കൊറോണ ഭീതിയില്‍ കൂപ്പ്കുത്തി വിപണി

കൊറോണ ഭീതിയില്‍ കൂപ്പ്കുത്തി വിപണി

രാംനാഥ് ചാവ്‌ല-
മുംബൈ: കോവിഡ് 19 സൃഷ്ടിച്ച ആഘാതം ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിട്ടൊഴിയുന്നില്ല. ബോംബെ, ദേശീയ സൂചികകള്‍ ഇന്നും വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ബോംബെ സൂചിക സെന്‍സെക്‌സ് 1,851.7 പോയിന്റ് നഷ്ടത്തോടെ 33,845.70ത്തിലേക്ക് കൂപ്പുകുത്തി. 549 പോയിന്റ് നഷ്ടത്തോടെ 9,909.35ലേക്കാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
30 മാസത്തിനിടയില്‍ ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. സെന്‍സെക്‌സ് 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ടാറ്റ സ്റ്റീല്‍, ഒ.എന്‍.ജി.സി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം 8 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ഇന്നലെ നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും വിപണിയുടെ തകര്‍ച്ചയില്‍ പിടിച്ച് നില്‍ക്കാനായില്ല. 7 ശതമാനം നഷ്ടമാണ് റിലയന്‍സിന് ഉണ്ടായത്. നിഫ്റ്റിയില്‍ യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഒ.എന്‍.ജി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ എന്നിവയും നഷ്ടം രേഖപ്പെടുത്തി.
കോവിഡ് 19 സംബന്ധിച്ച ആശങ്കകള്‍ തന്നെയാണ് ഓഹരി വിപണികളെ പിടിച്ചുലച്ചത്. കോറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് യു.എസ് യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ കോവിഡ് 19 പ്രതീക്ഷിച്ചതിലും വലിയ ആഘാതമുണ്ടാക്കുകയാണെന്ന തിരിച്ചറിവ് വിപണികളില്‍ വില്‍പന സമ്മര്‍ദമുണ്ടാക്കി. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രതിഫലിച്ചത്.
മറ്റ് വിപണികളിലും തകര്‍ച്ച തുടരുകയാണ്. ജപ്പാനിലെ നിക്കി 5.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ആസ്‌ട്രേലിയയിലെ നഷ്ടം 7.4 ശതമാനമാണ്. ദക്ഷിണകൊറിയയിലെ കോസപി 4.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് ദക്ഷിണകൊറിയന്‍ വിപണി.

Post Your Comments Here ( Click here for malayalam )
Press Esc to close