Month: January 2020

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ മഞ്ജു ഓടിക്കയറുന്ന ചിത്രം വൈറലായി

ഫിദ-
തിരു: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കയറിയ യാത്രക്കാരെ കണ്ട് യാത്രികരെല്ലാം ആദ്യമൊന്നു ഞെട്ടി. കണ്ടു നിന്നവര്‍ ‘ദേ മഞ്ജു വാര്യര്‍..’ എന്ന് പറയുമ്പോഴേക്കും ഒരു കുസൃതി ചിരിയുമായി താരം ബസില്‍ നിന്ന് ഇറങ്ങി വന്നു. ചതുര്‍മുഖം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു മഞ്ജു.
ബസില്‍ ഓടിക്കയറുന്നതിന് തൊട്ടു മുന്‍പ് താരം ബസ് സ്റ്റാന്‍ഡില്‍ കാറില്‍ വന്നിറങ്ങുകയും കെഎസ്ആര്‍ടിസിയില്‍ ഓടിക്കയറുകയുമായിരുന്നു. സ്ഥലത്ത് സിനിമ ഷൂട്ടിങ്ങിന്റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യരാണ് എത്തുന്നതെന്നതിന്റെ സൂചന പോലും ഇല്ലാതിരുന്നതിനാല്‍ താരത്തിന്റെ പ്രത്യക്ഷപ്പെടല്‍ കണ്ടു നിന്നവര്‍ക്കെല്ലാം അതിശയമായി.
കഴുത്തിന് കുറുകെ ഒരു സ്‌റ്റോളും ചെവിയില്‍ ഹെഡ്‌സെറ്റുമായി ഒരു കാഷ്വല്‍ കുര്‍ത്തയില്‍ താരം വന്നിറങ്ങുന്നതും ബസില്‍ കയറിയതുമായ ഷോട്ട് ഇതൊക്കെ കണ്ട് അതിശയിച്ചു നിന്ന കാണികളുടെ അമ്പരപ്പിനിടെ ഭംഗിയായി ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ചിത്രീകരണം ഉടനെ താരം കാറില്‍ കയറി തിരികെ പോവുകയും ചെയ്തു. മഞ്ജു വാരിയറിനൊപ്പം സണ്ണി വെയിനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍മുഖം.
രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
പൊതുവെ ജനമധ്യത്തിലും പൊതു ഇടങ്ങളിലും താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പതിവുള്ളതല്ല.. എന്നാല്‍ അങ്ങ് ബോളിവുഡിലാകട്ടെ പൊതു സ്ഥലങ്ങളിലും ജനക്കൂട്ടത്തിലും പ്രത്യക്ഷപ്പെടാന്‍ മടിക്കാത്തവരാണ് മിക്ക താരങ്ങളും..
അടുത്തിടെ ബോളിവുഡ് താരം അമീര്‍ഖാനും കേരളത്തില്‍ ചിത്രീകരണത്തിനെത്തിയപ്പോള്‍ ജനക്കൂട്ടത്തിനിടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ കോസ്റ്റിയൂമിലായിരുന്നതിനാല്‍ ആളുകള്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും ബോളിവുഡ് താരത്തെ മനസ്സിലായപ്പോള്‍ സൂപ്പര്‍ താരത്തെ കേരളത്തിലെ ഒരു റോഡരികില്‍ അവിചാരിതമായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ആരാധകര്‍.

യുവനടിയെ പീഡിപ്പിച്ച കേസ്; ദിലീപ് പുനരവലോകന ഹരജി നല്‍കും

ഫിദ-
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ പുനരവലോകന ഹരജി നല്‍കും. 29 നു കേസിന്റെ സാക്ഷിവിസ്താരം ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ പുതിയ നീക്കം. ഈയാഴ്ച ഹര്‍ജി ഫയല്‍ ചെയ്യും. പുനരവലോകന ഹര്‍ജി നല്‍കിയാലും വിചാരണക്കു തടസമില്ല. തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്‍കിയ വിടുതല്‍ ഹരജി വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണു പുനരവലോകന ഹര്‍ജി നല്‍കുന്നത്.
ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചേക്കും. പരമാവധി കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ദിലീപിന്റെ ലക്ഷ്യം. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു കഴിഞ്ഞ നവംബര്‍ 29 ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു വിചാരണ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരം ഉടന്‍ തന്നെ ആരംഭിക്കാനിരിക്കേയാണു ദിലീപിന്റെ ഹരജികള്‍ വരുന്നത്. അതേസമയം, വിസ്താരത്തിനുള്ള പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടിക തയാറായി.
ആദ്യഘട്ടമായി 135 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടാംഘട്ടമായി 200 പേരെയും. ആദ്യം ഒന്നാംസാക്ഷിയായ നടിയുടെ വിസ്താരമാണു നടക്കുക. ഇതു ദിവസങ്ങള്‍ നീളുമെന്നാണു കരുതുന്നത്. തുടര്‍ന്ന് നടിയുടെ മാതാവിനെയും സഹോദരനെയും വിസ്തരിക്കും. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ 14ാം സാക്ഷിയാണ്.
ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം, വിചാരണക്കോടതി മാറ്റണം, വീഡിയോ കാണണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും കേസില്‍നിന്നു വിടുതല്‍ തേടിയും നിരവധി തവണയാണ് ദിലീപ് സുപ്രീം കോടതിയെയും മറ്റു കോടതികളെയും സമീപിച്ചത്.
കേസ് വിചാരണ തുടങ്ങാനിരിക്കെ പുതിയ ആവശ്യങ്ങളുമായി കോടതിയെ സമീപിക്കുകയും വിധി പ്രതികൂലമാകുന്നതോടെ മേല്‍ക്കോടതികളെ സമീപിക്കുകയും ചെയ്യുന്ന ദിലീപിന്റെ നടപടി, വിചാരണ വൈകിപ്പിക്കാനാണെന്ന് ആരോപണമുണ്ട്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമണത്തിന് ഇരയാകുന്നത്. ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം മുഖ്യപ്രതി സുനില്‍കുമാര്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ചു ബലമായി നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണു കുറ്റപത്രം.

