ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.
കുടാതെ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ആധാറുമായി ബന്ധിക്കേണ്ടതില്ല, ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല, പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല, സ്വകാര്യ കമ്പനികളും വ്യക്തികളും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല, സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല, സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവക്ക് ആധാര്‍. നിര്‍ബന്ധിതമാക്കാനാവില്ല, ബയോമെട്രിക് ഡേറ്റ കോടതിയുടെ അനുവാദം കൂടാതെ ഏജന്‍സികളുമായി പങ്കുവക്കാന്‍ പാടില്ല, സ്വകാര്യ കമ്പനികള്‍ക്ക് വെരിഫിക്കേഷന് വേണ്ടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ അവകാശമില്ല; ആധാര്‍ ആക്ടിലെ സെക്ഷന്‍ 57 സുപ്രീംകോടതി റദ്ദാക്കി, അനധികൃത കുടിയേറ്റക്കാര്‍ ആധാര്‍ കാര്‍ഡ് നേടുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം, ആധാര്‍ വിവരങ്ങളോടൊപ്പം ഡേറ്റ സുരക്ഷ ശക്തമാക്കാന്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം, ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം. ആധാര്‍ ധനബില്‍ ആയി പാസ്സാക്കാന്‍ അനുമതി, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനാവില്ല. അത് ഭരണഘടനാ വിരുദ്ധം, ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല, ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ആധാര്‍ ആക്ടിലെ വകുപ്പ് റദ്ദാക്കി എന്നിവയാണ് വിധിയിലെ പ്രധാന നിരീക്ഷണങ്ങള്‍.

ലോകത്തിലെ സുരക്ഷിത ആഡംബര കാര്‍ മണിയന്‍പിള്ള രാജുവിന്

ഗായത്രി-
ലോകത്തിലെ ഏറ്റവും സുരക്ഷിത ആഡംബര കാറായ വോള്‍വോയുടെ എസ്‌യുവി എക്‌സ് സി 60 നടന്‍ മണിയന്‍പിള്ള രാജു സ്വന്തമാക്കി. കാര്‍ ഓഫ് ദ ഇയറായി തെരഞ്ഞടുക്കപ്പെട്ട കാറാണ് വോള്‍വോ എക്‌സ് സി 60. വിപ്ലാഷ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ സിസ്റ്റം, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് ബ്രേക്ക് സപ്പോര്‍ട്‌സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ പുതിയ എക്‌സ് സി 60 ലുണ്ട്.
സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്‌സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്‌സ് സി 60 ആണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയില്‍ മൂന്നു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുകളോടെയുമാണ് വോള്‍വോയിലുടെ വിപണിയിലെത്തുന്നത്. ഇന്ത്യന്‍ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. രണ്ടു ലീറ്റര്‍ എന്‍ജിന്‍ 190 ബിഎച്ച്പി 235 ബിഎച്ച്പി എന്നീ പവര്‍ ബാന്റുകളിലാണ് വില്‍പ്പനയിലെത്തുന്നത്. ഏകദേശം 52.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ബാങ്കിംഗ് മേഖലയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വര്‍ധന

