Month: January 2020

ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന് ഷെയ്ന്‍ എത്തിയില്ല

ഫിദ-
കൊച്ചി: ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്‌നിന്റെ നിലപാട്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പു നല്‍കിയതായി നിര്‍മാതാക്കള്‍ പറയുന്നു. ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഷെയ്‌നിന് കത്ത് അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതിഫലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഷെയ്ന്‍.

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

ഗായത്രി-
കൊച്ചി: സ്വര്‍ണ വില കുതിച്ചു കയറുകയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ രണ്ടു തവണയായി പവന് 480 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 29,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

നീലാമ്പല്‍ ടൈറ്റില്‍ ലോഞ്ച് നടന്നു

അജയ് തുണ്ടത്തില്‍-
നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറില്‍ അനില്‍ തമലം നിര്‍മ്മിച്ച് ”സ്‌നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍” എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായര്‍ സംവിധാനം ചെയ്യുന്ന ‘നീലാമ്പല്‍’ എന്ന സിനിമ, ആമ്പലുകള്‍ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജല തടാകവും അതിനു ചുറ്റും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്.
അനില്‍കുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി.കെ. ഹരീഷ് മണി സംഗീത സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസ്സിഗിഫ്റ്റ് പാടിയ കല്യാണിപാട്ട് നീലാമ്പലിന്റെ സവിശേഷതകളില്‍ ഒന്നാണ്. ‘ലജ്ജാവതി…’ പോലെ ഒരു വമ്പന്‍ ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരുന്നു. കൂടാതെ വിവിധ കോളേജുകളില്‍ വച്ചുനടത്തുന്ന ഓഡിഷനിലൂടെയും അഭിനേതാക്കളെ കണ്ടെത്തുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്, പുതുവര്‍ഷപ്പുലരിയില്‍, പ്രശസ്തകവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തിലാണ്.

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില

ഗായത്രി-
കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോഡ് ഭേദിച്ചു. ഇന്ന് ഗ്രാമിന് 45 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 

നടി ചാര്‍മിള രോഗബാധിതയായി ആശുപത്രിയില്‍

ഫിദ-
ചെന്നൈ: നടി ചാര്‍മിള രോഗബാധിതയായി ആശുപത്രിയില്‍. അസ്ഥിരോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. ചികിത്സക്കുള്ള പണം പോലും കൈവശമില്ലാതെ ഇവര്‍ വലയുകയാണെന്നും സഹായവുമായി സിനിമ മേഖലയില്‍ നിന്നും ആരും സമീപിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയില്‍ മകനോടൊപ്പം താമസിച്ചുവരികയാണ് ചാര്‍മിള. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് കൂടുതല്‍ ചിത്രങ്ങളിലൊന്നും ചാര്‍മിളയെ തേടിയെത്തിയില്ല.
ഒരുകാലത്ത് സിനിമയില്‍ തിരക്കേറിയ താരമായി നിറഞ്ഞ് നിന്ന ഇവര്‍ വളരെ കഷ്ടപ്പാടിലാണ്. ഒരുപാട്ബുദ്ധിമുട്ടിയാണ് താന്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നതെന്ന് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചാനല്‍ നിരക്കുകള്‍ കുറച്ച് വീണ്ടും ട്രായ്

ഗായത്രി-
കൊച്ചി: ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ട്രായ് ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ഭേദഗതി വരുത്തി. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി നല്‍കേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ലഭിക്കും. ഇതില്‍ 25 ദൂരദര്‍ശന്‍ ചാനല്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിട്ടുമില്ല. മുമ്പ് 25 ഡി.ഡി.ചാനലുകളടക്കം നൂറുചാനലായിരുന്നു. അപ്പോള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ പറ്റിയിരുന്നത് 75 ചാനലുകള്‍ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തെരഞ്ഞെടുക്കാം. മാര്‍ച്ച് ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും.
ബൊക്കെയില്‍ വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാനും പാടില്ല. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്‌സ് ചാനലുകള്‍ക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നല്‍കുമ്പോള്‍ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകള്‍മാത്രമേ ഇനി ബൊക്കെയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നും പറയുന്നു.

