മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കാന്‍ നിയമം

മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കാന്‍ നിയമം

ഫിദ-
കൊച്ചി: മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, ഫിഷിംഗ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യലേലം നടത്തുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഭീമമായ കമ്മിഷന്‍ ഇടനിലക്കാരായ ലേലക്കാര്‍ ഈടാക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് മത്സ്യലേലവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും വ്യവസ്ഥാപിതവും മെച്ചപ്പെട്ടതുമായ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നത് വരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. മത്സ്യം കൈകാര്യം ചെയ്യുന്നത് ശുചിത്വപൂര്‍ണമാക്കും. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളാ മത്സ്യലേലം വിപണനം ഗുണനിലവാര പരിപാലനം ആക്ട് എന്നായിരിക്കും നിയമത്തിന്റെ പേര്.
മത്സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതി പത്രത്തില്‍ രേഖപ്പെടുത്തിയ സ്ഥലത്തുമാത്രമെ ലേലം നടത്തുന്നതിന് അനുവാദം ഉണ്ടാകു. അനുമതി പത്രത്തിന് മൂന്നു വര്‍ഷമാണ് കാലാവധി. ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ പ്രതിനിധിയോ അധ്യക്ഷനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. മത്സ്യബന്ധന ഹാര്‍ബറുകളുടെ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. പൊതുഉടമയിലുളള എല്ലാ മത്സ്യമാര്‍ക്കറ്റുകള്‍ക്കും മാനേജ്‌മെന്റ് സൊസൈറ്റി രൂപീകരിക്കും. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുളള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close