Month: August 2018

ഇന്ധന വിലയില്‍ വര്‍ധന

ഫിദ-
തിരു: സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി. ഒമ്പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയും ഡീസലിന് എട്ട് ദിവസത്തിനിടെ 94 പൈസയുമാണ് വര്‍ധിച്ചത്.

അസാധുവാക്കിയ 1000, 500 കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തി: ആര്‍.ബി.ഐ.

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000,500 രൂപയുടെ കറന്‍സികളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ. 201718 വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 15.3 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സിയാണ് തിരിച്ചെത്തിയത്.
തിരികെയെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി.10,720 കോടി രൂപയുടെ കറന്‍സി ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
നോട്ട് പിന്‍വലിക്കലിന് ശേഷം ഏകദേശം 7,965 കോടി രൂപ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനായി ചെലവഴിച്ചതായും ആര്‍.ബി.ഐ അറിയിച്ചു. ഹൈ സ്പീഡ് കറന്‍സി പ്രൊസസിംഗ് ആന്റ് വെരിഫിക്കേഷന്‍ സിസ്റ്റമാണ് അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍.ബി.ഐ ഉപയോഗിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളിലൊന്നായിരുന്നു 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനം. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു.

സമ്പന്ന കായിക താരങ്ങളില്‍ പിവി സിന്ധുവും

അളക ഖാനം-
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായികതാരങ്ങളില്‍ ഇന്ത്യയുടെ പി.വി സിന്ധുവും. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരത്തെ കടത്തിവെട്ടിയാണ് ബാഡ്മിന്റണ്‍ താരം സിന്ധു ഞെട്ടിച്ചത്. ടെന്നീസ് ലോക ഒന്നാം നമ്പര്‍ സിമോണ ഹാലപ്പാണ് സിന്ധുവിന്റെ വരുമാനത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരിയായത്. ഫോര്‍ബ്‌സ് മാഗസിനാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ താരങ്ങളില്‍ സിന്ധു ഏഴാം സ്ഥാനത്താണ്.
ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്നു മാത്രമായി സിന്ധു മൂന്നരക്കോടി രൂപയാണ് (500,000 ഡോളര്‍) കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും എട്ട് ദശലക്ഷം ഡോളറും സ്വന്തമാക്കി. സിന്ധുവിന്റെ ആഴ്ചയിലെ ആകെ വരുമാനം ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം (11247000) രൂപയാണ്.
ഫോര്‍ബ്‌സിന്റെ കണക്കില്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഇത്തവണയും വനിതാ താരങ്ങളില്‍ മുന്നില്‍. സെറീനയുടെ ഒരു വര്‍ഷത്തെ വരുമാനം 18.062 ദശലക്ഷം ഡോളറാണ്. വോസ്‌നിയാക്കിയാണ് രണ്ടാം സ്ഥാനത്ത്. വോസ്‌നിയാക്കിക്ക് 13 ദശലക്ഷം ഡോളറാണ് സമ്പാദ്യം. സിന്ധുവരെ ആദ്യത്തെ ആറു പേരും ടെന്നീസില്‍നിന്നുള്ളവരാണ്. പട്ടികയിലെ ആദ്യപത്തില്‍ പി.വി.സിന്ധുവും മുന്‍ കാര്‍ െ്രെഡവറുമായ ഡാനികാ പാട്രികുമാണ് ടെന്നീസ് താരങ്ങളല്ലാത്തവര്‍.

 

കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഐശ്വര്യയും

രാംനാഥ് ചാവ്‌ല-
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഐശ്വര്യ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. 4.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഭാഷാ ഭേദമന്യേ ഇതിനോടകം തന്നെ നിരവധി സിനിമാ താരങ്ങള്‍ കേരളത്തിനായി സംഭാവനകള്‍ നല്‍കി കഴിഞ്ഞു. ഏറ്റവുമൊടുവിലായി തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ തന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ആഗസ്റ്റ് 24ന് കേരളത്തിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ വിജയകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് യു.എ.ഇയുടെ 700 കോടി

