Month: January 2020

എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി വിസ: യു.എ.ഇ

അളക ഖാനം-
അബൂദബി: എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമായി നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. യു.എ.ഇ എക്‌സ്‌പോ 2020ല്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. ഇന്ത്യന്‍ സമൂഹത്തിന്റെ പൂര്‍ണ സഹകരണവും പങ്കാളിത്തവും യു.എ.ഇ സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്നും കേരള സോഷ്യല്‍ സെന്റര്‍ നടത്തുന്ന യു.എ.ഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ട്. അതില്‍ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇയുടെ കലാസാംസ്‌കാരികവാണിജ്യ മണ്ഡലങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു.

 

മാലിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഫിദ-
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക.
25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജ്റ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫാണ്. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു.

 

ഇന്ത്യക്ക് 5.7 ശതമാനം വളര്‍ച്ചയെന്ന് ഐക്യരാഷ്ട്രസഭ

അളക ഖാനം-
യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നത്. ഇതിനേക്കാള്‍ കൂടുതലാണ് യുഎന്നിന്റെ കണക്കുകളെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞവര്‍ഷം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.6 ആകുമെന്നായിരുന്നു യുഎന്‍ പ്രവചിച്ചിരുന്നത്. ഇതില്‍ നിന്ന് വന്‍ മാറ്റമാണ് ജനുവരിയിലെ റിപ്പോര്‍ട്ടിലുള്ള കണക്കുകള്‍ പറയുന്നത്. വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയാകുമെന്ന് യുഎന്നിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്റെ തലവന്‍ ഡോണ്‍ ഹോളണ്ട് പറഞ്ഞു.
201920 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ചൈനയക്കായിരിക്കും. ആറ് ശതമാനമാകും ചൈനയുടെ വളര്‍ച്ച. എന്നാല്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ വരും വര്‍ഷങ്ങളില്‍ ത്വരിതപ്പെടുത്തുമെന്നും ഡോണ്‍ ഹോളണ്ട് വ്യക്തമാക്കി.അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായി കുറയുമെന്നാണ് യു.എന്‍ വിലയിരുത്തുന്നത്.

ചേരിയില്‍ കഴിയുന്ന ദിവസക്കൂലിക്കാരന് 1.05 കോടിയുടെ ആദായനികുതി നോട്ടീസ്

രാംനാഥ് ചാവ്‌ല-
മുംബൈ: ചേരിയില്‍ കഴിയുന്ന ദിവസക്കൂലിക്കാരന് 1.05 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. എന്തു ചെയ്യണമെന്നറിയാതെ പോലീസിനെ സമീപിച്ചിരിക്കുകയാണ് ഭാവുസാഹേബ് അഹിരേ. നോട്ടുനിരോധന സമയത്ത് അഹിരേയുടെ അക്കൗണ്ടില്‍ 58 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്.
മതിയായ രേഖകളില്ലാതെ നിക്ഷേപിച്ച പണത്തിനുള്ള നികുതിയായി 1.05 കോടി രൂപ അടയ്ക്കാനാണ് നിര്‍ദേശം. മുംബൈക്കടുത്ത് ആംബിവ്‌ലിയില്‍ ഭാര്യാപിതാവിന്റെ കുടിലില്‍ താമസിക്കുന്ന അഹിരേ പറയുന്നത് ദിവസം 300 രൂപ മാത്രമാണ് തന്റെ കൂലിയെന്നാണ്. സ്വകാര്യബാങ്കില്‍ തന്റെ പേരില്‍ മറ്റാരോ തുടങ്ങിയ വ്യാജ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കപ്പെട്ടതെന്നും അതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അഹിരേ പറയുന്നു. നികുതിയടക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് അഹിരേക്ക് ആദ്യം നോട്ടീസ് ലഭിക്കുന്നത്. അതേത്തുടര്‍ന്ന് ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പാന്‍ ഉപയോഗിച്ചാണ് അക്കൗണ്ട് തുടങ്ങിയത് എന്ന് വ്യക്തമായിരുന്നു. എന്നാല്‍, വേറെയാളുടെ ഫോട്ടോയും ഒപ്പുമാണ് ഉപയോഗിച്ചത്. 1.05 കോടി രൂപ നികുതിയടയ്ക്കണമെന്ന നോട്ടീസ് ജനുവരി ഏഴിനാണ് ലഭിച്ചത്. അഹിരേയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മകരവിളക്കുത്സവ കാലത്തെ നടവരവ് 234 കോടി രൂപ

