Month: September 2018

കേരള ബ്രാന്റിലൊരു ലാപ്‌ടോപ്പ് ആറു മാസത്തിനകം

ഗായത്രി-
കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ കേരള ബ്രാന്റിലൊരു ലാപ്‌ടോപ്പ് ആറു മാസത്തിനകം ഇറങ്ങും. ലാപ്‌ടോപ്പും സെര്‍വറും കേരളത്തില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങി. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വേര്‍ നിര്‍മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്പനി രൂപവത്കരണത്തിന് അനുമതി നല്‍കി.

 

പ്രളയം തകര്‍ത്ത വ്യാപാരികളെ പുനരുദ്ധരിക്കണം: മന്ത്രി ജയരാജന്‍

ഫിദ-
തിരു: പ്രളയംകൊണ്ടു ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുദ്ധരിക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വ്യവസായ സംഘടനാ പ്രതിനിധികളുടെയും ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളും വ്യവസായികളും വന്‍ പ്രതിസന്ധിയിലാണ്. ഇവരുടെ ജീവിത പുനഃസ്ഥാപനത്തിനും വ്യവസായത്തിലേക്കുള്ള തിരിച്ചുവരവിനും ചേംബര്‍ ഓഫ് കോമേഴ്‌സിന്റെയും വ്യവസായ സംഘടനകളുടെയും സഹകരണം കൂടിയേ തീരൂ. ഇതിനായി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യണമെന്ന് മന്ത്രി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു.
വ്യവസായ വായ്പകളിന്മേലുള്ള മോറട്ടോറിയം പ്രളയ പ്രദേശങ്ങളിലുള്ളവര്‍ക്കു മാത്രം ബാധകമാക്കിയാല്‍ പോരെന്നും സംസ്ഥാനത്താകെയുള്ള സംരംഭകര്‍ക്കും ഈ ആനുകൂല്യം അനുവദിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നശിച്ചുപോയ സ്‌റ്റോക്കിന്‍മേലുള്ള ജിഎസ്ടി ഇന്‍പുട്ട് അടയ്ക്കണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയ നടപടി പുനഃപരിശോധിക്കണമെന്നും വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണെന്നത് പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെ കൂട്ടായ്മ രൂപീകരിച്ച് തകര്‍ച്ച നേരിടുന്ന വ്യവസായികളെ സഹായിക്കാനാവും. നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ക്രെഡായിയുമായി സഹകരിച്ച് നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. തകര്‍ന്ന വ്യാപാരികള്‍ക്ക് സാമ്പത്തികപിന്തുണ നല്‍കാനും മുതല്‍മുടക്കാനും പ്രാപ്തരായ ബിസിനസ് പങ്കാളികളെയും നിക്ഷേപകരെയും ലഭ്യമാക്കും തുടങ്ങിയ തീരുമാനങ്ങള്‍ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.

നുരഞ്ഞ്‌പൊന്തി ഇന്ധന വില

ഗായത്രി-
കൊച്ചി: ഇന്ധനവിലയുടെ ക്രമാതീതമായ വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസും ഇടത് സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധനവും അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതുമാണ് പെട്രോള്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന എക്‌സൈസ് നികുതിയും രാജ്യത്തെ പെട്രോള്‍ വില വര്‍ദ്ധനവിന് കാരണമാണ്. ഇതിന് അറുതി വരുത്താന്‍ പെട്രോള്‍, സീഡല്‍ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനുള്ള പണിപ്പുരയിലാണ് കേന്ദ്രസര്‍ക്കാരെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തല്‍. യു.എസ്. ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 69.80 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 77.64 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില ബാരലിന് 80 85 ഡോളറിലെത്തിച്ച് സ്ഥിരത നേടാനാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഉത്പാദക രാജ്യങ്ങളുടെ ശ്രമം. ഇത്, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി ഉള്‍പ്പെടെയുള്ളവയുടെ വില കൂടുതല്‍ ഉയരാനിടവരുത്തും.
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72ലേക്കെത്തിയത് ക്രൂഡോയില്‍ ഇറക്കുമതിച്ചെലവും വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രസര്‍ക്കാരിന് 20,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ധനത്തില്‍ നിന്നുള്ള നികുതി മുഖ്യ വരുമാന മാര്‍ഗമായതിനാലാണ് സംസ്ഥാനങ്ങളും എതിര്‍ക്കുന്നത്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാലും ഉയര്‍ന്ന സല്‍ബായ 28 ശതമാനമായിരിക്കും നികുതി. ഇന്ധനവിലയില്‍ നിന്ന് 4550 ശതമാനം വരെ വരുമാനം നേടുന്ന മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് താങ്ങാനാവില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
2016 നവംബറില്‍ നോട്ടുനിരോധനം നടപ്പിലാക്കിയത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ മുന്നൊരുക്കങ്ങള്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായും സൂചനയുണ്ട്. കേന്ദ്രമന്ത്രിമാര്‍ പോലും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

