രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും: നിര്‍മല സീതാരാമന്‍

രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും: നിര്‍മല സീതാരാമന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കും. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധരകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ണായക പ്രസ്താവന ഉണ്ടായത്.
നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും അവര്‍ പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.
വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്ന് നിര്‍മലാ സീതാരാമന്‍ പറയുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നതാണ് ശ്രദ്ധേയം.

Post Your Comments Here ( Click here for malayalam )
Press Esc to close