
ഫിദ-
കൊച്ചി: ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്‌നിന്റെ നിലപാട്.
ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പു നല്‍കിയതായി നിര്‍മാതാക്കള്‍ പറയുന്നു. ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഷെയ്‌നിന് കത്ത് അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതിഫലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഷെയ്ന്‍.