മൂന്നാറിലേക്ക് സഞ്ചാരികളെത്തുന്നു

ഗായത്രി-
മൂന്നാര്‍: പ്രളയം മുറിവേല്‍പിച്ച മൂന്നാര്‍ പുതിയ പ്രഭാതത്തിലേക്ക്. പ്രളയത്തിന്റെ കൊഴിഞ്ഞുപോക്കില്‍ പൂക്കാലത്തിന്റെ പ്രതീക്ഷ നല്‍കി കുറിഞ്ഞിപ്പൂക്കള്‍ മിഴി തുറന്നതും വിനോദസഞ്ചാരികള്‍ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനര്‍സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടര്‍ത്തിയിരിക്കുന്നു പ്രകൃതി തന്നെ. പ്രളയം നക്കിത്തോര്‍ത്തിയ മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിര്‍കാഴ്ചകളില്‍ മറന്നുപോകുകയാണ് സഞ്ചാരികള്‍. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാല്‍ ആഴ്ചകള്‍ക്കുള്ളില്‍ രാജമലയാകെ നീലവസന്തം തെളിയും.
സഞ്ചാരികള്‍ സ്വപ്‌നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് മൂന്നാറിന്റെ പരിക്കിനപ്പുറം അവരുടെ മനസ്സില്‍ ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് മാനം തെളിഞ്ഞതോടെ ഇവിടം തേടിയെത്തുന്നവരുടെ ആത്മഗതം.പ്രളയാനന്തരം മൂന്നാറിലെത്തിയ വിദേശസഞ്ചാരികളുടെ ആദ്യകൂട്ടം വ്യാഴാഴ്ചയാണ് മടങ്ങിയത്.
പുറപ്പെടും മുമ്പ് പ്രളയത്തെ കുറിച്ച് അറിഞ്ഞെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു ഇവര്‍. റോഡുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ചളി അടിഞ്ഞും കിടക്കുകയാണെങ്കിലും ഭൂപ്രകൃതിയും പച്ചപ്പും കാലാവസ്ഥയും മനം നിറച്ചതായാണ് സഞ്ചാരികള്‍ പറയുന്നത്. നവംബര്‍ ആദ്യം വരെ നീലക്കുറിഞ്ഞി പൂവിടുമെന്നാണ് വനവകുപ്പിന്റെ കണക്കുകൂട്ടല്‍.
സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷവെച്ച നീലവസന്തം പൂവിട്ടതോടെ തകര്‍ന്നുപോയ ഇടുക്കിയിലെ ടൂറിസം മേഖലക്കും ചിറകുമുളക്കുകയാണ്. പ്രധാന റോഡുകള്‍ കഷ്ടിച്ച് ഗതാഗതയോഗ്യമായതും വിലക്ക് ഒഴിവാക്കിയതോടെയുമാണ് സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. പ്രളയകാലത്ത് നിരവധി ടൂര്‍ പാക്കേജുകള്‍ റദ്ദാക്കപ്പെട്ടിരുന്നിടത്ത് പുതിയ അന്വേഷണങ്ങളും ബുക്കിങ്ങും വരുകയാണിപ്പോഴെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറഞ്ഞു.

 

ന്യൂയോര്‍ക്കിലെത്തിയ എമിറേറ്റ്‌സ് വിമാനയാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം

അളക ഖാനം-
ദുബായ്: ദുബായില്‍നിന്ന് ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം. 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ളൈറ്റ് 203 എയര്‍ബസ് എ388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഇതില്‍ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പിടിച്ചിട്ടു.
വിമാനജീവനക്കാരുള്‍പ്പെടെ നൂറോളംപേര്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചുമയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാന്‍ ആളില്ല

