സംസ്‌കരിച്ച പാമോയിലിന് ഇറക്കുമതിനിയന്ത്രണം; മലേഷ്യക്ക് തിരിച്ചടി

സംസ്‌കരിച്ച പാമോയിലിന് ഇറക്കുമതിനിയന്ത്രണം; മലേഷ്യക്ക് തിരിച്ചടി

രാംനാഥ് ചാവ്‌ല-
മുംബൈ: സംസ്‌കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പാമോയില്‍ ഉത്പാദകരാജ്യമായ മലേഷ്യയെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നാണു സൂചന. ജമ്മുകശ്മീര്‍, പൗരത്വനിയമം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളെ വിമര്‍ശിച്ച മലേഷ്യക്കുള്ള മറുപടിയാണ് തീരുമാനമെന്ന വ്യാഖ്യാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുള്ള തീരുമാനമല്ല, പൊതുനയമാണ് കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍, സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവുപ്രകാരം നിയന്ത്രിതവിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണെന്നു വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.
ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതിചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. തീരുമാനം മലേഷ്യക്കു കനത്ത തിരിച്ചടിയാണ്. ഭരണഘടനയുടെ 370ാം അനുച്ഛേദം പിന്‍വലിച്ചപ്പോള്‍, ഇന്ത്യ കശ്മീരിനെ കൈയടക്കിയെന്നും കീഴ്‌പ്പെടുത്തിയെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചത്. പൗരത്വനിയമം ഇന്ത്യയുടെ മതേതരസ്വഭാവം തകര്‍ത്തെന്നും ആരോപിച്ചിരുന്നു.
സ്വതന്ത്രം, നിയന്ത്രിതം, നിരോധിക്കപ്പെട്ടത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇറക്കുമതിയിനങ്ങളെ ഉള്‍പ്പെടുത്താറ്. നിലവില്‍ സ്വതന്ത്രവിഭാഗത്തിലുള്ള പാമോയിലിനെ നിയന്ത്രിതവിഭാഗത്തിലേക്കു മാറ്റിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
മഹാതീര്‍ ഇന്ത്യയിലെ ആഭ്യന്തരവിഷയങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയ ഉടനെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും മലേഷ്യയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഇക്കാര്യം മലേഷ്യ കണക്കിലെടുക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുടെ വികാരങ്ങളും ഉള്‍ക്കൊള്ളണമെന്ന് രവീഷ് ചൂണ്ടിക്കാട്ടി.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES