ഗ്രാമീണ്‍ ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിക്കും

ഗ്രാമീണ്‍ ബാങ്കിനെ കാനറാ ബാങ്കില്‍ ലയിപ്പിക്കും

ഗായത്രി-
തൃശൂര്‍: പൊതുമേഖല ബാങ്ക് ലയനത്തിന്റെ ഭാഗമായി ഗ്രാമീണ ബാങ്കുകളെ ലയിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യാനുള്ള കേന്ദ്ര നീക്കം കേരളത്തിന് തിരിച്ചടിയായേക്കും. കേരളത്തില്‍ പൊതുമേഖലയില്‍ അവശേഷിക്കുന്ന ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിനെ സ്‌പോണ്‍സര്‍ ബാങ്കായ കനറാ ബാങ്കില്‍ ലയിപ്പിക്കാനാണ് നീക്കം. രാജ്യത്തെ ഗ്രാമീണ ബാങ്കുകളുടെ എണ്ണം കുറക്കാനുള്ള നടപടിയുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
2013ലാണ് നോര്‍ത്ത് മലബാര്‍, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കുകളെ കേരള ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ ഒറ്റ ബാങ്കാക്കിയത്. 50 ശതമാനം കേന്ദ്ര സര്‍ക്കാറിനും 15 ശതമാനം സംസ്ഥാന സര്‍ക്കാറിനും 35 ശതമാനം സ്‌പോണ്‍സര്‍ ബാങ്കിനുമാണ് രാജ്യത്തെ 56 ഗ്രാമീണ ബാങ്കുകളിലെ പങ്കാളിത്തം. 2017 മാര്‍ച്ചില്‍ 615 ശാഖകളും 15,075 കോടി രൂപ നിക്ഷേപവും 13,735 കോടി വായ്പയുമുള്ള കേരള ഗ്രാമീണ്‍ ബാങ്ക് സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളിലെ പ്രധാന ബാങ്കിങ് സാന്നിധ്യമാണ്. റിസര്‍വ് ബാങ്ക്, നബാര്‍ഡ്, കനറാ ബാങ്ക്, കേരള സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ കേരള ഗ്രാമീണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
ചെറുകിട കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ എന്നിവര്‍ക്ക് വായ്പയും മറ്റു സേവനങ്ങളും നല്‍കാന്‍ ലക്ഷ്യമിട്ടാണ് നാല് പതിറ്റാണ്ടു മുമ്പ് ഗ്രാമീണ ബാങ്കുകള്‍ രൂപവത്കരിച്ചത്. 2005ല്‍ 196 ഗ്രാമീണ ബാങ്കുണ്ടായിരുന്നത് 56 ആയി. ഇത് 36 ആക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമധികം ഗ്രാമീണ ബാങ്കുകളുള്ളത് ഉത്തര്‍പ്രദേശിലാണ് ഏഴ്. ആന്ധ്രയില്‍ നാലും പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍, ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ മൂന്ന് വീതം ബാങ്കുകളുമുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ടു വീതം ഗ്രാമീണ ബാങ്കുകളുണ്ട്. ഇവയുടെ ലയനവും സംയോജനവും സംബന്ധിച്ച് ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച തുടങ്ങിയതിനൊപ്പം സ്‌പോണ്‍സര്‍ ബാങ്കുകളും ലയന പദ്ധതി തയാറാക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close