രാംനാഥ് ചാവ്‌ല-
മുംബൈ: ബാങ്കിലും പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷപ പദ്ധതികളിലും നിക്ഷേപിക്കാന്‍ ആളില്ല. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കുടുംബങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ പ്രകാരം ചെറു നിക്ഷേപ പദ്ധതിളായ പോസ്റ്റല്‍ സേവിംഗ്‌സ് സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ ആരും താല്‍പര്യം കാണിക്കുന്നില്ല.
അതേസമയം, കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ വര്‍ധനവുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 9.1 ശതമാനമായിരുന്നു നിക്ഷേപമെങ്കില്‍ 2017-18 വര്‍ഷത്തില്‍ ഇത് 11.9 ശതമാനമായി. പിന്നെ എവിടെയേക്കാണ് നിക്ഷേപം മുഴുവന്‍ പോകുന്നത്. സംശയിക്കേണ്ട. ഓഹരിയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് ജനങ്ങള്‍ നിക്ഷേപം നടത്തുന്നത്.
മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി അധിഷ്ഠിത പദ്ധതികള്‍ മികച്ച നേട്ടം നല്‍കുന്നതിനാലാണ് അടിക്കടി ആദായം കുറഞ്ഞുവന്നിരുന്ന ചെറുനിക്ഷേ പദ്ധതികളെ ഉപേക്ഷിക്കാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. നേരത്തെ, ബാങ്കുകള്‍ നിക്ഷേപ പലിശ കുറയ്ക്കുമ്പോള്‍ പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷേപ പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍, പത്തുവര്‍ഷത്തെ സര്‍ക്കാര്‍ സെ്ക്യൂരിറ്റികളുടെ ആദായ നിരക്കിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ പലിശ ആകര്‍ഷകമല്ലാതായി.
ഈയിടെയായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം വര്‍ധിച്ചിട്ടും അതിനനുസരിച്ച് പലിശ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിച്ചപ്പോള്‍ രൂപയുടെ മൂല്യം 71 രൂപക്ക് മുകളിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പത്തുവര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം എട്ട് ശതമാനത്തിലെത്തുകയും ചെയ്തു. അതിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതുമില്ല.

വിവാഹശേഷം സിനിമയിലേക്കില്ല

ഫിദ-
വിവാഹശേഷം സിനിമയില്‍ അഭിനിയിക്കില്ലെന്ന് നമിതാ പ്രമോദ്. ‘വിവാഹത്തെ കുറിച്ചൊന്നും ആലോചിച്ചു തുടങ്ങിയിട്ടില്ല. വിവാഹത്തിനു ശേഷം വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഭാവിയെ കുറിച്ച് ഓര്‍ത്ത് വട്ടാകുന്ന പരിപാടിയൊന്നുമില്ലെന്നും നമിത പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നമിത തന്റെ ഭാവി കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.
കുറച്ചുനാള്‍ കഴിയുമ്പോള്‍ വിവാഹം കഴിക്കും. അതിനുശേഷം കുടുംബത്തിനു പ്രധാന്യം നല്‍കും. വിവാഹത്തിനുശേഷം സിനിമയില്‍ അഭിനയിക്കുന്നതിന് സാധ്യത വളരെ കുറവാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. എന്റെ അമ്മയെ കണ്ടാണ് ഞാനും പഠിച്ചത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്’. നമിത പറഞ്ഞു.

