Month: August 2018

ഒടുവില്‍ നിക്ക് അക്കാര്യം സമ്മതിച്ചു

രാംനാഥ് ചാവ്‌ല-
ഒടുവില്‍ നിക്ക് ജോനാസ് പ്രിയങ്കയുമായുള്ള എന്‍ഗേജ്‌മെന്റ്് നടന്നതായുള്ള കാര്യം സമ്മതിച്ചു. ഒരു പരസ്യത്തിന്റെ പ്രചാരണാര്‍ത്ഥം അമേരിക്കയിലെത്തിയപ്പോഴാണ് നിക്ക് ആരാധകനോട് ഇക്കാര്യം സമ്മതിച്ചത്. ആശംസകള്‍ അറിയിച്ച ആരാധകനോട് നിക്ക് നന്ദി പറഞ്ഞു. തനിക്ക് ഒരു കുടുംബം വേണമെന്ന് ആഗ്രഹിക്കുന്നതായും നിക്ക് ജോനാസ് പറഞ്ഞു.
എന്നാല്‍ എന്‍ഗേജ്‌മെന്റ് വാര്‍ത്തകള്‍ സത്യമാണെന്ന് പ്രിയങ്ക ഇതുവരെ സമ്മതിച്ചിട്ടില്ല.വ്യക്തിപരമായ ജീവിതം പൊതുജനങ്ങളെ അറിയിക്കാന്‍ ആഗ്രഹമില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ചലച്ചിത്ര താരമാണെങ്കിലും വ്യക്തിപരമായ ജീവിതത്തിന്റെ 10 ശതമാനമെങ്കിലും എനിക്ക് വിട്ടുതരണം. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. എന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. എന്റെ കുടുംബം, സൗഹൃദം, ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും താത്പര്യവുമില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

മഴക്കെടുതി; ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

ഗായത്രി-
തിരു: സംസ്ഥാനം പ്രളയദുരന്തം നേരിടുന്ന സാഹചര്യത്തില്‍ പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചു. ദുരിത ബാധിതരായവരില്‍ നിന്നും മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ല. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ എസ്ബിഐ സംഭാവന ചെയ്തു. ജീവനക്കാരില്‍നിന്നു 2.7 ലക്ഷം രൂപ സംഭാവന ശേഖരിക്കുന്നുണ്ട്.

പ്രളയം; യാത്രക്കാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗായത്രി-
കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തിലെ യാത്രക്കാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്ത യാത്രാ ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമാക്കിയതായി എയര്‍ ഇന്ത്യ ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും.
യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൗജന്യമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും ഇവിടങ്ങളിലേക്ക് വരികയും ചെയ്യുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. ആഗസ്റ്റ് 26 വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ഈ സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. പകരം 24 മണിക്കൂര്‍ പ്രര്‍ത്തിക്കുന്ന +91 444 001 3001, +91 4424 301 930 എന്ന നമ്പരിലോ ട്രാവല്‍ ഏജന്റുമായോ സിറ്റി ഓഫീസുമായോ ബന്ധപ്പെടുക.

 

ധൂം നാലാം പതിപ്പില്‍ ഷാരൂഖ് നായകന്‍

രാംനാഥ് ചാവ്‌ല-
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച ധൂം സീരീസിന്റെ നാലാം പതിപ്പില്‍ ഷാരൂഖ് ഖാന്‍ നായകനാകുന്നു. നേരത്തെ സല്‍മാന്‍ ഖാന്റെ പേരാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ താനില്ലെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി. യഷ് രാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ കേട്ട് ഷാരൂഖ് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍ എന്നിവരായിരുന്നു ആദ്യ മൂന്നു ഭാഗങ്ങളിലെ നായകന്മാര്‍. 2013ലാണ് ധൂം 3 പുറത്തിറങ്ങിയത്.

 

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

രാംനാഥ് ചാവ്‌ല-
മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം ഡോളറിനെതിരെ 70.40 രൂപയിലേക്ക് താഴ്ന്നത് തിരിച്ചടിയായി.
സെന്‍സെക്‌സ് 188.44 പോയന്റ് താഴ്ന്ന് 37663.56ലും നിഫ്റ്റി 50.10 പോയന്റ് നഷ്ടത്തില്‍ 11385ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1161 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1536 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. മെറ്റല്‍ വിഭാഗം ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബാങ്ക്, ഇന്‍ഫ്ര, ഊര്‍ജം തുടങ്ങിയ സെക്ടറുകളും നഷ്ടത്തിലായി. ഫാര്‍മ, ഐടി ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊട്ടക് മഹീന്ദ്ര, വേദാന്ത, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വിപ്രോ, എല്‍ആന്റ്ടി, ഒഎന്‍ജിസി, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

