Month: August 2018

ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ അവസരം ലഭിച്ചിരുന്നു: മമ്മൂട്ടി

ഫിദ-
ചെന്നൈ: കരുണാനിധിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന്് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ ആദ്യം തനിക്ക് അവസരം ലഭിച്ചിരുന്നെന്നും അതിന് കഴിയാതെ പോയതാണ് താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി ഇത്തരത്തില്‍ പ്രതികരിച്ചത്.
‘നികത്താനാകാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനെയും തമിഴ് മക്കളേയും സ്‌നേഹിച്ച മനസിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു’, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ വിയോഗത്തില്‍ ശോകമൂകമാണ് തമിഴകമാകെ. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗം ഒന്നടങ്കം കലൈഞ്ജറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന ചെന്നൈ രാജാജി ഹാളിലേക്ക് ഒഴുകുകയാണ്.

ആമസോണ്‍ ഫ്രീഡം സെയില്‍

ഫിദ-
കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയില്‍ ഒരുക്കുന്നു. ഓഗസ്റ്റ് ഒമ്പതു മുതല്‍ 12ന് അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുക.
സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുക. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭ്യമാകും.
മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം, നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം, ആമസോണ്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ ഇളവുകള്‍ ലഭ്യമാകും. ഹോം ഔട്ട്‌ഡോര്‍ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവുകളും നേടാം.
എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്രീഡം സെയിലില്‍ വാങ്ങലുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ അര്‍ഹതപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഇ.എം.ഐ. സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇ.പോസ് പണിമുടക്ക് പതിവ്; റേഷന്‍ വിതരണം അവതാളത്തില്‍

ഗായത്രി-
കോഴിക്കോട്: ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും താറുമാറായി. സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായി മാറിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ അരി വിതരണം പോലും പാതിവഴിയിലാണുള്ളത്.
കനത്ത മഴയും തൊഴിലുറപ്പും നിര്‍മാണ മേഖലകളിലും അടക്കം പണിയില്ലാത്തെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ എങ്ങനെയെങ്കിലും റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ല, ഇതിനിടെയാണ് സെര്‍വര്‍ പ്രശ്‌നവും ഉണ്ടായിരിക്കുന്നത്.
ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് പ്രത്യേകമായി സെര്‍വര്‍ സംവിധാനമില്ല. രാജ്യത്തെ മുഴുവന്‍ സെര്‍വറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. സ്ഥാനത്തെ 8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷിമാത്രമാണ് ഇപ്പോഴുള്ള സര്‍വറിനുള്ളത്. എന്നാല്‍ നിലവില്‍ 14000 കടകളെങ്കിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെയാണ് റേഷന്‍ വിതരണം ഏറെ രൂക്ഷമായത്. കഴിഞ്ഞമാസം മാത്രം അഞ്ചോ ആറോ തവണയാണ് സര്‍വര്‍ മുടങ്ങിയിട്ടുള്ളത്. ഇത് റേഷന്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മില്‍ വലിയ തര്‍ക്കത്തിനും കാരണമാക്കുന്നുണ്ട്.
ഇ.പോസ് മെഷീന്‍ ആരംഭിച്ച ജനുവരിമുതല്‍ ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലെയും എഫ്‌സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെര്‍വറിന്റെ പ്രവര്‍ത്തനം.
ഒരേസമയം ഇവയെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ താങ്ങാനുള്ള ശേഷി സെര്‍വറിനില്ല, ശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടുമില്ല.
സെര്‍വര്‍ തകരാര്‍ ഉണ്ടാവുന്നത് റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. നിലവില്‍ ഒരു കിന്റല്‍ അരി വിറ്റാല്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത് 220 രൂപമാത്രമാണ്. എന്നാല്‍ ഇ.പോസ് മെഷീനുകള്‍ തകരാറിലായതോടെ പലരും മറ്റുകടകളെ ആശ്രയിക്കുന്ന സാഹചര്യമാണുണ്ടായത്.
ഇ.പോസ് മെഷീന്‍ സംവിധാനം വന്നതോടെ റേഷന്‍ വ്യാപാരികള്‍ക്ക് വെറും കമ്മീഷന്‍ എന്നതിലപ്പുറം ശമ്പള വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് ഇതുവരെ നടപ്പിലായിട്ടില്ല. 25 ക്വിന്റലിന് 14000 രൂപ, 45 ക്വന്റലിന് 18000 രൂപ, 75 ക്വിന്റലിന് 23400 രൂപ, 100 ക്വിന്റലിന് 27900 രൂപ, 125 ക്വിന്റലിന് 32400 രൂപ, 150 ക്വിന്റലിന് 36900 രൂപ, 175 ക്വിന്റലിന് 41400 രൂപ, 200 ക്വിന്റലിന് 45900 രൂപ എന്നിങ്ങനെയായിരുന്നു പാക്കേജ്.

