ചരക്കുലോറി വാടക വര്‍ധിപ്പിച്ചു

ചരക്കുലോറി വാടക വര്‍ധിപ്പിച്ചു

ഫിദ-
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വര്‍ധിക്കുന്നതിന് കാരണമാകും വിധത്തില്‍ ചരക്കുലോറി വാടക നിരക്ക് ഉയര്‍ത്തി. ഇന്ധനവില വര്‍ധനവിന്റെ പേരില്‍ എട്ട് മുതല്‍ 10 ശതമാനം വരെയായാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഡീസല്‍ വില വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ ലോറി ഉടമകള്‍ വാടക വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. സര്‍വിസുകള്‍ മുടക്കിയുള്ള പ്രതിഷേധങ്ങളുണ്ടായെങ്കിലും 2017ല്‍ നിരക്ക് വര്‍ധിപ്പിച്ച് നല്‍കിയതിനാല്‍ വര്‍ധന ആവശ്യം തള്ളുകയായിരുന്നു. പ്രതിഷേധങ്ങള്‍ അവഗണിച്ചതോടെ സമരം അവസാനിപ്പിച്ചു. ഇതിനിടയിലാണ് ഇപ്പോള്‍ രഹസ്യമായി വാടകനിരക്ക് വര്‍ധിപ്പിച്ചത്.
വ്യാപകമായി വാടകവര്‍ധന വരുത്തിയിട്ടില്ലെന്നും സ്ഥിരം ചരക്ക് കടത്തുന്ന ഏജന്‍സികളും കമ്പനികളുമായുള്ള പരസ്പര ധാരണയില്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ വാടക നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. ലോറി വാടക ക്രമീകരിക്കാന്‍ കേന്ദ്രീകൃത സംവിധാനം സംസ്ഥാനത്ത് നിലവിലില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വാളയാര്‍ ചെക്ക് പോസ്റ്റ് വഴി മാത്രം ശരാശരി 1200 ലോറികള്‍ പ്രതിദിനം എത്തുന്നുണ്ടെന്നാണ് കണക്ക്. പച്ചക്കറിയും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളും വ്യാവസായിക ഉല്‍പന്നങ്ങളും ഉള്‍പ്പെടെയുള്ള ചരക്കുനീക്കത്തെ വാടകനിരക്ക് വര്‍ധന സാരമായി ബാധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close