അളക ഖാനം-
റിയാദ്: സൗദിയില്‍ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സൗദി ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണം. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാഖകളിലേക്കും ബന്ധപ്പെട്ട മറ്റ് കാര്യാലയങ്ങളിലേക്കും ബോട്ടുടമകള്‍ക്കും ഇത് സംബന്ധിച്ച വിജ്ഞാപനം അയച്ചു. മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടിലെ ജീവനക്കാരില്‍ ഒരാള്‍ സ്വദേശി പൗരനായിരിക്കണം എന്നതാണ് കര്‍ശന നിബന്ധന. ദേശീയ പരിവര്‍ത്തന പദ്ധതി ‘വിഷന്‍ 2030’ന്റെ ഭാഗമായി സൗദി യുവാക്കള്‍ക്ക് മത്സ്യബന്ധന മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മീന്‍പിടിത്ത തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശി യുവാക്കളെ ജോലിക്കെടുക്കാന്‍ ബോട്ട് ഉടമകളോട് വിജ്ഞാപനം ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി ജീവനക്കാരനില്ലാത്ത ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ വിലക്ക് വരും. ലൈസന്‍സ് റദ്ദ് ചെയ്യും. പുതിയ ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. ഈ നിയമം നടപ്പാക്കുന്നതിലൂടെ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും സ്വദേശിവത്കരണ പ്രക്രിയ പൂര്‍ണത കൈവരിക്കാന്‍ സഹായിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വിലയിരുത്തുന്നു. മത്സ്യബന്ധന മേഖലയില്‍ മലയാളികളുള്‍പ്പെടെ ധാരാളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടുകാരാണ് ഇവരില്‍ കൂടുതലും.