ഫിദ-
തിരു: കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മേധാവി എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് എന്തു സഹായത്തിനും യു.എ.ഇ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കാബിനറ്റ്ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി കഴിഞ്ഞദിവസം അറിയിച്ചതായി എം.എ യൂസുഫലി വ്യക്തമാക്കിയിരുന്നു.
യു.എ.ഇ പ്രസിഡന്റിന്റെ നാമധേയത്തിലുള്ള ഖലീഫ ഫണ്ടില്‍ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂര്‍ണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂര്‍ത്തിയായ ശേഷം കേന്ദ്രസര്‍ക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറും. ഭരണതലത്തിലെ ഉന്നതരും സ്വദേശികളുമെല്ലാം കേരളത്തിന് പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിധി, ഖലീഫ ഫൗണ്ടേഷന്‍ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ നിധി എന്നിങ്ങനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 18 കോടി രൂപ യൂസുഫലി ഇതിനകം സംഭാവന നല്‍കിയിട്ടുണ്ട്.

ഖുശ്ബു ജയലളിതയാവുന്നു

ഫിദ-
മുന്‍ തെന്നിന്ത്യന്‍ താരം ഖുശ്ബു ജയലളിതയാവുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജിവിതവുമായി ബന്ധപ്പെട്ട സിനിമയിലാണ് ഖുശ്ബു ഇത്തരത്തില്‍ വേഷമിടുന്നത്. ജയലളിതയുമായുള്ള ഖുശ്ബുവിന്റെ രൂപ സാദൃശ്യമാണ് അവരെ തെരഞ്ഞെടുക്കാന്‍ കാരണമത്രെ.
രണ്ടു സംവിധായകരാണ് ഒരേ സമയം ജയലളിതയുടെ ജീവിതം സിനിമയാക്കുന്നത്. മദ്രാസിപട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ എ.എല്‍ വിജയാണ് സിനിമ സംബന്ധിച്ച് ആദ്യ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്. അതിനു തൊട്ടു പിന്നാലെ നവാഗത സംവിധായികയായ പ്രിയദര്‍ശിനിയും എത്തി. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രം വിബ്രി മീഡിയയാണ് നിര്‍മ്മിക്കുന്നത്.
ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും. ‘ഏറ്റവും ശക്തരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീ്ക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാര്‍ഷികത്തിന്റെ അന്നു തന്നെയായിരിക്കും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുക.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നാണ് ജയലളിത. ധൈര്യവും ഉള്‍കരുത്തും കൈമുതലാക്കി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് അവര്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയത്. കഴിഞ്ഞ നാലുമാസങ്ങളായി ഈ ഉരുക്കു വനിതയുടെ ജീവിതം സിനിമയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു അണിയറ ശില്‍പ്പികള്‍. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറക്കും. സിനിമയിലെ മുന്‍നിര താരങ്ങളായിരിക്കും കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