കറന്റ് ഇല്ലാത്ത ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടവിധം

അളക ഖാനം-
ചിത്രത്തില്‍ കാണുന്നതുപോലെ യൂസബി കേബിളിന്റെ ഒരറ്റം മുറിച്ച് നാലുവയറുകളില്‍ ചുവപ്പും കറുപ്പും മാത്രം പുറത്തെടുത്ത് പ്ലാസ്റ്റിക് ആവരണം കളയുക. പിന്നീട് മൂന്ന് 1.5 വോള്‍ട്ട AA അല്ലെങ്കില്‍ AAA (പെന്‍സില്‍ ബാറ്ററി) ചിത്രത്തില്‍ കാണിച്ചപോലെ ബാറ്ററിയുടെ മുകള്‍ ഭാഗത്ത് +ve (ചുവപ്പ് വയര്‍) ഘടിപ്പിക്കുക. ബാറ്ററിയുടെ അടി ഭാഗത്ത് -ve (കറുപ്പ് വയര്‍) ഘടിപ്പിക്കുക. യൂസബി കേബിളിന്റെ മറ്റേ അറ്റം മൊബൈലില്‍ ഘടിപ്പിക്കുക. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ആയിത്തുടങ്ങുന്നതു കാണാം.

രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഇന്ന് വ്യാപാരത്തിനിടെ 43 പൈസയുടെ നഷ്ടമുണ്ടായി. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് 70.32 രൂപ നല്‍കണം.
ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു.

സ്മിത വി. കൃഷ്ണ ഇന്ത്യക്കാരിലെ കോടീശ്വരി

ഗായത്രി-
കൊച്ചി: ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി എന്ന സ്ഥാനം ഗോദ്‌റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണക്ക്. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യ പ്രസിദ്ധീകരിച്ച സമ്പന്നരായ വനിതകളുടെ പട്ടികയിലാണ് 67കാരിയായ സ്മിത ഒന്നാം സ്ഥാനത്തെത്തിയത്. 37,570 കോടി രൂപയാണ് അവരുടെ ആസ്തി.
കൃഷ്ണയും സഹോദരങ്ങളും കൂടി ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് ഓഹരികള്‍ കൈയാളുന്നുണ്ട്. എച്ച്.സി.എല്‍. എന്റര്‍െ്രെപസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ റോഷ്‌നി നാടാര്‍ (36) ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എച്ച്.സി.എല്‍. സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളായ റോഷ്‌നിയുടെ ആസ്തി 30,200 കോടി രൂപയാണ്. റോഷ്‌നിയുടെ അമ്മയും ശിവ് നാടാറിന്റെ ഭാര്യയുമായ കിരണ്‍ നാടാര്‍ അഞ്ചാം സ്ഥാനത്തുണ്ട്. 20,120 കോടി രൂപയാണ് അവരുടെ ആസ്തി.
ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ ഇന്ദു ജെയിന്‍ ആണ് മൂന്നാം സ്ഥാനത്ത്. 26,240 കോടി രൂപയാണ് ആസ്തി. 24,790 കോടി രൂപയുടെ ആസ്തിയുമായി ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ ആണ് നാലാം സ്ഥാനത്ത്.

 

കോഹ്‌ലിയായി ദുല്‍ഖര്‍

ഗായത്രി-
അഭിഷേക് ശര്‍മ്മയുടെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യയുടെ ലോകോത്തര താരം വിരാട് കോഹ്‌ലിയായി വേഷമിടും.
അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്. ബോളിവുഡിലെ നിര്‍മാതാക്കളില്‍ പ്രശസ്തരായ ‘ആര്‍തിപൂജ ഷെട്ടി’ സഹോദരിമാരും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമാണ് സോയ ഫാക്ടറിന് വേണ്ടി പണം മുടക്കുന്നത്.
2008ല്‍ പുറത്തിറങ്ങിയ നോവലാണ് സോയ ഫാക്ടര്‍. ഒരു പരസ്യ കമ്പനിയുടെ എക്‌സിക്യൂട്ടിവ് എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാന്‍ അവസരം ലഭിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുള്‍പ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തില്‍ സോയ പങ്കെടുക്കുന്നതും അവര്‍ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം
സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിന്റെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, 2011ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാന്‍ ക്രിക്കറ്റ് ബോര്‍ഡ് സോയയെ നിര്‍ബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന കോഹ്‌ലിയുെട വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. എന്നാല്‍ അന്ന് കോഹ്‌ലി ഇത്ര വലിയ താരമായിരുന്നില്ല.

രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്

രാംനാഥ് ചാവ്‌ല-
മുംബൈ: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. തുര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് ആര്‍.ബി.ഐയുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്
പത്തുവര്‍ഷത്തെ കടപ്പത്ര ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തില്‍നിന്ന് 7.81 ശതമാനമായാണ് ആദായം ഉയര്‍ന്നത്.ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്.