Month: September 2018

മലബാര്‍ സിമന്റ്‌സിന്റെ എം.ഡിയെ മാറ്റി

ഫിദ-
കൊച്ചി: സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ മലബാര്‍ സിമന്റ്‌സിന്റെ എം.ഡിയെ മാറ്റി. ലക്ഷ്യമിട്ട വികസന പദ്ധതികള്‍ പലതും നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എം.ഡി വി.ബി. രാമചന്ദ്രന്‍നായരെ ചുമതലയില്‍നിന്ന് ഒഴിവാക്കിയത്.
വിജിലന്‍സ് കേസില്‍ പ്രതിയായ എം.ഡിയെ കോടതി ഇടപെടല്‍ ഉണ്ടായപ്പോള്‍ മാത്രം മാറ്റാന്‍ തയാറായ സ്ഥാനത്താണ് പരാതികളൊന്നും ഇല്ലാത്ത എം.ഡിയുടെ പെട്ടെന്നുള്ള സ്ഥാനചലനം. രാമചന്ദ്രന്‍നായര്‍ മലബാര്‍ സിമന്റ്‌സിന് പുറമെ ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ സി.എം.ഡി കൂടിയാണ്. മലബാര്‍ സിമന്റ്‌സിന് പുതിയ എം.ഡിയെ തീരുമാനിച്ചിട്ടില്ല.
ജനറല്‍ മാനേജര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. വൈറ്റ് സിമന്റ് നിര്‍മിക്കുന്ന ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ നിന്ന് ഗ്രേ സിമന്റ് നിര്‍മിക്കാനുള്ള പദ്ധതിയും കൊച്ചിന്‍ പോര്‍ട്ടില്‍ െ്രെഗന്റിംഗ് യൂനിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നതിനിടെ ഉണ്ടായ മാറ്റം രണ്ട് പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ടി.ടി കുത്തിവെപ്പ് മരുന്നിന് വന്‍ ക്ഷാമം

ഫിദ-
കൊച്ചി: പ്രളയാനന്തരം രോഗാതുരമായ സംസ്ഥാനത്ത് ടെറ്റനസ് ടോക്‌സോയിഡ് (ടി.ടി) കുത്തിവെപ്പ് മരുന്നിന് വന്‍ക്ഷാമം. എലിപ്പനി അടക്കം പിടിമുറുക്കവേ പ്രളയബാധിതര്‍ക്കും ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും മരുന്നുകിട്ടുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ അടക്കം മരുന്ന് ഇല്ലാത്തതിനാല്‍ കുത്തിവെപ്പിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയാണ്. മെഡിക്കല്‍ഷോപ്പുകളിലും സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ 15ന് ശേഷം വിതരണം സാധാരണഗതിയിലായിട്ടില്ല.
ശസ്ത്രക്രിയകള്‍ക്കും പ്രതിരോധത്തിനും അടക്കം ഉപയോഗിക്കുന്ന ടി.ടി കുത്തിവെപ്പ് മരുന്ന് വിപണിയില്‍ നേരത്തെ തന്നെ കുറവായിരുന്നു. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റിയുടെ വിലനിയന്ത്രണം മൂലം കമ്പനികള്‍ ഉല്‍പാദനത്തില്‍ നിന്ന് പിന്നാക്കംപോയതാണ് ക്ഷാമകാരണം. ഒന്നരവര്‍ഷമായി ലഭ്യതക്കുറവുണ്ട്. പ്രളയശേഷം ആവശ്യം കൂടിയതോടെയാണ് ക്ഷാമം ഉണ്ടായത്. നേരത്തെ അര മില്ലിലിറ്റര്‍ മരുന്നിന് 11.8 രൂപയായിരുന്നു വില. അതോറിറ്റി ഉല്‍പാദനചെലവ് പരിശോധിച്ച് 5.7രൂപയാക്കി. ഈ തുകക്ക് മരുന്ന് വില്‍ക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പൂണെ, ബയോളജിക്കല്‍ ഈവന്‍സ് ഹൈദരാബാദ് എന്നീ കമ്പനികളാണ് മരുന്ന് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിറ്റിയെ നോക്കുകുത്തിയാക്കി കമ്പനികള്‍ മരുന്ന് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. വിലനിയന്ത്രണം കര്‍ശനമായി പാലിക്കുന്ന കേരളത്തില്‍ ഒഴികെ ഇതര സംസ്ഥാനങ്ങളില്‍ പഴയ വിലയ്ക്ക് വില്‍ക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കമ്പനികള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനാല്‍ സ്വകാര്യമേഖലയിലെ പ്രശ്‌നങ്ങള്‍ അധികൃതര്‍ അറിയുന്നുമില്ല.
വിലനിയന്ത്രണത്തിന്റെ പേരില്‍ അവശ്യമരുന്നു വിതരണത്തില്‍ നിന്നും കമ്പനികള്‍ പിന്‍മാറിയിട്ടും ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. കേരളത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്.

