മീന്‍ലഭ്യത കുറഞ്ഞു മത്സ്യത്തൊഴിലാളികള്‍ വിദേശതീരത്തേക്ക്

മീന്‍ലഭ്യത കുറഞ്ഞു മത്സ്യത്തൊഴിലാളികള്‍ വിദേശതീരത്തേക്ക്

ഫിദ-
കൊച്ചി: കേരളത്തിലെ മീന്‍ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ പണിതേടി വിദേശതീരത്തേക്ക് മാറുന്നു. ഇറാന്‍, സൗദി, ഖത്തര്‍, യു.എ.ഇ., ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജോലിതേടിയുള്ള മത്സ്യത്തൊഴിലാളികളുടെ കുടിയേറ്റം. ഓഖിക്ക് ശേഷമാണ് മീന്‍ലഭ്യത ഗണ്യമായി കുറഞ്ഞത്. ഓഖി വീശിയടിച്ച മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നാശമുണ്ടാകുകയും ചെയ്തിരുന്നു. പണിയില്ലാതായതും ദുരന്തത്തിലുണ്ടായ നഷ്ടവും തൊഴിലാളികളെ കടക്കെണിയിലാക്കി. ഇതോടെയാണ് പണിതേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കിയത്.
തെക്കന്‍ തീരങ്ങളായ പൊഴിയൂര്‍, പൂവാര്‍, കൊല്ലങ്കോട്, വള്ളവിള, നീരോടി പ്രദേശങ്ങളിലാണ് കഴിഞ്ഞ നാലുവര്‍ഷമായി മത്സ്യസമ്പത്തില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നത്. ഇവിടെനിന്ന് മാത്രം നൂറിലധികം പേരാണ് ഇതിനകം വിദേശതീരത്തേക്ക് പോയത്. മത്സ്യ തൊഴിലാളികള്‍ക്ക് നല്ലവില ലഭിക്കുന്ന വേളാപ്പാര ഈ പ്രദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ സുലഭമായി ലഭിച്ചിരുന്നു. ഓരോ വര്‍ഷവും വേളാപ്പാരയുടെ ഒരു ചാകരയെങ്കിലും ഇവിടങ്ങളിലുണ്ടാകുമായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷമായി ഇതുണ്ടായിട്ടില്ല. പൊഴിയൂര്‍, പരുത്തിയൂര്‍ തീരത്തുനിന്ന് മാത്രം എണ്‍പതോളം ചെറുവള്ളങ്ങളാണ് മുന്‍കാലങ്ങളില്‍ മത്സ്യബന്ധനത്തിനായി പോയിരുന്നത്. എന്നാല്‍, ഇന്നത് മുപ്പതില്‍ താഴെയായി.
ചെലവിന് അനുസരിച്ച് മീന്‍കിട്ടാതെ വന്നതോടെ പലരും വള്ളവും വലയും വിറ്റു. പരുത്തിയൂര്‍ മേഖലയില്‍ കരമടി മുഖേന മത്സ്യബന്ധനം നടത്തുന്ന പതിനഞ്ച് സംഘങ്ങള്‍ ഉണ്ടായിരുന്നു. അത് മൂന്നോ നാലോ ആയികുറഞ്ഞു. വലിയ ബോട്ടുകളിലും കപ്പലുകളിലും വന്നുള്ള അനിയന്ത്രിതമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുള്ളതായി തൊഴിലാളികള്‍ പറയുന്നു.
പൊഴിയൂരില്‍നിന്ന് മാത്രം നൂറിലധികം തൊഴിലാളികള്‍ വിദേശ തീരത്തേക്ക് പോയിട്ടുണ്ട്. ഇവരില്‍ ഇറാനില്‍പോയവരാണ് കൊറോണ ഭീതിയില്‍ മുറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഗള്‍ഫ് മേഖലയ്ക്ക് പുറമെ മാലി തുടങ്ങിയ രാജ്യങ്ങളിലേക്കും മത്സ്യബന്ധന ജോലിയുമായി ബന്ധപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ട്. ഇവിടെയും ഇവര്‍ ചൂഷണത്തിന് ഇരയാകുകയാണ്. മാസം നിശ്ചിത ശമ്പളത്തിന് പകരം ലഭിക്കുന്ന മത്സ്യം വിറ്റ് ലഭിക്കുന്നതില്‍ നിന്ന് ബോട്ട് ഉടമക്ക് നിശ്ചിത തുക നല്‍കിയ ശേഷം ലഭിക്കുന്ന പണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും അവിടത്തെ ചെലവിനുള്ളത് പോലും ലഭിക്കാറില്ലായെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് മീന്‍ലഭ്യത കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൃത്രിമ പാരുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ, പുതുക്കുറിച്ചി എന്നീ മത്സ്യബന്ധന ഗ്രാമങ്ങളിലെ തീരക്കടലില്‍ 140 കൃത്രിമ പാരുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൂന്തുറ, ബീമാപള്ളി, വലിയതുറ എന്നിവിടങ്ങളില്‍ 280 കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലംകോട്, പരുത്തിയൂര്‍, പുതിയതുറ, പള്ളം, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിലെ തീരക്കടലില്‍ 200 പാരുകളാണ് സ്ഥാപിക്കുന്നത്. ഇതിന് 3.75 കോടിയും നല്‍കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close