Month: March 2020

വ്യാജപ്രചരണങ്ങള്‍ സജീവമായതോടെ കോഴിക്ക് വന്‍ വിലയിടിവ്

ഫിദ-
സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ സജീവമായതോടെ കോഴിക്ക് വന്‍ വിലയിടിവ്. ചില സ്ഥലങ്ങളില്‍ മൊത്ത വില 35 രൂപ നിരക്കിലാണ് ഇപ്പോള്‍ കോഴി വില്‍പന നടക്കുന്നത്. കോഴി കര്‍ഷകരെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോഴിക്കോട് കൊടിയത്തൂരില്‍ നാടന്‍ കോഴി വളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 80നും അതിനു മുകളിലും വിലയുണ്ടായിരുന്ന കോഴിക്ക് 50 രൂപയിലും താഴെ വിലയിടിഞ്ഞത്. ഇതോടെ വ്യാജപ്രചരണവും സജീവമായി. ഒരു തരത്തിലും കോഴി വാങ്ങിക്കഴിക്കരുതെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നും എവിടെയോ ഉള്ള ചില ഫോട്ടോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്.
കോഴിക്കും കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്.
അതേസമയം കോഴിക്ക് വില കുറഞ്ഞതോടെ വില്‍പന കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പക്ഷിപ്പനിയെന്ന ഭീതി തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് ഉപഭോക്താക്കളും പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

അളക ഖാനം-
ദോഹ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളും.&ിയുെ;
പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യക്കാര്‍ക്കും ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

കൊറോണ ഭീതിയില്‍ ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍ തുടരുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: കൊറോണ ഭീതിയില്‍ ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍ തുടരുന്നു. സെന്‍സെക്‌സ് 1134 പോയന്റ് നഷ്ടത്തില്‍ 36441ലും നിഫ്റ്റി 321 പോയന്റ് താഴ്ന്ന് 10667ലുമാണ് വ്യാപാരം നടക്കുന്നത്.
ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ഭീതിയിലായ നിക്ഷേകര്‍ കൂട്ടത്തോടെ ഓഹരി വിറ്റൊഴിയുന്നതാണ് വിപണിയെ ബാധിച്ചത്.
ബിഎസ്ഇയിലെ 203 ഓഹരികളാണ് നേട്ടത്തിലുള്ളത്. 665 ഓഹരികള്‍ നഷ്ടത്തിലുമാണ്. 66 ഓഹരികള്‍ക്ക് മാറ്റമില്ല. സെന്‍സെക്‌സ് 36400 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 10657 ലേയ്ക്കുമാണ് താഴ്ന്നത്. ഒഎന്‍ജിസി, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബിപിസിഎല്‍, ഐഒസി, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേരിയ നേട്ടത്തിലുള്ളത്.

ഇന്ധനവില വീണ്ടും കുറഞ്ഞു

ഫിദ-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിനു 30 പൈസയും ഡീസലിനും 26 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.43 രൂപയും ഡീസല്‍ വില 66.65 രൂപയുമായി.

 

കോഴിവില തകര്‍ന്നടിഞ്ഞു

ഫിദ-
കൊച്ചി: കൊറോണ, പക്ഷിപ്പനി ഭീതിയില്‍ ഇറച്ചിക്കോഴി വില തകര്‍ന്നടിഞ്ഞു. കിലോഗ്രാമിന് 25 രൂപയിലും താഴേക്കാണ് തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്നുള്ള വില. 80 രൂപയ്ക്ക് മേല്‍ വിലകിട്ടിയിരുന്നു.
തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ 75 ശതമാനവും കയറ്റി അയയ്ക്കുന്നത് കേരളത്തിലേക്കാണ്. കിലോഗ്രാമിന് 75 രൂപയ്ക്കടുത്താണ് ഉത്പാദനച്ചെലവ് എന്നാണ് കര്‍ഷര്‍ പറയുന്നത്. കേരളത്തില്‍ ഇത് 80ലും അധികമാണ്. അതായത് 50 രൂപയ്ക്കും മേലെ നഷ്ടത്തിലാണ് കോഴിവില്‍പ്പന. എന്നാല്‍ ആ വിലയ്ക്കുപോലും വിറ്റുപോകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നാമക്കല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ജില്ലകളിലായാണ് പ്രധാനമായും വന്‍തോതില്‍ കോഴിഫാമുകള്‍ ഉള്ളത്. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ കോഴി വ്യാപാരമേഖലയില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. രാജ്യത്ത് ഇത് പ്രതിദിനം 1500 കോടിമുതല്‍ മുതല്‍ 2000 കോടിവരെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. കൊറോണയുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഉണ്ടായില്ലെങ്കിലും കൊറോണ ഭീതിയും കോഴിവില്‍പ്പനയെ ബാധിച്ചിരുന്നു. അതിനിടെ കേരളത്തില്‍ കോഴിക്കോട് മേഖലയില്‍ പക്ഷിപ്പനി കണ്ടെത്തിയതോടെയാണ് കോഴിവില്‍പ്പന കൂപ്പുകുത്തിയത്.
ഉഷ്ണം, ക്രിസ്തുമത വിശ്വാസികളുടെ നോമ്പ് എന്നിവ കാരണം നേരത്തേ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു. മുട്ടവിലയും കുറഞ്ഞ് മൂന്നുരൂപ 18 പൈസയിലെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആവശ്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴികള്‍ സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നില്ലെന്നും സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തണം എന്നാണ് ആവശ്യം.