പ്രകൃതി ക്ഷോഭം; വീടും വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യാം

വിഷ്ണു പ്രതാപ്-
വീടിനും ഉപകരണങ്ങള്‍ക്കുമായി ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇത്രയും വലിയ തുക നല്‍കി വാങ്ങിയക്കൂട്ടിയ ഉപകരണങ്ങളും നിര്‍മിച്ച വീടും നാം സംരക്ഷിക്കാന്‍ തയാറാവാറില്ല. ചെലവ് കുറഞ്ഞ് ഇന്‍ഷുര്‍ പരിരക്ഷയെക്കുറിച്ചുള്ള അഭാവമാണ് ഇതിന് കാരണം. എന്നാല്‍ ആ തെറ്റിദ്ധാരണ മാറ്റാന്‍ സമയം ഏറെയായി.
വീടിനും സാധനസാമഗ്രികള്‍ക്കും സാധാരണയായി സംഭവിച്ചേക്കാവുന്ന റിസ്‌ക്കുകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.
തീപിടുത്തം, ഗ്യാസ് സിലിണ്ടര്‍, മണെണ്ണ സ്റ്റൗ, ഇലക്ട്രിക് ഹീറ്റര്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍, കാട്ടുതീ, തൊട്ടടുത്ത വീട്ടില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പടര്‍ന്നേക്കാവുന്ന തീ എന്നിവ ഇതില്‍ പ്രധാനമാണ്.
പ്രകൃതിക്ഷോഭങ്ങളില്‍ ശക്തിയായ കാറ്റു വീശുമ്പോള്‍ തൊട്ടടുത്ത വൃക്ഷങ്ങള്‍ വീടിന്മേലോ മതിലിന്മേലോ കട പുഴകി വീഴാം. അതുപോലെ കാറ്റില്‍ ഓട്, ഷീറ്റ് എന്നിവ പറന്നുപോകാനും ഇടയുണ്ട്.
താഴ്ന്ന സ്ഥലങ്ങളാണെങ്കില്‍ വെള്ളം കയറി വീടിനും സാധന സാമഗ്രികള്‍ക്കും കേടു സംഭവിക്കാനും, മതിലിടിഞ്ഞു വീഴാനും സാധ്യതയുണ്ട്. സുനാമിപോലുള്ള സംഭവങ്ങള്‍ വിരളമാണെങ്കിലും തീരദേശത്തുള്ളവര്‍ക്ക് അതൊരു ഭീഷണിതന്നെ.
മലമ്പ്രദേശത്തുള്ളവര്‍ക്കാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാം. ഭൂമികുലുക്കം വന്നാല്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. റോഡിന് അഭിമുഖമായുള്ള വീട്, മതില്‍, ഗേറ്റ് എന്നിവയ്ക്കും വാഹനാപകടങ്ങള്‍ മുഖേന കേടുപാടുകള്‍ ഉണ്ടാവാം.
കൂട്ടംകൂടി ആളുകള്‍ വന്നുള്ള ആക്രമണം, കേടുവരുത്തല്‍ എന്നിവയും സംഭവിക്കാവുന്ന റിസ്‌ക്കുകളാണ്. ഇതുകൂടാതെ വീട്ടിലെ സാധനസാമഗ്രികള്‍ കളവു പോവാനിടയുണ്ട്. വീട് കുത്തിപൊളിക്കുക, ചുമര്‍ തുരക്കുക, വീടിനും, സാധനസാമഗ്രികള്‍ക്കും കേടുപാടുകള്‍ വരുത്തുക, ഒന്നും കിട്ടിയില്ലെങ്കില്‍ വിദ്വേഷം തീര്‍ക്കാനായി കയ്യില്‍ കിട്ടിയ സാധനങ്ങള്‍ നശിപ്പിക്കുക എന്നതും സര്‍വ്വസാധാരണമാണ്.
മേല്‍പറഞ്ഞ എല്ലാ റിസ്‌ക്കുകളും കവര്‍ ചെയ്യാന്‍ നമുക്ക് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ സാധ്യമാണ്. വീട് എന്ന നിര്‍വചനത്തില്‍ കെട്ടിടം, ചുറ്റുമതില്‍, ഗേറ്റ് എന്നിവ പ്രത്യേകം എടുത്തുപറഞ്ഞു ഉള്‍പ്പെടുത്താവുന്നതാണ്.
വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹൗസിങ്ങ് കോളനികള്‍ എന്നു വേണ്ട എല്ലാവര്‍ക്കും അനുയോജ്യമാണ് പോളിസികള്‍. മാത്രമല്ല ഏതുവിഭാഗത്തില്‍പെടുന്ന വരുമാനകാര്‍ക്കും മുകളില്‍പറഞ്ഞ റിസ്‌ക്കുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാനും ഇന്‍ഷുര്‍ ചെയ്യുവാനും സൗകര്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ നല്ലൊരുശതമാനം പേരും വീടിനും വീട്ടുപകരണങ്ങള്‍ക്കും ധാരാളം പണം ചെലവഴിക്കുന്നു. വളരെ നാമമാത്രമായ പ്രീമിയം അടച്ച് മനസ്സമാധാനത്തോടെ കഴിയുന്നതല്ലേ ഇതിനേക്കാള്‍ ഉചിതം.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വിവിധ കമ്പനികള്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അവയില്‍ നിങ്ങള്‍ക്ക് യോജിച്ചവ തിരഞ്ഞെടുക്കാം.

