കോഴിവില തകര്‍ന്നടിഞ്ഞു

കോഴിവില തകര്‍ന്നടിഞ്ഞു

ഫിദ-
കൊച്ചി: കൊറോണ, പക്ഷിപ്പനി ഭീതിയില്‍ ഇറച്ചിക്കോഴി വില തകര്‍ന്നടിഞ്ഞു. കിലോഗ്രാമിന് 25 രൂപയിലും താഴേക്കാണ് തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്നുള്ള വില. 80 രൂപയ്ക്ക് മേല്‍ വിലകിട്ടിയിരുന്നു.
തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ 75 ശതമാനവും കയറ്റി അയയ്ക്കുന്നത് കേരളത്തിലേക്കാണ്. കിലോഗ്രാമിന് 75 രൂപയ്ക്കടുത്താണ് ഉത്പാദനച്ചെലവ് എന്നാണ് കര്‍ഷര്‍ പറയുന്നത്. കേരളത്തില്‍ ഇത് 80ലും അധികമാണ്. അതായത് 50 രൂപയ്ക്കും മേലെ നഷ്ടത്തിലാണ് കോഴിവില്‍പ്പന. എന്നാല്‍ ആ വിലയ്ക്കുപോലും വിറ്റുപോകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നാമക്കല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ജില്ലകളിലായാണ് പ്രധാനമായും വന്‍തോതില്‍ കോഴിഫാമുകള്‍ ഉള്ളത്. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ കോഴി വ്യാപാരമേഖലയില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. രാജ്യത്ത് ഇത് പ്രതിദിനം 1500 കോടിമുതല്‍ മുതല്‍ 2000 കോടിവരെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. കൊറോണയുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഉണ്ടായില്ലെങ്കിലും കൊറോണ ഭീതിയും കോഴിവില്‍പ്പനയെ ബാധിച്ചിരുന്നു. അതിനിടെ കേരളത്തില്‍ കോഴിക്കോട് മേഖലയില്‍ പക്ഷിപ്പനി കണ്ടെത്തിയതോടെയാണ് കോഴിവില്‍പ്പന കൂപ്പുകുത്തിയത്.
ഉഷ്ണം, ക്രിസ്തുമത വിശ്വാസികളുടെ നോമ്പ് എന്നിവ കാരണം നേരത്തേ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു. മുട്ടവിലയും കുറഞ്ഞ് മൂന്നുരൂപ 18 പൈസയിലെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആവശ്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴികള്‍ സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നില്ലെന്നും സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തണം എന്നാണ് ആവശ്യം.

 

Post Your Comments Here ( Click here for malayalam )
Press Esc to close