 

ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല: മോഹന്‍ ലാല്‍

ഫിദ-
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ട് എന്ത് ത്യാഗത്തിനും തയ്യാറാകാറുണ്ട്. ഇപ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ സിനിമയില്‍ നിന്ന് ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാന്‍ സിനിമയില്‍ വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ.” മോഹന്‍ലാല്‍ വ്യക്തമാക്കി.

 

‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ’: കെ.എസ് ചിത്ര

ഫിദ-
മലയാളികളുടെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ആലാപനം കൊണ്ട് മാത്രമല്ല, ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും ഇഷ്ടം നേടിയ ഗായികയാണ് ചിത്ര. മകളുടെ അപ്രതീക്ഷിത മരണത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ചിത്ര. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ചിത്ര മനസ്സ് തുറന്നത്.
ഞാനിത്രക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനു ശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ‘എന്നോട് എന്തിനു ഇതു ചെയ്തു’ എന്നു തന്നെയാണ്. കുറേ നാളുകള്‍ ഞാന്‍ അമ്പലത്തിലേക്കൊന്നും പോയില്ല. പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാന്‍ ഇരുട്ടിലടച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു. എന്റെ പ്രൊഫഷനു വേണ്ടി ജോലി വേണ്ടെന്നു വെച്ച വിജയേട്ടന്‍, വര്‍ഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്.
ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും. ആ സമയം ഈശ്വരന്‍ എത്രയോ ദൂതന്‍മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങള്‍ക്കു കരുതലുമായി വന്നവര്‍ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു. അതില്‍ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാര്‍ഥനയാലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.’ അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവല്‍ കൃപ. ചിത്ര പറയുന്നു.

രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും: നിര്‍മല സീതാരാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കും. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധരകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ണായക പ്രസ്താവന ഉണ്ടായത്.
നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും അവര്‍ പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്ന് നിര്‍മലാ സീതാരാമന്‍ പറയുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നതാണ് ശ്രദ്ധേയം.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സൈലന്‍സര്‍ തീയേറ്ററുകളില്‍

പി.ആര്‍.സുമേരന്‍-
പ്രിയനന്ദനന്റെ ‘സൈലന്‍സര്‍’ 24ന് ചിത്രം തിയേറ്ററുകളിലെത്തും പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ സൈലന്‍സര്‍ തിയേറ്ററിലേക്ക്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ‘സൈലന്‍സര്‍’ 24 ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രിയനന്ദനന്റെ ‘പാതിരാക്കാല’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ലാല്‍, ഇര്‍ഷാദ്, രാമു, ബിനോയ് നമ്പോല, മീരാ വാസുദേവ്, സ്‌നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് അഭിനേതാക്കള്‍. കലാസംവിധാനം ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേയ്ക്കപ്പ് അമല്‍, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ പ്രേംജി പിള്ള, പശ്ചാത്തല സംഗീതം ബിജിബാല്‍, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, പി.ആര്‍.ഒ പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ സബിന്‍ കാട്ടുങ്ങല്‍, സംവിധാന സഹായികള്‍ ബിനോയ് മാത്യു, കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.