 

വോഡഫോണിന്റെ ഈ പ്രീപെയ്ഡ് പ്ലാനുകളില്‍ ഇരട്ടി ഡാറ്റ

ഫിദ-
കൊച്ചി: ഡിസംബറില്‍ താരിഫ് നിരക്ക് ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, ജിയോ എന്നിവ കടുത്ത മത്സരത്തിലാണ്. ഒന്നിനൊന്ന് മികച്ച ആനൂകൂല്യങ്ങളോടെയാണ് കമ്പനികള്‍ വിവിധ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ ചില പ്ലാനുകള്‍ക്ക് ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രത്യേക പ്ലാനുകള്‍ വോഡഫോണ്‍ ഐഡിയ അവതരിപ്പിച്ചിരുന്നു. 249 രൂപ, 399 രൂപ, 599 രൂപ എന്നീ പ്ലാനുകളിലാണ് ഈ ആനുകൂല്യം ബാധകമാവുക.
പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന ഒരു റീച്ചാര്‍ജ് പ്ലാനില്‍ പുതിയ ഓഫര്‍ അനുസരിച്ച് മൂന്ന് ജിബി ഡാറ്റ ദിവസേന ലഭിക്കും. ഇക്കാരണം കൊണ്ട് പ്ലാനുകളുടെ വില കൂടില്ല. വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ ആനുകൂല്യം കുറഞ്ഞ നിരക്കില്‍ ആസ്വദിക്കാനുള്ള നല്ല ഒരു അവസരം കൂടിയാണിത്. ഹ്രസ്വകാലത്തേക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
249 രൂപയുടെ പ്ലാന്‍ 1.5 ജിബി ഡാറ്റയാണ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. പുതിയ ഓഫറില്‍ പ്രതിദിനം മൂന്ന് ജിബി ഡാറ്റ ഈ റീച്ചാര്‍ജില്‍ ലഭിക്കും. ഈ പ്ലാനില്‍ നേരത്തെ ലഭിച്ചിരുന്ന അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും 28 ദിവസത്തെ വാലിഡിറ്റിയില്‍ ഉപയോഗിക്കാം.
349 രൂപയുടെ പ്ലാനിലും 1.5 ജിബി പ്രതിദിന ഡാറ്റയ്ക്ക് പകരം ദിവസേന 3 ജിബി ഡാറ്റ ഉപയോഗിക്കാനാവും. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരും. 84 ദിവസം വാലിഡിറ്റിയുള്ള 599 രൂപയുടെ പ്ലാനിലും ഇതേ മാറ്റമാണ് ഉണ്ടാവുക.
പഴയ നിരക്കില്‍ തന്നെ കൂടുതല്‍ ഡാറ്റ ലഭിക്കുന്നതിനാല്‍ ഇത് വോഡഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള സുവര്‍ണാവസരമാണ്.

കൊറോണ ഇന്ത്യയിലെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

അളക ഖാനം-
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഇന്നു മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇതേ തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്ത്യയെക്കൂടാതെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കുവൈത്ത് റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 59 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

