പൈനാപ്പിളിന് ഇരട്ടിയോളം വില ഉയര്‍ന്നു

പൈനാപ്പിളിന് ഇരട്ടിയോളം വില ഉയര്‍ന്നു

ഗായത്രി-
കൊച്ചി: പ്രളയാനന്തരം പൈനാപ്പിളിന് ഇരട്ടിയോളം വില ഉയര്‍ന്നു. കഴിഞ്ഞ മാസം ഒടുവില്‍ പൈനാപ്പിള്‍ പച്ചക്കും പഴത്തതിനും കിലോഗ്രാം വില പതിനാറു രൂപയായിരുന്നതാണ് ഇന്നലെ 29നും 33 നും വ്യാപാരം നടന്നത്.
പഴത്തിന് ഇനിയും വില ഉയരാനുളള സാധ്യതയാണുളളത്. പ്രളയജലം കെട്ടിനിന്നും ചെളിയടിഞ്ഞും അതി വൃഷ്ടി മൂലവും പൈനാപ്പിളിന്റെ വിപണിയിലേക്കുള്ള വരവ് കുറഞ്ഞതായാണ് കാണുന്നത്. പാകമായി നിന്നതും അടുത്ത മാസങ്ങളില്‍ വിളവെടുപ്പിന് ഒരുങ്ങിയതുമായ പൈനാപ്പിള്‍ തോട്ടങ്ങളില്‍ ഏകദേശം ഇരുപതു മുതല്‍ മുപ്പത്തഞ്ചു ശതമാനം വരെ നാശനഷ്ടങ്ങളുണ്ടായതായും കണക്കാക്കുന്നു.
അതിനാല്‍ത്തന്നെ പഴത്തിനു വില ഉയര്‍ന്നേക്കാം. വെളളം കെട്ടിനിന്നു പൈനാപ്പിള്‍ ചെടി നശിച്ച തോട്ടങ്ങളിലെ പൈനാപ്പിളിന്റെ ഉത്പാദനവും സമീപ നാളുകളില്‍ ഗണ്യമായി കുറയും. എന്നാല്‍, ദിനംപ്രതിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന ചരക്കുനീക്കത്തിനു വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ലോറി വാടക ക്രമാതീതമായി ഉയരുന്നതായും വ്യാപാരികള്‍ പറയുന്നു. ചരക്കു കയറ്റുമ്പോഴുളള ഡീസല്‍ വിലയേക്കാളും ഉയര്‍ന്ന നിരക്കിലാണ് മടക്കയാത്രക്കു ലോറിയില്‍ ഇന്ധനം നിറ്ക്കുന്നത്. ഇതര മേഖലയിലെന്ന പോലെ പൈനാപ്പിള്‍ വിപണിയെയും ഇന്ധനവില വര്‍ധന പ്രതികൂലമായി ബാധിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close