 

നായികയായി ഉര്‍വശി

ഫിദ-
കേശു ഈ വീടിന്റെ നാഥ’നില്‍ വേറിട്ട വേഷവുമായി ദിലീപ്
സിനിമയിലും വ്യക്തി ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് നാദിര്‍ഷയും ദിലീപും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. അമര്‍ അക്മര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാം നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണിത്.
ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഫാമിലി എന്ററര്‍ടെയ്‌നര്‍ കൂടിയാണ്. 60 വയസുകാരന്റെ വേറിട്ട ഗെറ്റപ്പിലാണ് ദിലീപ്.  നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി ഉര്‍വശിയാണ്. ദിലീപിന്റെ ഭാര്യ വേഷത്തില്‍ ആണ് ഉര്‍വശി എത്തുന്നത്.
ദിലീപിന്റെ 60 വയസ്സിലുള്ള ലുക്ക് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇറങ്ങുന്നതിന് മമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കേശുവിന്റെ ലുക്കാണോ ഇതെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അണിയറ പ്രവര്‍ത്തകരാരും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരിച്ചിട്ടുമില്ല. എന്നാല്‍ ദിലീപ് ഈ ചിത്രം വെച്ചുകൊണ്ട് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. ഇതോടെയാണ് പോസ്റ്റര്‍ വൈറലയാത്.

ട്രെയിന്‍ യാത്രാനിരക്കുകളും കേന്ദ്രം വര്‍ധിപ്പിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനക്കും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനകള്‍ക്കും പിന്നാലെ ഇരുട്ടടിയായി ട്രെയിന്‍ യാത്രാനിരക്കുകളും കേന്ദ്രം വര്‍ധിപ്പിച്ചു. നോണ്‍ എസി കി.മീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കി.മീറ്ററിന് നാല് പൈസയുമാണ് വര്‍ധിപ്പിച്ചത്. എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി ട്രെയിനുകള്‍ക്ക് പുതിയ നിരക്ക് ബാധകം. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍ വരും
ടിക്കറ്റ് നിരക്കിലെ വര്‍ധനവ് അനുസരിച്ച് ജിഎസ്ടിയും സര്‍വീസ് ചാര്‍ജും ഉയരും. റെയില്‍വെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം മാസങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടായിന്നു.
ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന വരുത്തിയതെന്നാണ് വിശദീകരണം. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.
റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍ടിസി റസ്‌റ്റോറന്റുുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്‌റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്.

 

5 ജി ഇന്ത്യക്ക് നന്ദി പറഞ്ഞ് വാവേ

ഫിദ-ജി സ്‌പെക്ട്രം പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതില്‍ ഇന്ത്യന്‍ സര്‍ക്കാരിനോടു നന്ദിപറയുന്നുവെന്ന് ചൈനീസ് ടെലികമ്യൂണിക്കേഷന്‍ ഭീമന്‍ വാവേ. ദേശീയസുരക്ഷക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി യു.എസ്. നിരോധനമേര്‍പ്പെടുത്തിയതോടെ തളര്‍ന്ന വാവേക്ക് ആശ്വാസമേകുന്നതാണ് ഇന്ത്യയുടെ നടപടി.
‘വാവേയിലുള്ള വിശ്വാസം തുടരുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തോട് നന്ദിപറയുന്നു. ഇന്ത്യന്‍ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നവീന സാങ്കേതികവിദ്യക്കും ഉന്നതനിലവാരമുള്ള ടെലികോം ശൃംഖലകള്‍ക്കും മാത്രമാണ് കഴിയുക. ഇന്ത്യയുടെ ദീര്‍ഘകാലനേട്ടങ്ങള്‍ക്കും ലോകത്തിന്റെ വാണിജ്യ വികസനത്തിനുമായി മികച്ച സാങ്കേതികവിദ്യ നല്‍കാനാകുമെന്ന പൂര്‍ണ വിശ്വാസമുണ്ട്. വാവേ എന്നും ഇന്ത്യയോട് പ്രതിജ്ഞാബദ്ധമായിരിക്കും’ വാവേയുടെ അന്താരാഷ്ട്ര മാധ്യമകാര്യ സീനിയര്‍ മാനേജര്‍ സിറിള്‍ ഷു പറഞ്ഞു.
5 ജി സ്‌പെക്ട്രം പരീക്ഷണഘട്ടത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തില്ലെന്ന് തിങ്കളാഴ്ച ടെലികോം മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കിയിരുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ 22ാം വട്ട പ്രത്യേക പ്രതിനിധിചര്‍ച്ചയ്ക്കുപിന്നാലെയാണ് സ്‌പെക്ട്രം പരീക്ഷണത്തില്‍ വാവേയെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.