Month: January 2020

ഷെയ്ന്‍ ഡബ്ബിംഗിനെത്തും

ഫിദ-
കൊച്ചി: ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗിന് നടന്‍ ഷെയ്ന്‍ നിഗം എത്തും. പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സിനിമയുടെ ഡബ്ബിംഗ് ചെയ്ത് നല്‍കാന്‍ ഷെയ്ന്‍ വിസമ്മതിച്ചിരുന്നു. ‘അമ്മ’നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് സിനിമയുമായി സഹകരിക്കാന്‍ ഷെയ്ന്‍ സമ്മതം അറിയിച്ചത്. സിനിമയുടെ പ്രതിഫലകാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് വിവരം.
‘അമ്മ’ യോഗത്തില്‍ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്‌നിനോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുടങ്ങിയ, ‘വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്.
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ന്‍ നിഗം ഒക്ടോബര്‍ 15ന് ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജോബി നിര്‍മിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിലും ‘കുര്‍ബാനി’ എന്ന മറ്റൊരു ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കവെ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടിവെട്ടിയത് നിര്‍മാതാവിനെ പ്രകോപിപ്പിച്ചെന്നാണ് ഷെയ്ന്‍ ചൂണ്ടിക്കാട്ടിയത്.

 

സീരിയലില്‍ അമ്മ, യഥാര്‍ത്ഥ ജീവിതത്തില്‍ സുചിത്ര അവിവാഹിത

ഗായത്രി-
കൊച്ചി: വാനമ്പാടി എന്ന സീരിയലിലെ ക്രൂരയായ വില്ലത്തിയാണ് പത്മിനി. സുചിത്ര നായരാണ് പത്മിനിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ അമ്മയായാണ് സുചിത്ര വാനമ്പാടിയില്‍ അഭിനയിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സുചിത്ര അവിവാഹിതയാണ്. ഇപ്പോഴിതാ തന്റെ നൃത്തജീവിതത്തെക്കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സുചിത്ര.
പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ ഈ തുറന്നു പറച്ചില്‍. ഡോക്ടര്‍ നീന പ്രസാദിന്റെയടക്കം കീഴില്‍ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയില്‍ വിപുലമായ രീതിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. നര്‍ത്തകിയായതു കൊണ്ടു തന്നെ ശരീര സൗന്ദര്യത്തിലും താന്‍ അതീവ ശ്രദ്ധ കൊടുക്കാറുണ്ടെന്നും, ദിവസേനയുള്ള ജിമ്മിലെ വര്‍ക്കൗട്ട് മുടക്കാറില്ലെന്നും സുചിത്ര പറയുന്നു.
ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കില്‍ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാന്‍സ് സ്‌കൂള്‍ സ്റ്റാര്‍ട്ട് ചെയ്യണം. ഇന്‍സ്റ്റിറ്റിയൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ സീരിയലില്‍ വലുതായിട്ട് കോണ്‍സന്‍ട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകള്‍ നല്ലത് ഏതെങ്കിലും വരുവാണെങ്കില്‍ സെലക്ടീവ് ആയിട്ട് ചെയ്യാം” സുചിത്ര പറയുന്നു.

 

സംസ്‌കരിച്ച പാമോയിലിന് ഇറക്കുമതിനിയന്ത്രണം; മലേഷ്യക്ക് തിരിച്ചടി

രാംനാഥ് ചാവ്‌ല-
മുംബൈ: സംസ്‌കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പാമോയില്‍ ഉത്പാദകരാജ്യമായ മലേഷ്യയെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നാണു സൂചന. ജമ്മുകശ്മീര്‍, പൗരത്വനിയമം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളെ വിമര്‍ശിച്ച മലേഷ്യക്കുള്ള മറുപടിയാണ് തീരുമാനമെന്ന വ്യാഖ്യാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുള്ള തീരുമാനമല്ല, പൊതുനയമാണ് കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍, സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവുപ്രകാരം നിയന്ത്രിതവിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണെന്നു വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.
ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതിചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. തീരുമാനം മലേഷ്യക്കു കനത്ത തിരിച്ചടിയാണ്. ഭരണഘടനയുടെ 370ാം അനുച്ഛേദം പിന്‍വലിച്ചപ്പോള്‍, ഇന്ത്യ കശ്മീരിനെ കൈയടക്കിയെന്നും കീഴ്‌പ്പെടുത്തിയെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചത്. പൗരത്വനിയമം ഇന്ത്യയുടെ മതേതരസ്വഭാവം തകര്‍ത്തെന്നും ആരോപിച്ചിരുന്നു.
സ്വതന്ത്രം, നിയന്ത്രിതം, നിരോധിക്കപ്പെട്ടത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇറക്കുമതിയിനങ്ങളെ ഉള്‍പ്പെടുത്താറ്. നിലവില്‍ സ്വതന്ത്രവിഭാഗത്തിലുള്ള പാമോയിലിനെ നിയന്ത്രിതവിഭാഗത്തിലേക്കു മാറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മഹാതീര്‍ ഇന്ത്യയിലെ ആഭ്യന്തരവിഷയങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയ ഉടനെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും മലേഷ്യയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഇക്കാര്യം മലേഷ്യ കണക്കിലെടുക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുടെ വികാരങ്ങളും ഉള്‍ക്കൊള്ളണമെന്ന് രവീഷ് ചൂണ്ടിക്കാട്ടി.

