ടി.ടി കുത്തിവെപ്പ് മരുന്നിന് വന്‍ ക്ഷാമം

ടി.ടി കുത്തിവെപ്പ് മരുന്നിന് വന്‍ ക്ഷാമം

ഫിദ-
കൊച്ചി: പ്രളയാനന്തരം രോഗാതുരമായ സംസ്ഥാനത്ത് ടെറ്റനസ് ടോക്‌സോയിഡ് (ടി.ടി) കുത്തിവെപ്പ് മരുന്നിന് വന്‍ക്ഷാമം. എലിപ്പനി അടക്കം പിടിമുറുക്കവേ പ്രളയബാധിതര്‍ക്കും ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും മരുന്നുകിട്ടുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ അടക്കം മരുന്ന് ഇല്ലാത്തതിനാല്‍ കുത്തിവെപ്പിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയാണ്. മെഡിക്കല്‍ഷോപ്പുകളിലും സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ 15ന് ശേഷം വിതരണം സാധാരണഗതിയിലായിട്ടില്ല.
ശസ്ത്രക്രിയകള്‍ക്കും പ്രതിരോധത്തിനും അടക്കം ഉപയോഗിക്കുന്ന ടി.ടി കുത്തിവെപ്പ് മരുന്ന് വിപണിയില്‍ നേരത്തെ തന്നെ കുറവായിരുന്നു. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റിയുടെ വിലനിയന്ത്രണം മൂലം കമ്പനികള്‍ ഉല്‍പാദനത്തില്‍ നിന്ന് പിന്നാക്കംപോയതാണ് ക്ഷാമകാരണം. ഒന്നരവര്‍ഷമായി ലഭ്യതക്കുറവുണ്ട്. പ്രളയശേഷം ആവശ്യം കൂടിയതോടെയാണ് ക്ഷാമം ഉണ്ടായത്. നേരത്തെ അര മില്ലിലിറ്റര്‍ മരുന്നിന് 11.8 രൂപയായിരുന്നു വില. അതോറിറ്റി ഉല്‍പാദനചെലവ് പരിശോധിച്ച് 5.7രൂപയാക്കി. ഈ തുകക്ക് മരുന്ന് വില്‍ക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികള്‍.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പൂണെ, ബയോളജിക്കല്‍ ഈവന്‍സ് ഹൈദരാബാദ് എന്നീ കമ്പനികളാണ് മരുന്ന് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിറ്റിയെ നോക്കുകുത്തിയാക്കി കമ്പനികള്‍ മരുന്ന് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. വിലനിയന്ത്രണം കര്‍ശനമായി പാലിക്കുന്ന കേരളത്തില്‍ ഒഴികെ ഇതര സംസ്ഥാനങ്ങളില്‍ പഴയ വിലയ്ക്ക് വില്‍ക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കമ്പനികള്‍ നേരിട്ട് വിതരണം ചെയ്യുന്നതിനാല്‍ സ്വകാര്യമേഖലയിലെ പ്രശ്‌നങ്ങള്‍ അധികൃതര്‍ അറിയുന്നുമില്ല.
വിലനിയന്ത്രണത്തിന്റെ പേരില്‍ അവശ്യമരുന്നു വിതരണത്തില്‍ നിന്നും കമ്പനികള്‍ പിന്‍മാറിയിട്ടും ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. കേരളത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close