Month: September 2018

മൂന്നു വര്‍ഷമായി പ്രണയത്തിലാണ്… പക്ഷെ..?

ഗായത്രി-
കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ തനിക്കാവില്ലെന്ന് അവതാരക രഞ്ജിനി. അങ്ങനെ ചെയ്യുന്നവരെ കുറിച്ച് എതിരഭിപ്രായവുമില്ല. അവരുടെ ഇഷ്ടം. ഞാന്‍ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന വ്യക്തിയാണ്. എനിക്ക് ഇമോഷനുകളൊക്കെ എക്‌സ്ട്രീം ലെവലില്‍ ആണ്. ബന്ധങ്ങളില്‍ സത്യസന്ധയാവണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ഉള്ള ബന്ധങ്ങളൊക്കെ നന്നായി സൂക്ഷിക്കും. എനിക്കൊരു പ്രണയമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രണയം പ്രണയം മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കാന്‍ എനിക്ക് കഴിയില്ല. അഥവാ വിവാഹം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതുവരെ വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
തന്നെ സംബന്ധിച്ചിടത്തോളം പ്രണയം വളരെ സ്വാഭാവികമാണെന്നും എന്നാല്‍ വിവാഹം അസ്വാഭാവികമായ ഒന്നാണെന്നും രഞ്ജിനി പറയുന്നു. നാം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനെ ബോധ്യപ്പെടുത്താനുമൊക്കെ വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യം ആണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല. ചിലര്‍ക്ക് തോന്നുണ്ടാവാം. അവര്‍ വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയിക്കുന്നുണ്ടാവാം. വിവാഹം ഒരു ഉടമ്പടിയാണ്. അതിലൊക്കെ ഒപ്പുവെച്ച് കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് അത് വേണ്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യും. അത് ബ്രേക്ക് ചെയ്യേണ്ടേ എന്നും രഞ്ജിനി ചോദിക്കുന്നു.

ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു

അളക ഖാനം-
ലണ്ടന്‍: 2018ലെ മാന്‍ ബുക്കര്‍ സമ്മാനത്തിന് പരിഗണിക്കുന്ന ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. വനിതാ എഴുത്തുകാര്‍ ചുരുക്കപ്പട്ടികയില്‍ കൂടുതല്‍ പ്രാമുഖ്യം നേടി. അന്തിമപട്ടികയില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ നാലു നോവലുകളും വനിതാ എഴുത്തുകാര്‍ രചിച്ചതാണ്.
‘എവരിതിംഗ് അണ്ടര്‍’ എന്ന നോവലുമായി ഡെയ്‌സി ജോണ്‍സണ്‍ (27) ആണ് പട്ടികയില്‍ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി. അന്ന ബേണ്‍സ് (മില്‍ക്മാന്‍), റോബിന്‍ റോബര്‍ട്്‌സന്‍ (ദ് ലോംഗ് ടേക്ക്), റേച്ചല്‍ കഷ്‌നര്‍ (ദ് മാര്‍സ് റൂം), റിച്ചര്‍ഡ് പവേഴ്‌സ് (ദി ഓവര്‍സ്‌റ്റോറി), എസി എഡുജ്യന്‍ (വാഷിംഗ്ടണ്‍ ബ്ലാക്) എന്നിവയാണ് ചുരക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് എഴുത്തുകാര്‍
ഒക്ടോബര്‍ 16ന് മാന്‍ ബുക്കര്‍ െ്രെപസ് 2018 വിജയിയെ പ്രഖ്യാപിക്കും. 50, 000 പൗണ്ടാണ് അവാര്‍ഡ് തുക. 1969 ലാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്.