രാജ്യത്തെ സമ്പാദ്യം കുമിഞ്ഞു കൂടുന്നത് ഒരു ശതമാനത്തിന്റെ കയ്യില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പാദ്യം മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് അംബാനി ഉള്‍പ്പെടെയുള്ള ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്‌സ്‌ഫോം ഇന്റര്‍നാഷണല്‍ പഠന റിപ്പോര്‍ട്ട്. 70 ശതമാനം ജനങ്ങള്‍ക്കുള്ളതിനേക്കാള്‍ നാലിരട്ടി സമ്പാദ്യമാണ് ഇവര്‍ കൈവശം വെച്ചിരിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ ആകെയുള്ള ആസ്തി, 201819 വര്‍ഷത്തെ പൊതുബജറ്റിനേക്കാള്‍ കൂടുതല്‍ വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ലോക ജനസംഖ്യയുടെ 60 ശതമാനത്തിന് ഉള്ളതിനേക്കാള്‍ സമ്പാദ്യം 2,153 കോടീശ്വരന്മാരുടെ കൈവശമാണെന്ന് പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഈ കോടീശ്വരന്മാരുടെ സമ്പാദ്യം ഇരട്ടിയായി. സമ്പദ് വ്യവസ്ഥയിലെ ആഗോള അസമത്വം ഞെട്ടിക്കുന്നതും വിശാലവുമാണെന്നും കഴിഞ്ഞ ദശകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

ഇന്ധന വില വീണ്ടും കുറഞ്ഞു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.09 രൂപയും ഡീസലിന് 72.17 രൂപയുമായി.
ഇന്നലെ പെട്രോളിന് 77.20 രൂപയും ഡീസലിന് 72.37 രൂപയുമായിരുന്നു. ഏതാനും ദിവസങ്ങളായി ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

 

പ്രമുഖ പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഫോറക്‌സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു. കേരളത്തില്‍ വിവിധ വസ്തുവകള്‍ വാങ്ങിയതില്‍ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈ കേസില്‍ കാരണംകാണിക്കല്‍ നോട്ടീസും നല്‍കി.
കഴിഞ്ഞകുറേ നാളുകളായി തമ്പി ഇ.ഡി.യുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

ഒരു വടക്കന്‍ പെണ്ണ് പ്രദര്‍ശനത്തിന്

അജയ് തുണ്ടത്തില്‍-
വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിം ഹൗസിന്റെ ബാനറില്‍ റെമി റഹ്മാന്‍ നിര്‍മ്മിച്ച് ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ”ഒരു വടക്കന്‍ പെണ്ണ്” പ്രദര്‍ശനത്തിന് തയ്യാറായി.
തുളസി സുന്ദരിയാണ്. അവളുടെ ജീവിതയാത്രയില്‍ കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭര്‍ത്താവ് ചന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍ ശിവന്‍, നിഷ്‌ക്കളങ്ക യുവാവ് നന്ദന്‍ എന്നിവരാണവര്‍.
വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനാനായര്‍, അഞ്ജലി നായര്‍, അജയഘോഷ്, ഐശ്വര്യ, നിന്‍സി സേവ്യര്‍, മനീഷ ജയ്‌സിംഗ്, ആറ്റുകാല്‍ തമ്പി, അശോകന്‍ പാരിപ്പള്ളി, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍ (കുഞ്ഞുമോന്‍), ശ്യാം ചാത്തനൂര്‍, അനില്‍കുമാര്‍ കൂവളശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍, വിനോദ് നമ്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍, മാസ്റ്റര്‍ ആര്യന്‍, ബേബി ഇറം, ബേബി നവമി തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍ – ജാംസ് ഫിലിം ഹൗസ്, രചന, സംവിധാനം – ഇര്‍ഷാദ് ഹമീദ്, നിര്‍മ്മാണം – റെമി റഹ്മാന്‍, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം – അജയ് സരിഗമ, ബിനു ചാത്തനൂര്‍, ആലാപനം – ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ്, പശ്ചാത്തല സംഗീതം – തേജ് മെര്‍വിന്‍, എഡിറ്റര്‍ – ബാബു രാജ്, കഥ – എല്‍. ശ്രീകാന്തന്‍, പ്രൊ: കണ്‍ട്രോളര്‍ – എന്‍.ആര്‍. ശിവന്‍, പ്രൊഡക്ഷന്‍ എക്‌സി: അജയഘോഷ് – പരവൂര്‍, കല – ബാബു ആലപ്പുഴ, ചമയം – സലിംകടയ്ക്കല്‍, കോസ്റ്റ്യും – സുനില്‍ റഹ്മാന്‍, ഷിബു പരമേശ്വരന്‍, സ്റ്റില്‍സ് – ഷാലു പേയാട്, സന്തോഷ് വൈഡ് ആംഗിള്‍സ്, ക്രീയേറ്റീവ് ഡയറക്ടര്‍ – രാഹുല്‍കൃഷ്ണ, സഹസംവിധാനം – സജിത്ത്‌ലാല്‍, സംവിധാനസഹായികള്‍ – ജെയ്‌സ്, മിനി, ടോമി, ധനേഷ് കൃഷ്ണ, മാര്‍ക്കറ്റിംഗ് – അസിം കോട്ടൂര്‍, ഡിസൈന്‍സ് – മനു ഡാവിഞ്ചി, അനുജിത്ത് രാജശേഖരന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.