ബിജെപിയുമായി വിരോധമില്ല: കമല്‍ ഹാസന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ബിജെപിയുമായി വിരോധം ഇല്ലെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും സഖ്യത്തിനു മക്കള്‍ നീതി മയ്യം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായും ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഒരുതരത്തിലുള്ള വിരോധവും ഇല്ല. ഈ സമയം വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്നും കമല്‍ പറഞ്ഞു.

ഇപിഎഫ് വിഹിതം ഇനി ഒഹരിയിലും നിക്ഷേപിക്കാം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇപിഎഫില്‍ അടക്കുന്ന പണം ഇനി എവിടെ നിക്ഷേപിക്കണമെന്ന് വരിക്കാരന് തീരുമാനിക്കാം.
ഓഹരി, കടപ്പത്രം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനാണ് അവസരമുള്ളത്. ഓഹരിയിലും കടപ്പത്രത്തിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. ഇുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുത്തേക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ സെക്യൂരിറ്റി, കടപ്പത്രം, ഓഹരി, മണിമാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
നിക്ഷേപകന് പരമാവധി നേട്ടം നല്‍കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം വന്‍തുക ഓഹരി വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടന്ക്ക് ഗുണകരമാകുകയും ചെയ്യും.
2015 ഏപ്രില്‍ മുതല്‍ തുടരുന്ന രീതിയനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇതില്‍തന്നെ 15 ശതമാനംവരെതുക ഇടിഎഫ് വഴി ഓഹരിയിലും നിക്ഷേപിക്കുന്നുണ്ട്.
ഇപിഎഫില്‍നിന്ന് വരിക്കാരന് ലഭിക്കുന്ന നിലവിലെ ആദായം 8.5ശതമാനംമാത്രമാണ്. 50 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളതുകൊണ്ട് എന്‍പിഎസില്‍ 10 ശതമാനംവരെ നേട്ടം ലഭിക്കുന്നുണ്ട്. ദീര്‍ഘകാലത്തേക്കാകുമ്പോള്‍ അതില്‍കൂടുതല്‍ ആദായം ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നും കടപ്പത്രങ്ങളില്‍നിന്നും ലഭിക്കുന്ന ശരാശരി ആദായം ഏഴു ശതമാനമാണ്. എന്നാല്‍ 2015ല്‍ തുടങ്ങിയ ഓഹരി നിക്ഷേപത്തില്‍നിന്ന് ഇതുവരെ 16 ശതമാനമാണ് ഇപിഎഫ്ഒയ്ക്ക് ആദായം ലഭിച്ചത്.

ശങ്കറിന് മാത്രം സാധിക്കുന്ന ചിത്രമാണ് ‘2.0’: എ.ആര്‍.റഹ്മാന്‍

ഗായത്രി-
യന്തിരന്റെ രണ്ടാം ഭാഗമായ ‘2.0’സംവിധായകന്‍ ശങ്കറിന് മാത്രം സാധിക്കുന്ന ചിത്രമാണെന്ന് ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍.റഹ്മാന്‍. വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലാണ് 2.0യുടെ ക്ലൈമാക്‌സ് ശങ്കര്‍ ഒരുക്കിയിരിക്കുന്നതെന്നും റഹ്മാന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘സിനിമക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല’റഹ്മാന്‍ പറഞ്ഞു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാന്‍ തന്നെയാണ്.
ചിത്രത്തില്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ബോളിവുഡിലെ ആക്ഷന്‍ സ്റ്റാര്‍ അക്ഷയ് കുമാറാണ്. ആമി ജാക്‌സനാണ് നായിക. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്. നവംബര്‍ 29ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ആധാര്‍ തിരിച്ചറിയല്‍ നമ്പര്‍; കുറ്റമേറ്റെടുത്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ സഹായ നമ്പര്‍ ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ആധാര്‍ സഹായ നമ്പറായ18003001947 ഫോണുകളില്‍ നല്‍കിയത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമല്ലെന്നും ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ പിഴവാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ആന്‍ഡ്രോയിഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പറിന് പകരം കോഡിംഗിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഗുഗിള്‍ അറിയിച്ചു. 2014 മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ജി മെയിലിലെ കോണ്‍ടാക്ട് വിവരങ്ങള്‍ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഈ നമ്പര്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ സഹായ നമ്പര്‍ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടതല്ലെന്ന വിശദീകരണവുമായി നേരത്തെ യു.ഐ.ഡി.എ.ഐ രംഗത്തെത്തിയിരുന്നു.