 

വന്‍കിട കമ്പനികളുമായി കൈകോര്‍ത്ത് ആലിബാബ ഇന്ത്യയിലേക്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഇന്ത്യയിലെ വന്‍കിട കമ്പനികളുമായി കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നു. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയില്‍ മള്‍ട്ടി ചാനല്‍ റീട്ടെയിലിംഗ് ആണ് ആലിബാബ ലക്ഷ്യമിടുന്നത്. ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന്റെ ചുവടുപിടിച്ചാണ് നീക്കം എന്നതും ശ്രദ്ധേയം.
ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ, ഫ്യൂച്വര്‍ റീട്ടെയില്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുമായി കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇവയില്‍ ഒരു കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആലിബാബ ആലോചിക്കുന്നത്. കമ്പനികളിലെ ഓഹരി ഏറ്റെടുക്കുന്നതും ആലിബാബയുടെ പരിഗണനയിലുണ്ട്. മുഖ്യ എതിരാളികളായ ആമസോണിന് വെല്ലുവിളി ഉയര്‍ത്തി, ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും രാജ്യത്തെ റീട്ടെയില്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.
ആലിബാബയുടെ ചൈനയിലെ ഓണ്‍ലൈന്‍ ടു ഓഫ് ലൈന്‍ എന്ന ബിസിനസ് മാതൃക വിപുലീകരണ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കമ്പനി സാധ്യതകള്‍ തേടുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫ്യൂച്വര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിയാനി ഒരു വിദേശ സംരംഭം കമ്പനിയില്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

പൗരുഷ ഭാവത്തില്‍ ഡുകാറ്റി മോണ്‍സ്റ്റര്‍ 797

അളക ഖാനം-
ബൈക്കുകളെ പ്രണയിക്കുന്നവര്‍ക്കായി ഡുകാറ്റി പരിചയപ്പെടുത്തിയ താരമാണ് മോണ്‍സ്റ്റര്‍. ഈ ബൈക്ക് റൈഡിംഗ് ശൈലിയിലേക്ക് ആദ്യമായി വിരുന്നെത്തുന്നവര്‍ക്ക് അനുയോജ്യമാണ് ഡുകാറ്റി മോണ്‍സ്റ്റര്‍ 797 എന്ന എന്‍ട്രി ലെവല്‍. എന്നാല്‍, ഈ രംഗത്തെ സുപരിചിതരെ ഹരം കൊള്ളിക്കുകയെന്ന ലക്ഷ്യവുമായി കടന്നുവന്ന താരമാണ് പുതിയ മോണ്‍സ്റ്റര്‍ 821.
മോണ്‍സ്റ്റര്‍ 821ന്റെ കരുത്തും സൗന്ദര്യവും ചുറുചുറുക്കും ആരെയും വശീകരിക്കും. ഈ ശ്രേണിയിലെ എതിരാളികളായ കവാസാക്കി ഇസെഡ് 900, സുസുക്കി ജി.എസ്.എക്‌സ് എസ് 750 എന്നിവയേക്കാള്‍ വില കൂടുതലാണെങ്കിലും മൂല്യത്തിന് അനുസരിച്ചുള്ള നേട്ടം ഉപഭോക്താവിന് മോണ്‍സ്റ്രര്‍ 821 നല്‍കും. 9.51 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ആര്‍ഭാടങ്ങളിലല്ലാതെ കൊത്തിയെടുത്ത ഇന്ധനടാങ്ക്, മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സീറ്റും ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റും, ഡിസ്‌ക് ബ്രേക്കുകളോടെയുള്ള വീതിയേറിയ ടയറുകള്‍ എന്നിവ പൗരുഷഭാവവും സമ്മാനിക്കുന്നു. ഇന്‍സ്ട്രുമെന്റ് പാനലില്‍ സ്പീഡ്, ആര്‍.പി.എം., റൈഡിംഗ് മോഡ്, എ.ബി.എസ് ലെവല്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്യുവല്‍ഗേജ് തുടങ്ങിയവ ഡിസ്പ്‌ളേ ചെയ്യുന്നു.
ഭാരത് സ്‌റ്റേറ്റ് (ബി.എസ്) 4 ചട്ടങ്ങളോട് പൊരുത്തപ്പെടുന്ന 821 സി.സി, ടെസ്റ്റസ്‌ട്രെറ്റ എല്‍ട്വിന്‍ എന്‍ജിനാണുള്ളത്. 9,250 ആര്‍.പി.എമ്മില്‍ 107 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 7,750 ആര്‍.പി.എമ്മില്‍ 86 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ഗിയറുകള്‍ ആറ്. അര്‍ബന്‍, ടൂറിംഗ്, സ്‌പോര്‍ട് എന്നീ റെഡിംഗ് മോഡുകള്‍ മോണ്‍സ്റ്റര്‍ 821നുണ്ട്. ഓരോ െ്രെഡവിംഗ് മോഡിലും എ.ബി.എസ്., ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ വ്യത്യസ്തമാണ്. ഇത് നിരത്തിന് അനുയോജ്യമായ റൈഡിംഗ് സുഖം നല്‍കും.

ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ രംഗത്ത് അതിശയകരമായ കുതിപ്പ് നടത്തിയ ‘ഫ്‌ളിപ്കാര്‍ട്ട്’ അമേരിക്കന്‍ ചില്ലറ വില്‍പന ഭീമന്മാരായ ‘വാള്‍മാര്‍ട്ട്’ സ്വന്തമാക്കി. 1600 കോടി ഡോളറിനാണ് (ഏതാണ്ട് 1.08 ലക്ഷം കോടി രൂപ) ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ലോകത്തെ ഇകോമേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്.
ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ ഇടപാടിനുശേഷവും കമ്പനിയില്‍ തുടരുമെങ്കിലും പാര്‍ട്ണറായ സചിന്‍ ബന്‍സാല്‍ തന്റെ 5.96 ശതമാനം ഓഹരി വില്‍ക്കും. ഇതിന്റെ മൂല്യം ഏതാണ്ട് 123 കോടി ഡോളര്‍ വരും (ഏതാണ്ട് 8272 കോടി രൂപ). ഫ്‌ളിപ്കാര്‍ട്ടിലെ മറ്റു വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, നാസ്‌പേഴ്‌സ്, ഐ.ഡി.ജി തുടങ്ങിയവരും പൂര്‍ണമായും ഓഹരികള്‍ കയ്യൊഞ്ഞു.
ഫല്‍പ്കാര്‍ട്ടിനെ മറ്റൊരു ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് വാള്‍മാര്‍ട്ട് തന്നെ സ്വന്തമാക്കുകയായിരുന്നു. വാള്‍മാര്‍ട്ടിനൊപ്പം ഗൂഗല്‍ം വില്‍പനയില്‍ പങ്കാളികളാണ്. നിലവില്‍ 2000 കോടി ഡോളറിന്റെ വിപണിമൂല്യമാണ് ഫല്‍പ്കാര്‍ട്ടിന് കണക്കാക്കുന്നത്. പുതിയ ഇടപാട് വഴി ആമസോണും വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ത്യന്‍ ഇകോമേഴ്‌സ് രംഗത്തെ കാത്തിരിക്കുന്നത്. വലുപ്പവും വളര്‍ച്ചയും പരിഗണിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ചില്ലറവിപണിയാണ് ഇന്ത്യയെന്ന് വാള്‍മാര്‍ട്ട് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ഡൗ മക്മില്ലന്‍ പറഞ്ഞു.
ഞങ്ങളുടെ നിക്ഷേപം ഇന്ത്യക്ക് ഗുണകരമാകും. മികച്ച നിലവാരമുള്ള വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിടവനിത സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കും പുതിയ അവസരങ്ങള്‍ ഒരുക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ചില്ലറ വിപണിയിലെ അടുത്ത തരംഗം സൃഷ്ടിക്കാനും ഉപഭോക്താക്കളും വില്‍പനക്കാരുമായുള്ള ബന്ധം ശക്തമാക്കാനും പുതിയ നിക്ഷേപം സഹായകമാകുമെന്ന് ബിന്നി ബന്‍സാല്‍ പറഞ്ഞു.