 

മിഖായേലില്‍ മഞ്ജിമ മോഹന്‍ നായിക

ഗായത്രി-
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മിഖായേലില്‍ മഞ്ജിമ മോഹന്‍ നായികയാകുന്നു. ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും മലയാളത്തിലഭിനയിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ അച്ചം എണ്‍പത് മടമെയെടാ എന്ന ചിത്രത്തിലൂടെ മഞ്ജിമ തമിഴിലും നായികയായി അരങ്ങേറിയിരുന്നു. ശാന്തികൃഷ്ണ, അശോകന്‍ തുടങ്ങിയവരും മിഖായേലില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന മിഖായേലിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എറണാകുളത്ത് തുടങ്ങി. കോഴിക്കോടാണ് മറ്റൊരു ലൊക്കേഷന്‍.

സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം

അളക ഖാനം-
റിയാദ്: സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സൗദി ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണം. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാഖകളിലേക്കും ബന്ധപ്പെട്ട മറ്റ് കാര്യാലയങ്ങളിലേക്കും ബോട്ടുടമകള്‍ക്കും ഇത് സംബന്ധിച്ച വിജ്ഞാപനം അയച്ചു. മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടിലെ ജീവനക്കാരില്‍ ഒരാള്‍ സ്വദേശി പൗരനായിരിക്കണം എന്നതാണ് കര്‍ശന നിബന്ധന. ദേശീയ പരിവര്‍ത്തന പദ്ധതി ‘വിഷന്‍ 2030’ന്റെ ഭാഗമായി സൗദി യുവാക്കള്‍ക്ക് മത്സ്യബന്ധന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മീന്‍പിടിത്ത തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശി യുവാക്കളെ ജോലിക്കെടുക്കാന്‍ ബോട്ട് ഉടമകളോട് വിജ്ഞാപനം ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി ജീവനക്കാരനില്ലാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ വിലക്ക് വരും. ലൈസന്‍സ് റദ്ദ് ചെയ്യും. പുതിയ ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഈ നിയമം നടപ്പാക്കുന്നതിലൂടെ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും സ്വദേശിവത്കരണ പ്രക്രിയ പൂര്‍ണത കൈവരിക്കാന്‍ സഹായിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വിലയിരുത്തുന്നു. മത്സ്യബന്ധന മേഖലയില്‍ മലയാളികളുള്‍പ്പെടെ ധാരാളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടുകാരാണ് ഇവരില്‍ കൂടുതലും.