ഗായത്രി-
പത്തനംതിട്ട: ഇത്തവണ ശബരിമലയില്‍ മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ 167 കോടിയായിരുന്നു നടവരവ്. 201718ല്‍ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം.
ശബരിമലയില്‍ ഉന്നതാധികാര സമിതിയുടെ അംഗീകാരം നേടിയ 58 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്റെ തടസ്സമില്ലാത്ത പദ്ധതികള്‍ ഉടന്‍ തുടങ്ങും. റോപ് വേ പദ്ധതിക്കായി കുടുതല്‍ മരം മുറിക്കേണ്ടി വരില്ല. കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിക്കായി ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു.

നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ശമ്പള വരുമാനക്കാര്‍ക്ക് വരുന്ന ബജറ്റില്‍ ആശ്വസിക്കാന്‍ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയേക്കും. 80 സിയില്‍തന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റി(എന്‍എസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നല്‍കുന്നതാണ് പരിഗണിക്കുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികള്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്.
നിലവില്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എന്‍എസ് സിയും നിലവില്‍ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെട്ടവതന്നെയാണ്.
കുടുംബങ്ങളുടെ നിക്ഷേപ നിരക്കില്‍ വന്‍ഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വര്‍ധിപ്പിക്കാന്നുതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
2011-12 സാമ്പത്തിക വര്‍ഷത്തില്‍ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 201718ആയപ്പോള്‍ 17.2 ശതമാനമായി കുറഞ്ഞിരുന്നു. 201819 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ലഭ്യമല്ല.

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ‘ജോക്കര്‍’ മുന്നില്‍

അളക ഖാനം-
ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. 11 നോമിനേഷനുമായി ‘ജോക്കര്‍’ മുന്നില്‍. 1917 എന്ന ചിത്രവും ലിയനാര്‍ഡോ ഡികാപ്രിയോ നായകനായ ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡും’ 10 നോമിനേഷന്‍ നേടി.
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂന്‍ ഹോയുടെ ‘പാരസൈറ്റിന്’ ആറു നോമിനേഷനുകളും ലഭിച്ചു. ഫെബ്രുവരി ഒമ്പതിനാണ് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.

 

മരട് ഫ്‌ളാറ്റ്; ബാങ്കുകള്‍ക്ക് 200 കോടിയുടെ ബാധ്യത

ഫിദ-
കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.
നാലുസമുച്ചയങ്ങളിലുമായി 345 ഫല്‍റ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്. 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് മിക്കവായ്പകളും. വായ്പകള്‍ക്ക് ഈടായിവെച്ച ഫ്‌ളാറ്റുകള്‍തന്നെ ഇല്ലാതെയായതോടെ ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക.
എന്നാല്‍ ഫല്‍റ്റുകള്‍ പൊളിച്ചുനീക്കിയെന്നുകരുതി വായ്പ എടുത്തവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വായ്പ തിരിച്ചടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്ന് ബാങ്കുകള്‍ പറയുന്നു. ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ അതു പിടിച്ചുവെക്കാനാണ് ബാങ്കുകളുടെ ശ്രമം. കിട്ടാക്കടം വരുത്തിയാല്‍ അത് വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. സ്വാഭാവികമായും ഭാവിയില്‍ വായ്പയെടുക്കുന്നതിന് അത് തടസ്സമാകും.
മുന്‍നിരബാങ്കുകളും ഭവനവായ്പാസ്ഥാപനങ്ങളും നാലുസമുച്ചയങ്ങളിലുള്ളവര്‍ക്കും വായ്പ നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ വായ്പ നല്‍കുന്നത് നിയമപരമായാണെന്നതിനാലാണ് പലരും ധൈര്യത്തോടെ ഫ്‌ളാറ്റുകള്‍ വാങ്ങിയതുതന്നെ. വ്യക്തമായ നിയമലംഘനം നടന്ന ഈ സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകള്‍ക്ക് ബാങ്കുകള്‍ എങ്ങനെയാണ് വായ്പ നല്‍കിയത് എന്നുവ്യക്തമല്ല.
എന്നാല്‍, കിടപ്പാടം നഷ്ടപ്പെട്ടതിനാല്‍ അതിന്റെ ബാധ്യത ഇനിയും അടച്ചുതീര്‍ക്കേണ്ടതുണ്ടോ എന്നചോദ്യവും ഉയരുന്നുണ്ട്.