മൈക്രോസോഫ്റ്റും ആക്‌സഞ്ചറും ഒന്നിക്കുന്നു

രാംനാഥ് ചാവ്‌ല-
കൊച്ചി: സാമൂഹിക സ്വാധീനത്തിലും സുസ്ഥിരതയിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും സഹായിക്കാനായി മൈക്രോസോഫ്റ്റും ആക്‌സഞ്ചറും ഒന്നിക്കുന്നു. ആഗോളതലത്തില്‍ ഒരു ദശലക്ഷം ആളുകളിലേക്ക് എത്തിച്ചേരുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ സാമൂഹിക സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയും ആക്‌സഞ്ചര്‍ ലാബുകളും ഈ പദ്ധതിയിലൂടെ സാമൂഹിക സംരംഭ സ്റ്റാര്‍ട്ടപ്പുകളെ ആശയങ്ങള്‍ പരിശോധിക്കാനും തെളിവു സാധൂകരിക്കാനും സഹായിക്കും. അവരുടെ സൊലൂഷനുകളുടെ സ്വാധീനം പുനര്‍ഭാവന ചെയ്യാന്‍ സഹായിക്കുന്നതിന് ഡിസൈന്‍ ചിന്ത(ഡിസൈന്‍ തിങ്കിംഗ് സെഷന്‍) സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും പരീക്ഷിക്കുന്നതിനും സംരംഭകര്‍ക്ക് പിന്തുണ നല്‍കും.
പദ്ധതിയുടെ തുടക്കത്തില്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടും. ഈ പദ്ധതിയിലൂടെ സമത്വം, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, പരിസ്ഥിതി എന്നീ കാര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ആക്‌സഞ്ചര്‍ ടെക്‌നോളജി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ആക്‌സഞ്ചറിലെ ചീഫ് ടെക്‌നോളജി ഓഫീസറുമായ പോള്‍ ഡോഫര്‍ട്ടി പറഞ്ഞു. മൈക്രോസോഫ്റ്റ് രൂപകല്‍പന ചെയ്തിരിക്കുന്ന ആഗോള സാമൂഹിക സംരംഭകത്വ പരിപാടിയുടെ ഭാഗമായാണ് അക്‌സഞ്ചറുമായുള്ള ഈ സംയുക്ത സംരംഭം.

 

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ ലുക്കൗട്ട് നോട്ടീസ്

വിഷ്ണു പ്രതാപ്-
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. ഇയാളുടെ മുംബൈയിലെ വസതിയില്‍ ഇ ഡി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എടിഎമ്മുകള്‍ കാലിയാണ്.
ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആളുകള്‍ ഇരച്ചെത്തിയതാണ് ഓണ്‍ലൈന്‍ സംവിധാനം താറുമാറാക്കിയത്. രാവിലെ തന്നെ എടിഎമ്മുകളിലെ പണം ആളുകള്‍ പിന്‍വലിച്ചു. ഇതോടെയാണ് രാവിലെ മുതല്‍ ബാങ്കിലേക്ക് ഇടപാടുകാര്‍ എത്തിയത്. ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥര്‍.

കോഴിപ്പോര് ഒരു അടിപൊളി എന്റര്‍ടേയ്‌നര്‍

മഹേഷ് മാധവ് കമ്മത്ത്-
കോഴിപ്പോര് ഒരു കോഴിയും രണ്ട് കുടുംബങ്ങളും തമ്മിലുള്ള പോരിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ നിഷ്‌കളങ്കമായ ഒരു നാട്ടിന്‍പുറത്തെ പ്രണയവുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ കോഴിപ്പോര് ഒരു ഫുള്‍ എന്റര്‍ടേയ്‌നറാണ്. നാട്ടിന്‍ പുറങ്ങളില്‍ നാം കണ്ടിട്ടുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം രസകരമായി ഒരുക്കിയിരിക്കുന്നത്. പ്രണയത്തിനെന്നപോലെ സൗുഹൃദത്തിനും പ്രാധാന്യം നല്‍കിയ ഒരു അടിപൊളി ചിത്രം കൂടിയാണ് കോഴിപ്പോര്. ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പുത്തന്‍ താരോദയമായി മാറാനൊരുങ്ങുകയാണ് നവജിത്ത് നാരായണന്‍. ഇന്ദ്രന്‍സ്, പൗളി വില്‍സണ്‍, ജോളി ചിറയത്ത്, പ്രവീണ്‍ കമ്മട്ടിപ്പാടം, കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ എത്തിയ വീണ നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകരായ ജിബിറ്റ് ജോര്‍ജ്, ജിനോയ് ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറിയൊരു വിഷയം ബന്ധങ്ങളെ എങ്ങനെ വിഷളാക്കുന്നു എന്ന് കാണിച്ചു തരുന്ന ചിത്രമാണ് കോഴിപ്പോര്. ഓരോ സീനിലും വന്നുപോകുന്ന കഥാപാത്രങ്ങളും, സന്ദര്‍ഭങ്ങളും തികച്ചും സാധാരണ നാട്ടിന്‍പുറത്തെ വീടുകളില്‍ കാണുന്നപോലെ ചിത്രീകരിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചു. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹകനായ രാഗേഷ് നാരായണന്റെ ചിത്രീകരണ മികവ് എടുത്തു പറയേണ്ടതുതന്നെയാണ്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ അപ്പു ഭട്ടതിരി. ജെ പിക് മൂവീസിന്റെ ബാനറില്‍ വി ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.