‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ’: കെ.എസ് ചിത്ര

‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ’: കെ.എസ് ചിത്ര

ഫിദ-
മലയാളികളുടെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ആലാപനം കൊണ്ട് മാത്രമല്ല, ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും ഇഷ്ടം നേടിയ ഗായികയാണ് ചിത്ര. മകളുടെ അപ്രതീക്ഷിത മരണത്തിന് ശേഷം താന്‍ അനുഭവിച്ച വിഷമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ചിത്ര. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ചിത്ര മനസ്സ് തുറന്നത്.
ഞാനിത്രക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനു ശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ‘എന്നോട് എന്തിനു ഇതു ചെയ്തു’ എന്നു തന്നെയാണ്. കുറേ നാളുകള്‍ ഞാന്‍ അമ്പലത്തിലേക്കൊന്നും പോയില്ല. പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാന്‍ ഇരുട്ടിലടച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു. എന്റെ പ്രൊഫഷനു വേണ്ടി ജോലി വേണ്ടെന്നു വെച്ച വിജയേട്ടന്‍, വര്‍ഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്.
ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും. ആ സമയം ഈശ്വരന്‍ എത്രയോ ദൂതന്‍മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങള്‍ക്കു കരുതലുമായി വന്നവര്‍ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു. അതില്‍ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാര്‍ഥനയാലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. ‘നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.’ അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവല്‍ കൃപ. ചിത്ര പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close