 

 

ബധിരനായ ലോട്ടറി വില്‍പ്പനക്കാരന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം

ഫിദ-
കൊല്ലം: ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വില്‍പ്പനക്കാരന് കേരള പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. വര്‍ക്കല പാളയംകുന്ന് എസ്.ജി. നിവാസില്‍ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ ആര്‍.ഡബ്ല്യു. 889278 നമ്പര്‍ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്.
ഇന്നലെയായിരുന്നു നറുക്കെടുപ്പ്. പ്രേംകുമാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കാല്‍നടയായി ഭാഗ്യക്കുറി വിറ്റാണ് കുടുംബം പോറ്റുന്നത്. കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്‍പ്പനക്കാരനും സുഹൃത്തുമായ ദേവരാജന്‍ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാര്‍ സുഹൃത്തിന് പൗര്‍ണമിയുടെ മറ്റൊരു ടിക്കറ്റ് നല്‍കി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജന്‍ നല്‍കിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാര്‍ അറിയുന്നത്.
സ്വന്തമായി വീടില്ലാത്ത പ്രേംകുമാര്‍ അമ്മ ഗോമതി, ഭാര്യ മിജി, മകന്‍ പ്രദീപ് എന്നിവര്‍ക്കൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രേംകുമാര്‍ ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ഏല്പിച്ചു.

ആകര്‍ഷമായ ഓഫറോടെ ഹ്യൂണ്ടായ് ഓറ ബുക്ക് ചെയ്യാം

ഫിദ-
കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ തരംഗമാകാനെത്തുന്ന ഹ്യൂണ്ടായ് ഓറ ബുക്ക് ചെയ്യാനും ആകര്‍ഷമായ ഓഫറോടെ മറ്റ് ജനപ്രിയ മോഡലുകള്‍ സ്വന്തമാക്കാനും ഹ്യൂണ്ടായ് അവസരമൊരുക്കുന്നു. ഹ്യൂണ്ടായിയുടെ പുത്തന്‍ കോംപാക്ട് സെഡാനായ ഹ്യൂണ്ടായ് ഓറ ഈ മാസം 21ന് വിപണിയിലെത്തുകയാണ്. മലിനീകരണ നിയന്തയ്രണത്തില്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് 6) നിലവാരത്തിലുള്ള 1.0 കാപ്പ ബിഎസ്6 ജിഡിഐ പെട്രോള്‍, 1.2 ബിഎസ്6 എക്കോടോര്‍ക്ക് ഡീസല്‍ എഞ്ചിനുകളോടെയാണ് ഓറ നിരത്തിലിറങ്ങുക. ടര്‍ബോ പെട്രോള്‍ എഞ്ചിനോടെ ലഭ്യമാകുന്ന ആദ്യ കോംപാക്ട് സെഡാന്‍ മോഡലാണിത്. ഇന്ധനക്ഷമതയിലും കാര്യക്ഷമതയിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ഓറയുടെ ബുക്കിംഗ് തുക 10000 രൂപയാണ്.
ഹ്യൂണ്ടായിയുടെ മറ്റ് മോഡലുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ഓഫറുകളോടെ ഇഷ്ടപ്പെട്ട കാറുകള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഈ മാസം വിവിധ മോഡലുകള്‍ക്ക് 40,000 മുതല്‍ 1,15,000 രൂപ വരെ ഹ്യൂണ്ടായ് ഓഫറുകള്‍ നല്‍കുന്നുണ്ട്.