ഫിദ-
കണ്ണൂര്‍: ഔഷധ വ്യാപാര വിപണി ആഗോള ഭീകരന്മാര്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് (എ ഐ ഒ സി ഡി) ന്റെ നേതൃത്വത്തില്‍ 28ന് കടയടപ്പ് സമരം നടത്തും. അന്നേ ദിവസം മെഡിക്കല്‍ സ്‌റ്റോറുകളും മൊത്ത ഔഷധ വ്യാപാരികളും തുറന്നുപ്രവര്‍ത്തിക്കില്ല. ഉടമസ്ഥരും ജീവനക്കാരും കടകള്‍ക്ക് സമീപമെത്തി സമരത്തില്‍ പങ്കെടുക്കും. അവശ്യ സാഹചര്യത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് രോഗികളോ ബന്ധുക്കളോ സമീപിച്ചാല്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഔഷധ വ്യാപാരമേഖല ഓണ്‍ലൈന്‍ വ്യാപാരത്തിന് തുറന്നുകൊടുക്കുന്നത് ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് ദുരിതമാകും. വാള്‍മാര്‍ട്ട്, ഫല്‍പ്കാര്‍ട്ട് പോലുള്ള ആഗോള കമ്പനികള്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാര മേഖലയിലേക്ക് കടന്നുവരുന്നത് 8.5 ലക്ഷം വ്യാപാരികളെയും 50 ലക്ഷം തൊഴിലാളികളെയും അനാഥരാക്കുമെന്ന് എ കെ സി ഡി എ നേതാക്കള്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ഡോക്ടര്‍, രോഗി, കെമിസ്റ്റ് എന്നിങ്ങനെ പരസ്പര വിശ്വാസത്തിലൂന്നിയ പരമ്പരാഗത രോഗീ പരിപാലന രീതിക്ക് പുതിയ നിയമത്തോടെ കോട്ടം സംഭവിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡോക്ടര്‍ കുറിക്കുന്ന മരുന്നുകളെക്കുറിച്ചും കഴിക്കേണ്ട രീതികളെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും രോഗികളെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ സേവനം ഓണ്‍ലൈന്‍ വ്യാപാര മേഖലയിലൂടെ ഇല്ലാതാകും. ഗുണനിലവാരം കുറഞ്ഞ മരുന്നുകളും വ്യാജമരുന്നുകളും വിപണിയിലെത്താനും ഓണ്‍ലൈന്‍ മരുന്ന് സംവിധാനം കാരണമാകുന്നതോടൊപ്പം സ്വയം ചികിത്സയ്ക്ക് വേദിയൊരുക്കുകയും ചെയ്യും.
ഇഫാര്‍മസി പോര്‍ട്ടലുകള്‍ നിര്‍മ്മാതാക്കളെ സ്വാധീനിച്ച് കൂടുതല്‍ ലാഭം ലഭിക്കുന്ന മരുന്നുകള്‍ വിപണി കീഴടക്കുമെന്ന് എ കെ ഡി സി എ ആരോപിക്കുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ലഹരി മരുന്നുകള്‍ വിപണിയിലെത്താനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമത്തോടെ ഔഷധ വിപണന കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സി സമ്പ്രദായം മാറി രജിസ്‌ട്രേഷന്‍ രീതിയിലേക്ക് മാറും. ഔഷധ വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനില്‍പ്പ് തന്നെ പുതിയ നിയമത്തോടെ അട്ടിമറിക്കപ്പെടുമെന്ന് എ കെ സി ഡി എ ആരോപിക്കുന്നു. ഇഫാര്‍മസി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ 25ന് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.