രൂപ കൂപ്പുകുത്തുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: രൂപയും ഓഹരിയും താഴോട്ടുതന്നെ. ഡോളറിന്റെ വില 71.58 രൂപയിലെത്തി. ഇന്നലെ മാത്രം ഡോളറിന്റെ നിരക്ക് 37 പൈസയാണു വര്‍ധിച്ചത്. വിദേശത്ത് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം കുതിച്ചു. രാജ്യത്തു പെട്രോള്‍, ഡീസല്‍ വിലകളും വര്‍ധിച്ചു.
രൂപ താഴുകയാണെങ്കിലും സര്‍ക്കാര്‍ ആശങ്കപ്പെടുന്നില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ആഗോള പ്രവണതയുടെ ഭാഗമായാണു രൂപ താഴുന്നത്. വാണിജ്യയുദ്ധ ഭീതിയും മറ്റുമാണു പ്രധാന കാരണം. താമസിയാതെ രൂപ സ്ഥിരത കൈവരിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ വംശജരുടെയും പ്രവാസികളുടെയും നിക്ഷേപത്തിനെതിരായ സെബി സര്‍ക്കുലര്‍ വിദേശനിക്ഷേപം പിന്‍വലിയാന്‍ ഇടയാക്കുമെന്ന ഭീതി ഓഹരി കമ്പോളത്തില്‍ പരന്നു. സര്‍ക്കുലര്‍ പുനരാലോചിക്കാന്‍ സാധ്യതയുണ്ടെന്ന് വൈകുന്നേരം ധനമന്ത്രാലയം വിശദീകരിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി സൂചികകള്‍ താഴോട്ടു പോയത്. ബിഎസ്ഇ സെന്‍സെക്‌സ് രാവിലെ 206 പോയിന്റ് കയറിയിട്ടാണു വൈകുന്നേരം നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. 154.6 പോയിന്റ് താണ് 38,157.92 ക്ലോസ് ചെയ്തപ്പോള്‍ സൂചിക രണ്ടാഴ്ച മുമ്പത്തെ നിലയിലായി. നിഫ്റ്റി 62.05 പോയിന്റ് (0.54 ശതമാനം) താണ് 11,520.3ല്‍ ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഓഹരികളെ താഴ്ത്തി.
ഇറാന്റെ എണ്ണകയറ്റുമതി തടയാന്‍ അമേരിക്ക പല നടപടികള്‍ സ്വീകരിക്കുമെന്ന ഭീതി ഇന്നലെ ലോകവിപണിയില്‍ ക്രൂഡ് വില വീപ്പയ്ക്ക് 79 ഡോളറിനു മുകളിലെത്തിച്ചു. 80 ഡോളര്‍ കടക്കാന്‍ വലിയ താമസമില്ലെന്നാണു വിപണിയുടെ കണക്കുകൂട്ടല്‍. 1.56 ശതമാനമാണ് ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിനു കയറിയത്. 78.15 ഡോളറില്‍നിന്ന് 79.37 ഡോളറിലേക്ക്.
രണ്ടാഴ്ചകൊണ്ടു ക്രൂഡ് വില ഏഴു ഡോളറാണു കയറിയത്. പത്തു ശതമാനത്തിനടുത്തുള്ള ഈ വിലക്കയറ്റം ഒരു മാസം മുമ്പ് ആരും പ്രതീക്ഷിച്ചതേ ഇല്ല.
ഇന്ത്യക്കു ക്രൂഡ് കയറ്റവും രൂപയുടെ തകര്‍ച്ചയും ഇരട്ടപ്രഹരമാണ്. ഇറക്കുമതിച്ചെലവ് കൂടും. അതു രാജ്യത്തിന്റെ കടം അല്ലാതുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ്് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. ഈ കമ്മി നികത്താന്‍ വായ്പ എടുക്കേണ്ടിവരും. കമ്മി കൂടിയാല്‍ വിദേശനിക്ഷേപവും കുറഞ്ഞെന്നു വരും.
മറ്റു വികസ്വര രാജ്യങ്ങളുടെ കറന്‍സികളും താഴോട്ടു പോകുന്നുണ്ട് എന്നതു മാത്രമാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്നത്. അമേരിക്കയുമായി ഉടക്കിനില്‍ക്കുന്ന തുര്‍ക്കിയുടെ ലീര, സാമ്പത്തിക കുഴപ്പത്തിലായ അര്‍ജന്റീന, ഭരണതലത്തിലെ കോളിളക്കത്തില്‍പ്പെട്ട ദക്ഷിണാഫ്രിക്ക എന്നിവയുടെ കറന്‍സികള്‍ മാത്രമേ ഇന്ത്യയുടെ രൂപയേക്കാള്‍ താഴ്ച കാണിച്ചിട്ടുള്ളൂ.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നഷ്ടപരിഹാരം നല്‍കണം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇടുപ്പിന് ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ഉപയോഗിക്കാവുന്ന മെഡിക്കല്‍ ഇംപ്ലാന്റ് പാര്‍ശ്വഫലം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ആഗോള തലത്തിലെ ഫാര്‍മസി കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനോട് 20 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം ഇംപ്ലാന്റ് ശരീരത്തില്‍ ഘടിപ്പിച്ച രോഗികള്‍ ഓരോരുത്തരേയും പ്രത്യേകം വിലയിരുത്തി പാര്‍ശ്വഫലങ്ങളുടെ തോത് നിര്‍ണയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷമാകും നഷ്ടപരിഹാരം ഉയര്‍ത്തണോയെന്ന കാര്യം ആലോചിക്കുകയെന്നും മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ മുന്‍ ഡീന്‍ ഡോ.അരുണ്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച രോഗികളുടെ പരാതികളെ തുടര്‍ന്നാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ്് ജോണ്‍സണിന്റെ മെഡിക്കല്‍ ഇംപ്ലാന്റ് രോഗികളില്‍ സന്നിവേശിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വ ഫലങ്ങള്‍ കമ്പനി പുറത്തുവിടില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