 

ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയും കൂടി

ഫിദ-
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില 82.50 രൂപയും ഡീസല്‍ വില 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് വില കൂടാന്‍ കാരണമായത്.
കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 82ഉം ഡീസലിന് 75.78 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 81.19 രൂപ, ഡീസലിന് 75 രൂപയുമായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 82.28 രൂപ, ഡീസലിന് 76.06 രൂപയായി.
അതേസമയം കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനങ്ങള്‍ വാറ്റും കുറച്ചാല്‍ വില നേരിയതോതിലെങ്കിലും കുറക്കാനാകും. അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തല്‍.
അസംസ്‌കൃത എണ്ണയുടെ വില അഞ്ചുവര്‍ഷം മുമ്പുള്ളതിനെക്കാള്‍ 30 ശതമാനം കുറഞ്ഞുനില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നു. നിലവില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 5,388 രൂപ നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്. 2014 ഒക്ടോബറിലും ഏതാണ്ട് ഇതേ വിലതന്നെയായിരുന്നു. എന്നാല്‍, പെട്രോളിന് അന്നത്തേതിനെക്കാള്‍ പത്തുരൂപയോളം ഇപ്പോള്‍ കൂടി. അന്ന് ലിറ്ററിന് കൊച്ചിയില്‍ 70.76 രൂപയായിരുന്നുെേ പട്രാള്‍ വില. ഞായറാഴ്ച 80.79 രൂപയും.
അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയരത്തിലെത്തിയ 2013’14 കാലത്തെക്കാള്‍ വീപ്പയ്ക്ക് 2000 രൂപയോളം കുറവാണിപ്പോള്‍. എന്നിട്ടും അന്നത്തെ അപേക്ഷിച്ച്‌െേ പട്രാള്‍വില ലിറ്ററിന് രണ്ടരരൂപയോളം കൂടുകയാണുണ്ടായത്.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ വരുമാനം, ലാഭം എന്നിവയില്‍ വര്‍ഷാവര്‍ഷം വന്‍കുതിച്ചുചാട്ടമാണ്. രാജ്യത്തെ വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നാലുവര്‍ഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. നാലു വര്‍ഷത്തിനിടെ ലാഭത്തില്‍ ഒരിക്കല്‍പോലും ഇടിവുണ്ടായിട്ടില്ല.

പ്രളയം; നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂടും

ഫിദ-
കൊച്ചി: പ്രളയാനന്തരം പുനര്‍നിര്‍മാണത്തിനൊരുങ്ങുന്ന കേരളത്തിന് നിര്‍മാണസാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയാകും. ക്വാറികളുടെ പ്രവര്‍ത്തനത്തിലുള്ള അനിശ്ചിതത്വവും അവസരം മുതലാക്കാനുള്ള സിമന്റ് കമ്പനികളുടെ ആസൂത്രിത നീക്കവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും നിര്‍മാണസാമഗ്രികള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങി.
നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷര്‍ ഉല്‍പന്ന ദൗര്‍ലഭ്യവും മൂലം ഒരുവര്‍ഷത്തിലധികമായി നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സിമന്റും കമ്പിയും ഉള്‍പ്പെടെയുള്ളവക്ക് 25 മുതല്‍ 80 ശതമാനം വരെയാണ് വില വര്‍ധിച്ചത്. കേരളത്തില്‍ നിര്‍മാണസാമഗ്രികള്‍ക്ക് ആവശ്യം വര്‍ധിക്കുകയാണെന്നും വില ഉയരുമെന്നും തമിഴ്‌നാട്ടിലെ പ്രമുഖ കമ്പനികള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ പാക്കറ്റിന് 380 മുതല്‍ 420 രൂപ വരെയാണ് കേരളത്തില്‍ സിമന്റ് വില. അതേസമയം, തമിഴ്‌നാട്ടില്‍നിന്നുള്ള സിമന്റ് കര്‍ണാടകയില്‍ 320 രൂപക്കാണ് വില്‍ക്കുന്നത്. ഉല്‍പാദനം കുറച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിന് കളമൊരുക്കുകയുമാണ് തമിഴ്‌നാട്ടിലെ കമ്പനികളുടെ ലക്ഷ്യം. കേരളത്തിനാവശ്യമായ സിമന്റിന്റെ 20 ശതമാനവും സര്‍ക്കാറിന്റെ വന്‍കിട പദ്ധതികള്‍ക്കാണെന്നിരിക്കെ അവസരം പരമാവധി മുതലാക്കാനാണ് ശ്രമം.
പാരിസ്ഥിതികാനുമതിയുടെ പേരില്‍ ഒരുവര്‍ഷത്തോളമായി സംസ്ഥാനത്തെ 2500ഓളം ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ആവശ്യമായ ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ 30 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുള്ളൂ.
പ്രളയബാധിത പ്രദേശങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളില്‍ എം.സാന്‍ഡ്, മെറ്റല്‍ എന്നിവക്ക് ഒരടിക്ക് രണ്ട് രൂപ വരെ കൂടി. ഒരു ലോഡ് കല്ലിന് 3500 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നു. എട്ട് എം.എം. കമ്പിക്ക് ഗുണനിലവാരത്തിനനുസരിച്ച് കിലോക്ക് 50 മുതല്‍ 63 വരെയാണ് വില.