പൈനാപ്പിളിന് ഇരട്ടിയോളം വില ഉയര്‍ന്നു

ഗായത്രി-
കൊച്ചി: പ്രളയാനന്തരം പൈനാപ്പിളിന് ഇരട്ടിയോളം വില ഉയര്‍ന്നു. കഴിഞ്ഞ മാസം ഒടുവില്‍ പൈനാപ്പിള്‍ പച്ചക്കും പഴത്തതിനും കിലോഗ്രാം വില പതിനാറു രൂപയായിരുന്നതാണ് ഇന്നലെ 29നും 33 നും വ്യാപാരം നടന്നത്.
പഴത്തിന് ഇനിയും വില ഉയരാനുളള സാധ്യതയാണുളളത്. പ്രളയജലം കെട്ടിനിന്നും ചെളിയടിഞ്ഞും അതി വൃഷ്ടി മൂലവും പൈനാപ്പിളിന്റെ വിപണിയിലേക്കുള്ള വരവ് കുറഞ്ഞതായാണ് കാണുന്നത്. പാകമായി നിന്നതും അടുത്ത മാസങ്ങളില്‍ വിളവെടുപ്പിന് ഒരുങ്ങിയതുമായ പൈനാപ്പിള്‍ തോട്ടങ്ങളില്‍ ഏകദേശം ഇരുപതു മുതല്‍ മുപ്പത്തഞ്ചു ശതമാനം വരെ നാശനഷ്ടങ്ങളുണ്ടായതായും കണക്കാക്കുന്നു.
അതിനാല്‍ത്തന്നെ പഴത്തിനു വില ഉയര്‍ന്നേക്കാം. വെളളം കെട്ടിനിന്നു പൈനാപ്പിള്‍ ചെടി നശിച്ച തോട്ടങ്ങളിലെ പൈനാപ്പിളിന്റെ ഉത്പാദനവും സമീപ നാളുകളില്‍ ഗണ്യമായി കുറയും. എന്നാല്‍, ദിനംപ്രതിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന ചരക്കുനീക്കത്തിനു വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ലോറി വാടക ക്രമാതീതമായി ഉയരുന്നതായും വ്യാപാരികള്‍ പറയുന്നു. ചരക്കു കയറ്റുമ്പോഴുളള ഡീസല്‍ വിലയേക്കാളും ഉയര്‍ന്ന നിരക്കിലാണ് മടക്കയാത്രക്കു ലോറിയില്‍ ഇന്ധനം നിറ്ക്കുന്നത്. ഇതര മേഖലയിലെന്ന പോലെ പൈനാപ്പിള്‍ വിപണിയെയും ഇന്ധനവില വര്‍ധന പ്രതികൂലമായി ബാധിക്കുകയാണ്.

സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

അളക ഖാനം-
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി വിവിധ കമ്പനികള്‍ രംഗത്ത്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ദേശീയ ദിനം പ്രമാണിച്ച് സെപ്തംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കും. ഇതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ലൈസന്‍സ് അനുവദിക്കുന്നുണ്ട് സൗദിയിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന മുഴുവന്‍ ഓഫറുകളും അറിയാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം, കബളിപ്പിക്കുന്ന തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ. വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്.

മരക്കാറില്‍ മോഹന്‍ലാലിനൊപ്പം കീര്‍ത്തി സുരേഷും

ഫിദ-
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് അഭിനയിച്ചേക്കും. കീര്‍ത്തിയുടെ ഡേറ്റ് ലഭ്യമാകുന്നതിന് അനുസരിച്ച് ഈ ആഴ്ച തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ റിംഗ് മാസ്റ്ററാണ് കീര്‍ത്തി നായികയായ മറ്റൊരു മലയാള ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ച കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ്.
അതേസമയം തമിഴ് താരം അര്‍ജുനും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മമ്മൂട്ടിക്കൊപ്പം ദ്വിഭാഷ ചിത്രമായ വന്ദേമാതരത്തില്‍ അഭിനയിച്ചിട്ടുള്ള അര്‍ജുന്‍ ആദ്യമായാണ് മോഹന്‍ലാലിനൊപ്പമെത്തുന്നത്. നൂറു കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 15ന് ഹൈദരാബാദില്‍ തുടങ്ങും. സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റുകള്‍ ഒരുക്കുന്ന ജോലികള്‍ ഹൈദരാബാദില്‍ തുടങ്ങിക്കഴിഞ്ഞു.
രാമേശ്വരം, വാഗമണ്‍ എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ വേഷത്തിലെത്തുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കും. മധു, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മലയാളത്തില്‍ നിന്നുള്ള പ്രധാന താരങ്ങള്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മറ്റ് താരങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആശീര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

 

