യുവനടിയെ പീഡിപ്പിച്ച കേസ്; ദിലീപ് പുനരവലോകന ഹരജി നല്‍കും

യുവനടിയെ പീഡിപ്പിച്ച കേസ്; ദിലീപ് പുനരവലോകന ഹരജി നല്‍കും

ഫിദ-
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ പുനരവലോകന ഹരജി നല്‍കും. 29 നു കേസിന്റെ സാക്ഷിവിസ്താരം ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ പുതിയ നീക്കം. ഈയാഴ്ച ഹര്‍ജി ഫയല്‍ ചെയ്യും. പുനരവലോകന ഹര്‍ജി നല്‍കിയാലും വിചാരണക്കു തടസമില്ല. തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്‍കിയ വിടുതല്‍ ഹരജി വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണു പുനരവലോകന ഹര്‍ജി നല്‍കുന്നത്.
ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചേക്കും. പരമാവധി കേസ് നീട്ടിക്കൊണ്ടുപോവുകയാണ് ദിലീപിന്റെ ലക്ഷ്യം. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു കഴിഞ്ഞ നവംബര്‍ 29 ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു വിചാരണ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരം ഉടന്‍ തന്നെ ആരംഭിക്കാനിരിക്കേയാണു ദിലീപിന്റെ ഹരജികള്‍ വരുന്നത്. അതേസമയം, വിസ്താരത്തിനുള്ള പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടിക തയാറായി.
ആദ്യഘട്ടമായി 135 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടാംഘട്ടമായി 200 പേരെയും. ആദ്യം ഒന്നാംസാക്ഷിയായ നടിയുടെ വിസ്താരമാണു നടക്കുക. ഇതു ദിവസങ്ങള്‍ നീളുമെന്നാണു കരുതുന്നത്. തുടര്‍ന്ന് നടിയുടെ മാതാവിനെയും സഹോദരനെയും വിസ്തരിക്കും. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ 14ാം സാക്ഷിയാണ്.
ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം, വിചാരണക്കോടതി മാറ്റണം, വീഡിയോ കാണണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും കേസില്‍നിന്നു വിടുതല്‍ തേടിയും നിരവധി തവണയാണ് ദിലീപ് സുപ്രീം കോടതിയെയും മറ്റു കോടതികളെയും സമീപിച്ചത്.
കേസ് വിചാരണ തുടങ്ങാനിരിക്കെ പുതിയ ആവശ്യങ്ങളുമായി കോടതിയെ സമീപിക്കുകയും വിധി പ്രതികൂലമാകുന്നതോടെ മേല്‍ക്കോടതികളെ സമീപിക്കുകയും ചെയ്യുന്ന ദിലീപിന്റെ നടപടി, വിചാരണ വൈകിപ്പിക്കാനാണെന്ന് ആരോപണമുണ്ട്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമണത്തിന് ഇരയാകുന്നത്. ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം മുഖ്യപ്രതി സുനില്‍കുമാര്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ചു ബലമായി നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാണു കുറ്റപത്രം.

 

Post Your Comments Here ( Click here for malayalam )
Press Esc to close