ഗായത്രി-
കൊച്ചി: രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ വര്‍ധിക്കുമ്പോള്‍ പേപ്പര്‍ അധിഷ്ടിത ഇടപാടുകള്‍ വന്‍തോതില്‍ കുറയുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഡിജിറ്റല്‍ പേമെന്റുകളെക്കുറിച്ച് ആര്‍.ബി.ഐ വെളിപ്പെടുത്തിയ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ഇലക്ട്രോണിക് റീറ്റെയ്ല്‍ പേമെന്റ് സംവിധാനങ്ങളായ ഞഠഏട, ചഋഎഠ, കങജട, മൊബൈല്‍ ബാങ്കിംഗ്, കാര്‍ഡ് ഇടപാടുകള്‍ എന്നിവയിലൊക്കെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 201617 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം റീറ്റെയ്ല്‍ പേമെന്റുകളില്‍ 88.9 ശതമാനവും ഇലക്ട്രോണിക് പേമെന്റുകളായിരുന്നെങ്കില്‍ 201718ല്‍ അത് 92.6 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.
മൊത്തം റീറ്റെയ്ല്‍ പേമെന്റുകളില്‍ പേപ്പര്‍ അധിഷ്ഠിത ഇന്‍സ്ട്രുമെന്റുകളുടെ വിഹിതം 201617ല്‍ 11.1 ശതമാനമായിരുന്നെങ്കില്‍ 201718ല്‍ അത് 7.4 ശതമാനമായി കുറഞ്ഞു. ആര്‍.ടി.ജി.എസ് മുഖേന 107 മില്യണ്‍ ഇടപാടുകളിലായി 1253652 ബില്യണ്‍ രൂപയുടെ വിനിമയമാണ് 201617ല്‍ നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 124 മില്യണ്‍ ഇടപാടുകളിലൂടെ 1467431 ബില്യണ്‍ രൂപയുടെ വിനിമയമായി അത് ഉയര്‍ന്നു.
റീറ്റെയ്ല്‍ ഇലക്ട്രോണിക് ക്ലിയറന്‍സില്‍ കഴിഞ്ഞ വര്‍ഷം മാത്രം 2160 മില്യണ്‍ ഇടപാടുകളുടെ വര്‍ധന ഉണ്ടായതായി താഴെ കൊടുത്തിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇ.സി.എസ്, എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ്, യൂണിഫൈഡ്് പേമെന്റ് ഇന്റര്‍ഫേസ് എന്നിവ മുഖേനയുള്ള ഇടപാടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഓഹരിവിപണിയിലെ തകര്‍ച്ച തുടരുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ഓഹരിവിപണിയിലെ തകര്‍ച്ച തുടരുന്നു. ഒപ്പം രൂപയും ഇടിഞ്ഞു.ബാങ്കുകള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍ എന്നിവ്ക്കാണു വലിയ തകര്‍ച്ച. ഐടി ഒഴികെ എല്ലാ വിഭാഗങ്ങളും താഴോട്ടു പോയി. സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനം വീതം താണു. സെന്‍സെക്‌സ് 536.58 പോയിന്റ് താണ് 36,305.02ല്‍ ക്ലോസ് ചെയ്തു. ഫെബ്രുവരി ആറിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന താഴ്ചയാണിത്. നിഫ്റ്റി 168.2 പോയിന്റ് ഇടിഞ്ഞ് 10,974.9ല്‍ ക്ലോസ് ചെയ്തു.
പ്രധാന സൂചികകള്‍ ചെറിയ വീഴ്ചയേ കാണിച്ചുള്ളൂവെങ്കിലും ബഹുഭൂരിപക്ഷം ഓഹരികളുടെയും താഴ്ച അതിലേറെയായിരുന്നു. നിഫ്റ്റി ജൂണിയര്‍ 3.03 ശതമാനം, റിയല്‍റ്റി 5.1 ശതമാനം, മിഡ്ക്യാപ് 4 ശതമാനം, ബാങ്ക് 2.45 ശതമാനം എന്നിങ്ങനെ താണു.

വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

ഫിദ-
കണ്ണൂര്‍: ഔഷധ വ്യാപാര വിപണി ആഗോള ഭീകരന്മാര്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് (എ ഐ ഒ സി ഡി) ന്റെ നേതൃത്വത്തില്‍ 28ന് കടയടപ്പ് സമരം നടത്തും. അന്നേ ദിവസം മെഡിക്കല്‍ സ്‌റ്റോറുകളും മൊത്ത ഔഷധ വ്യാപാരികളും തുറന്നുപ്രവര്‍ത്തിക്കില്ല. ഉടമസ്ഥരും ജീവനക്കാരും കടകള്‍ക്ക് സമീപമെത്തി സമരത്തില്‍ പങ്കെടുക്കും. അവശ്യ സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് രോഗികളോ ബന്ധുക്കളോ സമീപിച്ചാല്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഔഷധ വ്യാപാരമേഖല ഓണ്‍ലൈന്‍ വ്യാപാരത്തിന് തുറന്നുകൊടുക്കുന്നത് ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് ദുരിതമാകും. വാള്‍മാര്‍ട്ട്, ഫല്‍പ്കാര്‍ട്ട് പോലുള്ള ആഗോള കമ്പനികള്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാര മേഖലയിലേക്ക് കടന്നുവരുന്നത് 8.5 ലക്ഷം വ്യാപാരികളെയും 50 ലക്ഷം തൊഴിലാളികളെയും അനാഥരാക്കുമെന്ന് എ കെ സി ഡി എ നേതാക്കള്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ഡോക്ടര്‍, രോഗി, കെമിസ്റ്റ് എന്നിങ്ങനെ പരസ്പര വിശ്വാസത്തിലൂന്നിയ പരമ്പരാഗത രോഗീ പരിപാലന രീതിക്ക് പുതിയ നിയമത്തോടെ കോട്ടം സംഭവിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡോക്ടര്‍ കുറിക്കുന്ന മരുന്നുകളെക്കുറിച്ചും കഴിക്കേണ്ട രീതികളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും രോഗികളെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ സേവനം ഓണ്‍ലൈന്‍ വ്യാപാര മേഖലയിലൂടെ ഇല്ലാതാകും. ഗുണനിലവാരം കുറഞ്ഞ മരുന്നുകളും വ്യാജമരുന്നുകളും വിപണിയിലെത്താനും ഓണ്‍ലൈന്‍ മരുന്ന് സംവിധാനം കാരണമാകുന്നതോടൊപ്പം സ്വയം ചികിത്സയ്ക്ക് വേദിയൊരുക്കുകയും ചെയ്യും.
ഇഫാര്‍മസി പോര്‍ട്ടലുകള്‍ നിര്‍മ്മാതാക്കളെ സ്വാധീനിച്ച് കൂടുതല്‍ ലാഭം ലഭിക്കുന്ന മരുന്നുകള്‍ വിപണി കീഴടക്കുമെന്ന് എ കെ ഡി സി എ ആരോപിക്കുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ലഹരി മരുന്നുകള്‍ വിപണിയിലെത്താനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമത്തോടെ ഔഷധ വിപണന കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സി സമ്പ്രദായം മാറി രജിസ്‌ട്രേഷന്‍ രീതിയിലേക്ക് മാറും. ഔഷധ വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനില്‍പ്പ് തന്നെ പുതിയ നിയമത്തോടെ അട്ടിമറിക്കപ്പെടുമെന്ന് എ കെ സി ഡി എ ആരോപിക്കുന്നു. ഇഫാര്‍മസി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ 25ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

ഗായത്രി-
തിരു: സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ ചലച്ചിത്ര അക്കാദമിക്ക് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ചെലവ് ചുരുക്കി മേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്നാണ് സൂചന. ചെലവ് ചുരുക്കി മേള നടത്താമെന്ന ചലച്ചിത്ര അക്കാദമിയുടെ നിര്‍ദേശത്തിന് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു.
മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഒഴിവാക്കും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശ ജൂറികളുടെ എണ്ണം കുറച്ചാവും ഇക്കുറി മേള. ചലച്ചിത്ര മേളക്കുള്ള മുഴുവന്‍ പണവും അക്കാദമി കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കുള്‍ കലോല്‍സവം, ചലച്ചിത്ര മേള തുടങ്ങി സര്‍ക്കാറിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി ഉത്തരവിറങ്ങിയിരുന്നു. പിന്നീട് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആഡംബരം ഒഴിവാക്കി നടത്താന്‍ ധാരണയായിരുന്നു.

മരക്കാറില്‍ ലാലിന് മഞ്ജു നായിക

ഗായത്രി-
മഞ്ജു വാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നത്. ക്രിസ്മസ് റിലീസായ ഒടിയനിലും ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിലും മഞ്ജുവാര്യര്‍ തന്നെയാണ് മോഹന്‍ലാലിന്റെ നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇരു ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.
ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മരക്കാറിന്റെ സഹനിര്‍മ്മാതാക്കള്‍ സന്തോഷ് ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബജറ്റിലൊരുങ്ങുന്ന മരക്കാറില്‍ മഞ്ജുവാര്യര്‍ക്കൊപ്പം കീര്‍ത്തി സുരേഷും നായികാനിരയിലുണ്ട്. തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനാണ് മറ്റൊരു പ്രധാന താരം. പ്രണവ് മോഹന്‍ലാലിന്റെ സാന്നിദ്ധ്യമാണ് മരക്കാറിന്റെ മറ്റൊരു ആകര്‍ഷണ ഘടകം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ പ്രണവിന്റെ നായികയാകുന്നത്. ആകെ നാല് നായികമാരുണ്ട്. ഒരു നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

രാംനാഥ് ചാവ്‌ല-
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്ന് രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു.

എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെക്

അളക ഖാനം-
ദോഹ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യം പെട്രോളിയം കയറ്റുമതി രാജ്യസംഘടന(ഒപെക്) തള്ളി. ജൂണില്‍ തീരുമാനിച്ച ഉത്പാദന നിയന്ത്രണം പൂര്‍ണമായും പാലിക്കാന്‍ അല്‍ജീരിയയില്‍ ഒപെകും സംഘടനയില്‍ ഇല്ലാത്ത റഷ്യയും ചേര്‍ന്നുള്ള യോഗം തീരുമാനിച്ചു.
ഈമാസം ബ്രെന്റ്് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളര്‍ കടന്നിരുന്നു. ഇതോടെ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യമായി ട്രംപ് രംഗത്തെത്തിയത്.
ഓഗസ്റ്റില്‍ ഓയില്‍ ഉത്പാദനം പ്രതിദിനം ആറു ലക്ഷം ബാരല്‍ കുറക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഇതു ലക്ഷ്യമിട്ടതിനേക്കാള്‍ 27% അധികമായതിനാല്‍ നിയന്ത്രണ കരാര്‍ പാലിച്ചു തന്നെ ഉത്പാദനം വര്‍ധിപ്പിക്കാനും ഒപെക് രാജ്യങ്ങള്‍ക്കു കഴിയും. എണ്ണ വില ബാരലിന് 80 ഡോളര്‍ കടന്നെങ്കിലും പിന്നീട് 78.80 ഡോളറിലേക്കു താഴ്ന്നിരുന്നു.
നവംബര്‍ 11ന് അബുദാബിയില്‍ ഒപെക് രാജ്യങ്ങളും ഒപെകും സംഘടനയില്‍ ഇല്ലാത്ത റഷ്യയും ചേര്‍ന്നു പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും. കുറേനാളായി റഷ്യ ഒപെകുമായി സഹകരിച്ചാണു നീങ്ങുന്നത്.

പോര്‍ഷെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

അളക ഖാനം-
ന്യൂയോര്‍ക്ക്: ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു. പെട്രോള്‍, ഇലക്ട്രിക്, ഹൈബ്രിഡ് എന്‍ജിനുകളുള്ള വാഹനങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. മലിനീകരണ നിയന്ത്രണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഒലിവര്‍ ബ്ലൂം പറഞ്ഞു.
2015ല്‍ മലിനീകരണ നിയന്ത്രണ പരിശോധനയില്‍ കൃത്രിമം കാട്ടാനുള്ള സംവിധാനങ്ങള്‍ ഫോക്‌സ്‌വാഗന്‍ ശേഷിയേറിയ ഡീസല്‍ എന്‍ജിനുകളിലും ഉപയോഗിച്ചെന്ന് ഇപിഎ കണ്ടെത്തിയതിന് ശേഷമാണ് പോര്‍ഷെയുടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ട് ചില ജര്‍മന്‍ നഗരങ്ങളിലും ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
സ്‌പോര്‍ട്ടി െ്രെഡവിംഗിന് പെട്രോള്‍ എന്‍ജിനാണ് കൂടുതല്‍ അനുയോജ്യമെന്ന് ബ്ലൂം പറഞ്ഞു. എന്നാല്‍ ഡീസലിനെ രണ്ടാമതൊരു സാധ്യതയായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ ഡീസല്‍ പ്രധാനപ്പെട്ട പ്രോപല്‍ഷന്‍ സാങ്കേതിക വിദ്യയായി നിലനില്‍ക്കും. നിലവിലെ ഡീസല്‍ കാര്‍ ഉപയോക്താക്കള്‍ക്കുള്ള സേവനം തുടരുമെന്നും ബ്ലൂം വ്യക്തമാക്കി.