4700 രോഗികള്‍ക്കാണ് ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ ഇംപ്ലാന്റുകള്‍ ഘടിപ്പിച്ചത്. ഇവരില്‍ 3600 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം 2025 വരെയുള്ള മരുന്നിന്റെ തുക റീഇംബേഴ്‌സ് ചെയ്യാനും സമിതി നിര്‍ദ്ദേശിച്ചു. സാധാരണ ഗതിയില്‍ 15 വര്‍ഷമാണ് ഇംപ്ലാന്റുകളുടെ കാലാവധി. കമ്പനിയുടെ എ.എസ്.ആര്‍ എക്‌സ്.എല്‍ അസെറ്റാബുലര്‍ ഹിപ് സിസ്റ്റം, എ.എസ്.ആര്‍ ഹിപ് റിസര്‍ഫെയ്‌സിംഗ് സിസ്റ്റം എന്നിവയാണ് വിവാദത്തിലായ ഇംപ്ലാന്റുകള്‍. ഇംപ്ലാന്റിലെ കൊബാള്‍ട്ട്, ക്രോമിയം എന്നിവ ചോര്‍ന്ന് രോഗിയുടെ ശരീരത്തിലേക്ക് ഇറങ്ങിയാണ് ആരോഗ്യത്തിന് ഹാനികരമായി മാറിയത്. ഇതിന്റെ പാര്‍ശ്വഫലം അറിയാമായിരുന്നിട്ടും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിടാന്‍ തയ്യാറായില്ല. ശരീരത്തിനുള്ളില്‍ സന്നിവേശിപ്പിക്കുന്ന ഈ ഉപകരണത്തില്‍ നിന്നും പുറന്തള്ളുന്ന കൊബാള്‍ട്ട്, ക്രോമിയം എന്നിവ രക്തത്തില്‍ കലരുന്നത് മറ്റ് അവയവങ്ങളെയും ബാധിച്ച് രോഗികളുടെ മരണത്തിലാണ് ഒടുവില്‍ കലാശിക്കുക. 2010ല്‍ കമ്പനി തങ്ങളുടെ എ.എസ്.ആര്‍ ഇംപ്ലാന്റുകള്‍ ആഗോള തലത്തില്‍ തിരിച്ചു വിളിച്ചിരുന്നു. 2017 ആഗസ്റ്റ് ആയപ്പോഴേക്കും റീഇംബേഴ്‌സ്‌മെന്റ് പദ്ധതിയും കമ്പനി നിറുത്തി. ഇംപ്ലാന്റിലെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2013ല്‍ അമേരിക്കയിലെ 8000 രോഗികള്‍ക്കായി 17,000 കോടിയോളം നല്‍കാമെന്ന് കമ്പനി സമ്മതിച്ചിരുന്നു. ഇതാദ്യമായല്ല ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ വിവാദത്തിലാകുന്നത്. ബേബി പൗഡര്‍ ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാക്കുന്നതായും നേരത്തെ കമ്പനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

 

ഹജ്ജ് തീര്‍ഥാടകര്‍ 12 മുതല്‍ മടക്കയാത്ര നടത്തും

ഫിദ-
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെട്ട തീര്‍ഥാടകര്‍ ഈ മാസം 12 മുതല്‍ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന ഉച്ചക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ നേതൃത്വത്തില്‍ യോഗം നടക്കും. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളന്റിയര്‍മാര്‍ വിമാനത്താവളത്തിലുണ്ടാകും.
12ന് രാവിലെ ആറിനാണ് ആദ്യവിമാനം. പ്രഥമ ഹജ്ജ് സംഘത്തെ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തീര്‍ഥാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന മന്ത്രിക്ക് കൈമാറും. 12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് മടക്കസര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കയാത്ര. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനം സര്‍വിസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തീയതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തീയതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തീയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും.
ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും. 23 കുട്ടികള്‍ ഉള്‍പ്പെടെ 12,013 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര തിരിച്ചത്. അടുത്ത വര്‍ഷം ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താന്‍ ശ്രമം നടത്തുമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.