Month: August 2018

കാര്‍വാന്‍ പ്രദര്‍ശനം തുടങ്ങി

ഫിദ-
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘കാര്‍വാന്‍’് ഇന്ന് തന്നെ റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിയിട്ടില്ലെന്ന് അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് കാര്‍വാന്‍.

 

ആദായനികുതി റിട്ടേണുകള്‍; അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി

ഫിദ-
കൊച്ചി: നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവയുടെ പങ്കുകാരും കമ്പനികളും ഒഴികെ നികുതിദായകര്‍ 201718 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ല്‍ നിന്നും ആഗസ്റ്റ് 31 വരെ നീ്ട്ടി. ശമ്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിര്‍ബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്പൈറ്ററി ബിസിനസുകാരും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ട് ഉള്ളവരും ആഗസ്റ്റ് 31ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കണം.
ഓഡിറ്റിന് വിധേയമാകുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. ആദായനികുതി നിയമം 92 ഇ വകുപ്പ് അനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരുന്ന നികുതിദായകര്‍ക്ക് നവംബര്‍ 30 വരെ റിട്ടേണുകള്‍ പിഴ കൂടാതെ ഫയല്‍ ചെയ്യാം. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ ഇല്ലാത്ത വ്യക്തികള്‍ ആധാര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചതിനുള്ള എന്റോള്‍മെന്റ് ഐഡി നല്‍കിയാല്‍ മതി. 50 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതിക്ക് മുമ്പ് വരുമാനം ഉള്ള നികുതിദായകര്‍ ആദായനികുതി റിട്ടേണുകളില്‍ സ്വത്തുക്കളുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം മുതല്‍ നല്‍കണമായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വത്തുക്കളുടെ വിവരങ്ങളും അഡ്രസും നല്‍കണം.
നിര്‍ദ്ദിഷ്ട തീയതിക്കുള്ളില്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപ പിഴയും 2019 മാര്‍ച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപ പിഴയും റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ നിര്‍ബന്ധമായും അടക്കേണ്ടതുണ്ട്. നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള നികുതിദായകര്‍ക്ക് പിഴ 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

സണ്ണി ലിയോണ്‍ മലയാളത്തില്‍

ഗായത്രി-
ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കുന്നു. ഹാപ്പിവെഡിംഗ്, ചങ്ക്‌സ് എന്നീ സര്‍പ്രൈസ് ഹിറ്റുകളൊരുക്കിയ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.
സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ പൂര്‍ത്തിയാകാനുള്ള ചിത്രം. ഇത് കൂടാതെ ഏഴ് ചിത്രങ്ങളാണ് ഒമറിന് കരാറായിരിക്കുന്നത്. ബാബുആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍, ചങ്ക്‌സിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ് ഇതില്‍ ആദ്യം തുടങ്ങുന്നത്.

മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കാന്‍ നിയമം

ഫിദ-
കൊച്ചി: മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, ഫിഷിംഗ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മിഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നത് വരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മത്സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്റെ പേര്.
മത്സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതി പത്രത്തില്‍ രേഖപ്പെടുത്തിയ സ്ഥലത്തുമാത്രമെ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകു. അനുമതി പത്രത്തിന് മൂന്നു വര്‍ഷമാണ് കാലാവധി. ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. പൊതുഉടമയിലുളള എല്ലാ മത്സ്യമാര്‍ക്കറ്റുകള്‍ക്കും മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി ആര്‍.ബി.ഐയുടെ പുതിയ വായ്പനയം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ 25 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തി ആര്‍.ബി.ഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു. 6.5 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. 6.25 ശതമാനമായിരിക്കും റിവേഴ്‌സ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പക്ക് ചുമത്തുന്ന പലിശയാണ് റിപ്പോ. അതേ സമയം, എം.എസ്.എഫ് നിരക്ക് 6.75 ശതമാനത്തില്‍ തുടരും.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നടത്തിയ അവലോകനത്തിന് ശേഷം റിപ്പോ നിരക്ക് 25 ബേസിക് പോയന്റ് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. റിപ്പോനിരക്ക് വര്‍ധന ഭവനവാഹന വായ്പ പലിശനിരക്കുകള്‍ ഉയരുന്നതിനും കാരണമാകും.
പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ പിടിച്ച് നിര്‍ത്താനാണ് ആര്‍.ബി.ഐ ലക്ഷ്യമിട്ടത്. എന്നാല്‍, പണപ്പെരുപ്പ നിരക്ക് പ്രതീക്ഷകളെ തകിടം മറിച്ച് ഉയരുകയായിരുന്നു. ഇതോടെയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചത്.

ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്

രാംനാഥ് ചാവ്‌ല-
സ്വന്തം ശരീരത്തെക്കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്ന് നടി വിദ്യാ ബാലന്‍. അതിന്റെ പേരില്‍ വരുന്ന സംസാരങ്ങളെക്കുറിച്ച് ഭയപ്പെടുന്നുമില്ലെന്നും വിദ്യ പറഞ്ഞു. തലച്ചോറിന് വലിപ്പം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് കളിയാക്കാന്‍ ആളുകള്‍ വരുമോ. അതുപോലെ മാത്രം ഇതും കണ്ടാല്‍ മതി. അധിക വണ്ണമുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയിലാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്. ബോഡി ഷെയ്മിംഗ് പല തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ വിജയിക്കുമ്പോള്‍ നിങ്ങളെ ഇടിച്ചു താഴ്ത്താനുളള മാര്‍ഗമാണ് ശരീരത്തെക്കുറിച്ചുള്ള അപഹാസ്യം. അത്തരം അധികാരങ്ങളൊന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വിദ്യ പറയുന്നു. ഈ മാസം മൂന്നിന് റിലീസാകുന്ന ഫന്നേഖാനില്‍ അതിഥി വേഷത്തിലെത്തുകയാണ് വിദ്യ. അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍, രാജ്കുമാര്‍ റാവു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കരിയറില്‍ ഒരുപാട് അവഗണനകള്‍ സഹിച്ച് തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ അവസരം കിട്ടിയാല്‍ വിദ്യയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ് പലരും. അതിനെതിരെ രൂക്ഷ പ്രതികരണവുമായി വിദ്യ രംഗത്തെത്തിയതാണ് ഇപ്പോള്‍ വൈറലായത്.