Month: March 2020

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്

ഫിദ-
സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയിലും പവന് 400 രൂപ വര്‍ധിച്ച് 32,320 രൂപയിലും എത്തി. ആറു ദിവസത്തിനുള്ളില്‍ പവന് 1200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് ഒന്നിന് പവന് 31,120 രൂപയായിരുന്ന സ്വര്‍ണവില. കൊറോണ വൈറസിനെ തുടര്‍ന്ന് മറ്റു വിപണികളില്‍ വിശ്വാസം നഷ്ടപ്പെടുകയും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തെരഞ്ഞെടുക്കുകയും ചെയ്തതോടെയാണ് സ്വര്‍ണവില കുതിച്ചത്.

 

പോക്‌സോ 99-ന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു

അജയ്തുണ്ടത്തില്‍-
അംബ മുത്തശ്ശി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണന്‍ പോറ്റി നിര്‍മ്മിച്ച് ഡോ. മനു സി. കണ്ണൂര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ”പോക്‌സോ – 99” എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച്, കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
പോക്‌സോ (പ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വൃദ്ധനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് സഞ്ചരിക്കുന്നത്. ബാലതാരം ശിവഗംഗ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
വി.എസ്. അച്ചുതാനന്ദനും സുഗതകുമാരി ടീച്ചറും പ്രധാന വേഷത്തില്‍ അഭിനയിച്ച ”ഭൂമിയുടെ മക്കള്‍” എന്ന ചിത്രത്തിനുശേഷമുള്ള ഡോ. മനു സി. കണ്ണൂരിന്റെ സംവിധാന സംരംഭമാണിത്.
ബാനര്‍ – അംബ മുത്തശ്ശി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – കണ്ണന്‍ പോറ്റി, കഥ, സംവിധാനം – ഡോ. മനു. സി കണ്ണൂര്‍, തിരക്കഥ, സംഭാഷണം – അജിത് പൂജപ്പുര, പ്രോജക്ട് ഡിസൈനര്‍ – കെ. സതീഷ്, പി.ആര്‍.ഓ – അജയ്തുണ്ടത്തില്‍.

നാളേയ്ക്കായ് തുടങ്ങി

അജയ്തുണ്ടത്തില്‍-
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാളേയ്ക്കായ്’.
ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂര്‍ ക്ഷേത്രത്തില്‍ നടന്നു. സ്വിച്ചോണ്‍ കര്‍മ്മം, പ്രശസ്ത അഭിനേത്രി ശ്രീലതാ നമ്പൂതിരിയാണ് നിര്‍വ്വഹിച്ചത്. സന്തോഷ് കീഴാറ്റൂര്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാളേയ്ക്കായ് ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകുന്ന ഒരു സാമൂഹിക കാലഘടനയില്‍, ആകസ്മികമായി സംഭവിക്കുന്ന ഒരു വൈകാരിക ബന്ധം, ‘ദിനനാഥന്‍’ എന്ന അവിവാഹിതന്റെ ജീവിതത്തിലുണ്ടാക്കുന്ന അനുകൂലാവസ്ഥയില്‍ നിന്നും ഈ ചിത്രത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നു.
ബാനര്‍, നിര്‍മ്മാണം – സൂരജ് ശ്രുതി സിനിമാസ്, സംവിധാനം – സുരേഷ് തിരുവല്ല, എക്‌സി: പ്രൊഡ്യൂസര്‍ – ആഷാഡം ഷാഹുല്‍, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി.കെ. അജിതന്‍ കുമാര്‍, ഛായാഗ്രഹണം – പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, പ്രൊ: കണ്‍ട്രോളര്‍ – ചന്ദ്രദാസ്, പ്രൊ: എക്‌സി: – സുനില്‍ പനച്ചിമൂട്, ഗാനരചന – ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, കല – രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം – സൂര്യാ ശ്രീകുമാര്‍, ചമയം – അനില്‍ നേമം, ചീഫ് അസ്സോ. ഡയറക്ടര്‍ – കിരണ്‍ റാഫേല്‍, സഹസംവിധാനം – ഹാരിസ്, അരുണ്‍, സ്റ്റില്‍സ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്ജലി, ഡിസൈന്‍സ് – മീഡിയാ സെവന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.
സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് ശിവ, കൃഷ്ണ പ്രസാദ്, സജീവ് വ്യാസ, ഷിബുലബാന്‍, നൗഷാദ് ഷാഹുല്‍, ആര്‍ ജെ സുരേഷ്, ജയ്‌സപ്പന്‍ മത്തായി, കെ.പി. സുരേഷ്‌കുമാര്‍, പ്രണവ്, ശ്രീലതാ നമ്പൂതിരി, ബെന്ന ജോണ്‍, നന്ദന, ആമി, ആശാ നായര്‍, മണക്കാട് ലീല എന്നിവരഭിനയിക്കുന്നു. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷന്‍.