ഇനി ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പും

ഫിദ-
ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. നിര്‍മിതബുദ്ധി സാങ്കേതികവിദ്യ 11 മണ്ഡലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. മണ്ഡലങ്ങള്‍ പിന്നീടു നിശ്ചയിക്കും.
ക്യൂ ആര്‍ കോഡുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് പോളിംഗ് സ്‌റ്റേഷനില്‍ സ്‌കാന്‍ചെയ്യുമ്പോള്‍ എല്ലാ വിവരവും എളുപ്പത്തില്‍ കിട്ടും. സാധാരണ വോട്ടര്‍സ്ലിപ്പുമായി ബൂത്തിലെത്തുന്നവരുടെ പേരുവിവരം പട്ടിക നോക്കി കണ്ടെത്താനുള്ള കാലതാമസവും ഒഴിവാകും.
ഡിജിറ്റല്‍ വോട്ടര്‍ സ്ലിപ്പിനു പ്രത്യേക ആപ് ഉണ്ടാകും. വോട്ടര്‍ക്ക് സ്വന്തം സ്മാര്‍ട്ട് ഫോണുമായി ബൂത്തില്‍ നിശ്ചിതസ്ഥാനംവരെ പോകാം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണ്‍ അവിടെ ഏല്‍പ്പിക്കണം.
പരീക്ഷണം വിജയിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അത് ഡല്‍ഹിയില്‍ത്തന്നെ ആദ്യം വ്യാപകമാക്കും. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് ആലോചനയെന്ന് തെരഞ്ഞെടുപ്പുകമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടണം

ഫിദ-
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന ഗുണ്ടാ അതിക്രമങ്ങളില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നതു വരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയമാണെങ്കില്‍ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണെന്നു ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണതെന്നും ടൊവിനോ വ്യക്തമാക്കുന്നു.

 

റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ഉടന്‍

ഫിദ-
റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണായ റിയല്‍മി എക്‌സ്50 വരുന്നൂ. ഫോണ്‍ ഈ മാസം പുറത്തിറക്കുമെന്നാണ് കമ്പനി നല്‍കുന്ന വിവരം. ചൈനയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിക്കുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറാണ് ഫോണിന്. ഡിസംബറില്‍ നടന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ടെക് സമ്മിറ്റിലാണ് കമ്പനി ഈ പ്രൊസസര്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ പ്രൊസസറില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്‌സ് 50 5ജി.

പുതുപുത്തന്‍ ഔഡി കാര്‍ വിപണിയില്‍

ഫിദ-
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ആഢംബര സെഡാന്‍ നിരയിലേക്ക് A8 ഘ എന്നൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2020 ഫെബ്രുവരി മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. 1.10 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. അകത്തളത്തില്‍ 101.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനും, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍, മള്‍ട്ടിമീഡിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 8.6 ഇഞ്ച് ഡിസ്‌പ്ലേയും നല്‍കിയിരിക്കുന്നു.
3.0 ലിറ്റര്‍ V6 ടര്‍ബോപെട്രോള്‍ എഞ്ചിന്‍ 340 യവു കരുത്തും, ഡീസല്‍ എഞ്ചിന്‍ 286 യവു കരുത്തും പുറപ്പെടുവിക്കും. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും എത്തുക.

 

സ്വര്‍ണ വില 30,000 രൂപ കടന്നു

ഗായത്രി-
സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്.
ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.
28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്.
യുഎസ്ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്.

 

ധനുഷിന്റെ നായികയായി രജിഷ വിജയന്‍

ഫിദ-
തമിഴില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം രജിഷ വിജയന്‍. ധനുഷിന്റെ നായികയായിട്ടാണ് താരത്തിന്റെ അരങ്ങേറ്റം. പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
‘കര്‍ണന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. യോഗി ബാബുവും നടരാജന്‍ സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.

ഇന്ധനവില വീണ്ടും വര്‍ധിച്ചു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.47 രൂപയായും ഡീസല്‍ വില ലിറ്ററിന് 72.12 രൂപയായും ഉയര്‍ന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും കൂടി.