ചരക്കുലോറി വാടക വര്‍ധിപ്പിച്ചു

ഫിദ-
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വര്‍ധിക്കുന്നതിന് കാരണമാകും വിധത്തില്‍ ചരക്കുലോറി വാടക നിരക്ക് ഉയര്‍ത്തി. ഇന്ധനവില വര്‍ധനവിന്റെ പേരില്‍ എട്ട് മുതല്‍ 10 ശതമാനം വരെയായാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഡീസല്‍ വില വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ ലോറി ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. സര്‍വിസുകള്‍ മുടക്കിയുള്ള പ്രതിഷേധങ്ങളുണ്ടായെങ്കിലും 2017ല്‍ നിരക്ക് വര്‍ധിപ്പിച്ച് നല്‍കിയതിനാല്‍ വര്‍ധന ആവശ്യം തള്ളുകയായിരുന്നു. പ്രതിഷേധങ്ങള്‍ അവഗണിച്ചതോടെ സമരം അവസാനിപ്പിച്ചു. ഇതിനിടയിലാണ് ഇപ്പോള്‍ രഹസ്യമായി വാടകനിരക്ക് വര്‍ധിപ്പിച്ചത്.
വ്യാപകമായി വാടകവര്‍ധന വരുത്തിയിട്ടില്ലെന്നും സ്ഥിരം ചരക്ക് കടത്തുന്ന ഏജന്‍സികളും കമ്പനികളുമായുള്ള പരസ്പര ധാരണയില്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ വാടക നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. ലോറി വാടക ക്രമീകരിക്കാന്‍ കേന്ദ്രീകൃത സംവിധാനം സംസ്ഥാനത്ത് നിലവിലില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വാളയാര്‍ ചെക്ക് പോസ്റ്റ് വഴി മാത്രം ശരാശരി 1200 ലോറികള്‍ പ്രതിദിനം എത്തുന്നുണ്ടെന്നാണ് കണക്ക്. പച്ചക്കറിയും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളും വ്യാവസായിക ഉല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ള ചരക്കുനീക്കത്തെ വാടകനിരക്ക് വര്‍ധന സാരമായി ബാധിക്കും.

സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

ഗായത്രി-
കോഴിക്കോട്: ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.
ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

കാവ്യയുടെ നിറവയര്‍ പുഞ്ചിരി വൈറലാവുന്നു

ഗായത്രി-
നിറവയറില്‍ പുഞ്ചിരി തൂകിയ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പുറത്ത്. സോഷ്യല്‍മീഡിയയിലൂടെയാണ് നിറവയറില്‍ പൂഞ്ചിരി തൂകി നില്‍ക്കുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തിയിരിക്കുകയാണ് കാവ്യ. അടുത്തിടെ് മാത്രമാണ് കാവ്യ ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്ത കാവ്യയുടെ പിതാവിലൂടെ ഔദ്യോഗികമായി പുറത്തുവന്നത്.
അതേസമയം മീനാക്ഷി കൂട്ടായി പുതിയൊരാള്‍ കുടുംബത്തിലേക്ക് എത്തുന്നതിന്റെ സന്തോഷം ഇതുവരെ ദിലീപ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുതിയ കണ്‍മണിയെ വരവേല്‍ക്കാന്‍ കുടുംബമൊന്നാകെ ആഘോഷത്തിലാണ്.

ഓണം ബംബര്‍ തൃശൂരില്‍

ഗായത്രി-
തിരു: കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ്. TB128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക. തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്കാണ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്.

Ist prize(10cr)- TB 128092

2nd prize- TA 333827, TB 146531,
TC 218233, TD 352024, TE 464959,
TG 435075, TH 216590, TJ 288047,
TK 159622, TM 121728

3rd prize- TA 348567, TB 210582,
TC 146933, TD 192280, TE 255975,
TG 436202, TH 150463 TJ 343045,
TK 154100, TM 413457, TA 435493,
TB 219564, TC 193476, TD 534815,
TE 395683 ,TG378956, TH 432152,
TJ 464446, TK 236094, TM 149160

പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്

ഫിദ-
തിരു: സംസ്ഥാനത്തു നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗള്‍ഫ് നാടുകളിലെ ജോലിക്കുള്ള ശമ്പളത്തില്‍ വന്ന ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രവസികളുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 2013ലെ പ്രവാസികളുടെ എണ്ണത്തിന്റെ പത്തിലൊന്ന് കുറവാണ് ഇതെന്നാണ് കണക്ക്.
1198ലാണ് സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വെ ആദ്യമായി സംഘടിപ്പിച്ചത്. എട്ടാമത്തെ സര്‍വവേയാണ് ഈ വര്‍ഷം പൂര്‍ത്തീകരിച്ചത്.