മീന്‍ലഭ്യത കുറഞ്ഞു മത്സ്യത്തൊഴിലാളികള്‍ വിദേശതീരത്തേക്ക്

ഫിദ-
കൊച്ചി: കേരളത്തിലെ മീന്‍ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ പണിതേടി വിദേശതീരത്തേക്ക് മാറുന്നു. ഇറാന്‍, സൗദി, ഖത്തര്‍, യു.എ.ഇ., ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജോലിതേടിയുള്ള മത്സ്യത്തൊഴിലാളികളുടെ കുടിയേറ്റം. ഓഖിക്ക് ശേഷമാണ് മീന്‍ലഭ്യത ഗണ്യമായി കുറഞ്ഞത്. ഓഖി വീശിയടിച്ച മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നാശമുണ്ടാകുകയും ചെയ്തിരുന്നു. പണിയില്ലാതായതും ദുരന്തത്തിലുണ്ടായ നഷ്ടവും തൊഴിലാളികളെ കടക്കെണിയിലാക്കി. ഇതോടെയാണ് പണിതേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കിയത്.
തെക്കന്‍ തീരങ്ങളായ പൊഴിയൂര്‍, പൂവാര്‍, കൊല്ലങ്കോട്, വള്ളവിള, നീരോടി പ്രദേശങ്ങളിലാണ് കഴിഞ്ഞ നാലുവര്‍ഷമായി മത്സ്യസമ്പത്തില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നത്. ഇവിടെനിന്ന് മാത്രം നൂറിലധികം പേരാണ് ഇതിനകം വിദേശതീരത്തേക്ക് പോയത്. മത്സ്യ തൊഴിലാളികള്‍ക്ക് നല്ലവില ലഭിക്കുന്ന വേളാപ്പാര ഈ പ്രദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ സുലഭമായി ലഭിച്ചിരുന്നു. ഓരോ വര്‍ഷവും വേളാപ്പാരയുടെ ഒരു ചാകരയെങ്കിലും ഇവിടങ്ങളിലുണ്ടാകുമായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷമായി ഇതുണ്ടായിട്ടില്ല. പൊഴിയൂര്‍, പരുത്തിയൂര്‍ തീരത്തുനിന്ന് മാത്രം എണ്‍പതോളം ചെറുവള്ളങ്ങളാണ് മുന്‍കാലങ്ങളില്‍ മത്സ്യബന്ധനത്തിനായി പോയിരുന്നത്. എന്നാല്‍, ഇന്നത് മുപ്പതില്‍ താഴെയായി.
ചെലവിന് അനുസരിച്ച് മീന്‍കിട്ടാതെ വന്നതോടെ പലരും വള്ളവും വലയും വിറ്റു. പരുത്തിയൂര്‍ മേഖലയില്‍ കരമടി മുഖേന മത്സ്യബന്ധനം നടത്തുന്ന പതിനഞ്ച് സംഘങ്ങള്‍ ഉണ്ടായിരുന്നു. അത് മൂന്നോ നാലോ ആയികുറഞ്ഞു. വലിയ ബോട്ടുകളിലും കപ്പലുകളിലും വന്നുള്ള അനിയന്ത്രിതമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുള്ളതായി തൊഴിലാളികള്‍ പറയുന്നു.
പൊഴിയൂരില്‍നിന്ന് മാത്രം നൂറിലധികം തൊഴിലാളികള്‍ വിദേശ തീരത്തേക്ക് പോയിട്ടുണ്ട്. ഇവരില്‍ ഇറാനില്‍പോയവരാണ് കൊറോണ ഭീതിയില്‍ മുറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഗള്‍ഫ് മേഖലയ്ക്ക് പുറമെ മാലി തുടങ്ങിയ രാജ്യങ്ങളിലേക്കും മത്സ്യബന്ധന ജോലിയുമായി ബന്ധപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ട്. ഇവിടെയും ഇവര്‍ ചൂഷണത്തിന് ഇരയാകുകയാണ്. മാസം നിശ്ചിത ശമ്പളത്തിന് പകരം ലഭിക്കുന്ന മത്സ്യം വിറ്റ് ലഭിക്കുന്നതില്‍ നിന്ന് ബോട്ട് ഉടമക്ക് നിശ്ചിത തുക നല്‍കിയ ശേഷം ലഭിക്കുന്ന പണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും അവിടത്തെ ചെലവിനുള്ളത് പോലും ലഭിക്കാറില്ലായെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മീന്‍ലഭ്യത കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൃത്രിമ പാരുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ, പുതുക്കുറിച്ചി എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിലെ തീരക്കടലില്‍ 140 കൃത്രിമ പാരുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൂന്തുറ, ബീമാപള്ളി, വലിയതുറ എന്നിവിടങ്ങളില്‍ 280 കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലംകോട്, പരുത്തിയൂര്‍, പുതിയതുറ, പള്ളം, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ തീരക്കടലില്‍ 200 പാരുകളാണ് സ്ഥാപിക്കുന്നത്. ഇതിന് 3.75 കോടിയും നല്‍കിയിട്ടുണ്ട്.