 

കാസ്റ്റിംഗ് കൗച്ച് വിവാദം കെട്ടടങ്ങുന്നില്ല

ഗായത്രി-
സിനിമാരംഗത്തെ കിടക്ക പങ്കിടല്‍ വിവാദം കെട്ടടങ്ങുന്നില്ല. ഭാഷാ വ്യത്യാസമില്ലാതെ നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മുന്നോട്ടു വരികയായിരുന്നു. ഏറ്റവും ഒടുവിലായി മലയാളിതാരം കനി കുസൃതിയും കാസ്റ്റിംഗ് കൗച്ച് എന്ന പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.
‘പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്നും രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിക്കുകയാണുണ്ടായത്’ കനി പറഞ്ഞു.
‘എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്റ്്‌ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസിലാകുക പോലുമില്ലായിരുന്നു.
ആദ്യം വിളിക്കുമ്പോള്‍ ഈ വര്‍ക്ക് നമുക്ക് ഒന്നിച്ചു ചെയ്യണമെന്നും മറ്റൊരു വര്‍ക്ക് വരുന്നുണ്ട് അതില്‍ നീ ഏതായാലുമുണ്ട് എന്നൊക്കെ പറഞ്ഞ് സ്വാധീനിക്കുന്നതാണ് ഇവരുടെ രീതി. പിന്നെ പതുക്കെ കാര്യത്തിലേക്ക് കടക്കുമെന്നും’കനി പറഞ്ഞു.

ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യവുമായി ആപ്പിള്‍

അളക ഖാനം-
ന്യൂയോര്‍ക്ക്: ഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയെന്ന റിക്കാര്‍ഡ് ആപ്പിള്‍ സ്വന്തമാക്കി. ന്യൂയോര്‍ക്ക് ഓഹരികമ്പോളത്തില്‍ വ്യാഴാഴ്ച രാവിലെ ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡിന്റെ ഓഹരി 207 ഡോളര്‍ എന്ന റിക്കാര്‍ഡ് പോയന്റില്‍ എത്തിയതോടെയാണ് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളര്‍ (68.5 ലക്ഷം കോടി രൂപ) കടന്നത്.
ചൊവ്വാഴ്ച മുതല്‍ ആപ്പിളിന്റെ ഓഹരികള്‍ മുകളിലേക്കായിരുന്നു. ജൂണ്‍ വരെയുള്ള മൂന്നു മാസത്തേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുതിച്ചുചാട്ടമാണ് ഓഹരിയില്‍ ഉണ്ടായത്. ബിസിനസ് എതിരാളികളായ ആമസോണിനെയും മൈക്രോസോഫ്റ്റിനെയും കടത്തിവെട്ടിയാണ് ആപ്പിള്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ചരിത്രത്തില്‍ ഒരു കമ്പനിക്കുപോലും ഇത്രയും വിപണിമൂല്യം ഉണ്ടായിട്ടില്ല.

 

മൂന്നാം ബാഹുബലി ശിവകാമിയുടെ കഥ

ഗായത്രി-
എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ് ഫല്‍ക്‌സിലുടെയാണ് മൂന്നാം വരവ്.
ആനന്ദ് നീലകണ്ഠന്റെ നോവലായ ദ് റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര്‍ ദ് ബിഗിനിംഗ് ഒരുക്കുന്നത്. ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്നാണ് നെറ്റ്ഫിള്ക്‌സിലുടെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്പരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന് മുമ്പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.
ആനന്ദ് നീലകണ്ഠന്‍ ഏഴുതാന്‍ പോകുന്ന നോവലിന്റെ അടുത്ത രണ്ട് ഭാഗങ്ങളെ ആസ്പദമാക്കി വെബ് സീരിസിന്റെ രണ്ടും മൂന്നും സീസണുകളും ഒരുക്കും. ഒരു മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഒരോ സീസണും. ഇന്ത്യക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലും ബാഹുബലി പരമ്പര റിലീസ് ചെയ്യും.