കാളിദാസിന് ഐശ്വര്യലക്ഷ്മി നായിക

ഗായത്രി-
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. ഐശ്വര്യ ലക്ഷ്മിയാണ് കാളിദാസിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. കടുത്ത അര്‍ജന്റീന ഫാന്‍സിന്റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.
അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ്. രണധീവേയാണ് ഛായാഗ്രഹണം. നിലവില്‍ കോട്ടയം കുഞ്ഞച്ചന്‍ 2, ആട് 3 എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് മിഥുന്‍. ആട് 2 പോലെ ഒരു വന്‍ വിജയം തന്നെയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രവും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

യു.എ.ഇയില്‍ സ്വര്‍ണവില ഇടിഞ്ഞു; ജ്വല്ലറികളില്‍ വന്‍ തിരക്ക്

അളക ഖാനം-
അബുദാബി: യു.എ.ഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലറികളില്‍ വന്‍ തിരക്ക്. 22 ക്യാരറ്റ് ഗ്രാമിന് 136 ദിര്‍ഹം 75 ഫില്‍സാണ് ഇന്നലത്തെ നിരക്ക്. രണ്ടാഴ്ച മുമ്പ് 133 ദിര്‍ഹം 50 ഫില്‍സ് വരെ താഴ്ന്നിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തയത്. 2014ലാണു സ്വര്‍ണവില റെക്കാഡിലേക്ക് ഉയര്‍ന്നത്. അന്ന് 22 ക്യാരറ്റ് ഗ്രാമിന് 206 ദിര്‍ഹം വരെ ഉയര്‍ന്നു. നാലുവര്‍ഷത്തിനിടെയുണ്ടായ ചാഞ്ചാട്ടത്തില്‍ 69.25 ദിര്‍ഹത്തിന്റെ കുറവാണുണ്ടായത്.
അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോളത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളര്‍ കരുത്ത് പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുകരുകയാണ്. ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയമൂല്യമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണത തുടരാന്‍ തന്നെയാകും സാധ്യത.

ഹണ്ടറില്‍ നാഗസന്യാസിയായി സെയ്ഫ് അലിഖാന്‍

രാംനാഥ് ചാവ്‌ല-
വ്യത്യസ്തമായ വേഷവുമായി കാണികളെ കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഹണ്ടര്‍ എന്ന പുതിയ ചിത്രത്തില്‍ നാഗസന്യാസിയുടെ വേഷമാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. സേക്രട്ട് ഗെയിംസ് എന്ന വെബ് സീരീസിലെ പോലീസ് ഓഫീസറുടെ വേഷത്തിലൂടെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സെയ്ഫിന്റെ പുതിയ പരീക്ഷണം. നവദീപ് സിംഗ് സംവിധാനം ചെയ്യുന്ന ഹണ്ടര്‍ ഒരു നാഗസന്യാസിയുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. എന്‍.എച്ച് 10 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നവദീപ് സിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനില്‍ പൂര്‍ത്തിയായിരുന്നു.