കുപ്പിവെള്ളത്തിന്റെ വില 13 രൂപ

ഫിദ-
തിരു: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വില നിയന്ത്രണം നിലവില്‍ വന്നതായും സര്‍ക്കാര്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകള്‍ കര്‍ശനമാക്കും. ബിഐഎസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളൂ.
പലരും ഇഷ്ടമുള്ള വിലക്ക് കുപ്പിവെള്ളം വില്‍ക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നത്. അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

കോവിഡ്19 വൈറസ് ബാധ; മരുന്ന് കയറ്റുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കോവിഡ്19 വൈറസ് ബാധ രാജ്യത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.
പാരസെറ്റാമോളിന് പുറമെ വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡാക്‌സോള്‍ എന്നീ മരുന്നുകളും പ്രൊജസ്‌റ്റെറോണ്‍ ഹോര്‍മോണ്‍, ക്രോമാഫെനികോള്‍, ഒനിഡാസോള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളുമാണ് കയറ്റുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
ലോകത്തേറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജെനറിക് മരുന്നാണ് പാരസെറ്റാമോള്‍. പനി, വേദന എന്നിവക്കായി പൊതുവായി ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ ലോകമാകെ കോവിഡ്19 ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കരുതുന്നത്.
വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് ലോകത്ത് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളില്‍ 70 ശതമാനവും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. കോവിഡ്19 വൈറസ് ബാധയേതുടര്‍ന്ന് ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ മരുന്നുകളുടെ ഇന്ത്യയിലെ ഇത്പാദനത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കയറ്റുമതി തത്കാലത്തേക്ക് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനം ആഗോളതലത്തില്‍ മരുന്നുവില വര്‍ധിക്കാന്‍ കാരണമാകും. അതേസമയം ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകളുടെ മൂന്ന് മാസത്തേക്കുള്ള ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

 

ഷെയിന്‍ നിഗവുമായുള്ള പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കും: മോഹന്‍ലാല്‍

ഫിദ-
കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ഇന്നലെ ചേര്‍ന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലാണു പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്.
വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗത്തിലേക്ക് ഷെയിന്‍ നിഗത്തെയും വിളിച്ചുവരുത്തിയിരുന്നു.
എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിര്‍വാഹക സമിതിയോഗം ചേര്‍ന്നത്. യോഗത്തില്‍ മുകേഷ്, ഗണേഷ് എന്നിവരൊഴികെ എല്ലാ അംഗങ്ങളും പങ്കെടുത്തു.

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡിനൊപ്പം

ഗായത്രി-
കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിനൊപ്പമെത്തി. പവന് 760 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് വീണ്ടും 32,000 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപയുടെ വര്‍ധനവുണ്ടായി.

 

നടിയെ ആക്രമിച്ച കേസ്; അവധിക്ക് അപേക്ഷ നല്‍കി കുഞ്ചാക്കോ ബോബനും മുകേഷും

ഫിദ-
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ അവധിക്ക് അപേക്ഷ നല്‍കി നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും.
നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനാല്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. തുടര്‍ന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ അവധിക്ക് അപേക്ഷ നല്‍കിയത്.