ഇ.പോസ് പണിമുടക്ക് പതിവ്; റേഷന്‍ വിതരണം അവതാളത്തില്‍

ഇ.പോസ് പണിമുടക്ക് പതിവ്; റേഷന്‍ വിതരണം അവതാളത്തില്‍

ഗായത്രി-
കോഴിക്കോട്: ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും താറുമാറായി. സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായി മാറിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ അരി വിതരണം പോലും പാതിവഴിയിലാണുള്ളത്.
കനത്ത മഴയും തൊഴിലുറപ്പും നിര്‍മാണ മേഖലകളിലും അടക്കം പണിയില്ലാത്തെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ എങ്ങനെയെങ്കിലും റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ല, ഇതിനിടെയാണ് സെര്‍വര്‍ പ്രശ്‌നവും ഉണ്ടായിരിക്കുന്നത്.
ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് പ്രത്യേകമായി സെര്‍വര്‍ സംവിധാനമില്ല. രാജ്യത്തെ മുഴുവന്‍ സെര്‍വറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. സ്ഥാനത്തെ 8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷിമാത്രമാണ് ഇപ്പോഴുള്ള സര്‍വറിനുള്ളത്. എന്നാല്‍ നിലവില്‍ 14000 കടകളെങ്കിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെയാണ് റേഷന്‍ വിതരണം ഏറെ രൂക്ഷമായത്. കഴിഞ്ഞമാസം മാത്രം അഞ്ചോ ആറോ തവണയാണ് സര്‍വര്‍ മുടങ്ങിയിട്ടുള്ളത്. ഇത് റേഷന്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മില്‍ വലിയ തര്‍ക്കത്തിനും കാരണമാക്കുന്നുണ്ട്.
ഇ.പോസ് മെഷീന്‍ ആരംഭിച്ച ജനുവരിമുതല്‍ ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലെയും എഫ്‌സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെര്‍വറിന്റെ പ്രവര്‍ത്തനം.
ഒരേസമയം ഇവയെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ താങ്ങാനുള്ള ശേഷി സെര്‍വറിനില്ല, ശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടുമില്ല.
സെര്‍വര്‍ തകരാര്‍ ഉണ്ടാവുന്നത് റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാക്കുന്നുണ്ട്. നിലവില്‍ ഒരു കിന്റല്‍ അരി വിറ്റാല്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത് 220 രൂപമാത്രമാണ്. എന്നാല്‍ ഇ.പോസ് മെഷീനുകള്‍ തകരാറിലായതോടെ പലരും മറ്റുകടകളെ ആശ്രയിക്കുന്ന സാഹചര്യമാണുണ്ടായത്.
ഇ.പോസ് മെഷീന്‍ സംവിധാനം വന്നതോടെ റേഷന്‍ വ്യാപാരികള്‍ക്ക് വെറും കമ്മീഷന്‍ എന്നതിലപ്പുറം ശമ്പള വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് ഇതുവരെ നടപ്പിലായിട്ടില്ല. 25 ക്വിന്റലിന് 14000 രൂപ, 45 ക്വന്റലിന് 18000 രൂപ, 75 ക്വിന്റലിന് 23400 രൂപ, 100 ക്വിന്റലിന് 27900 രൂപ, 125 ക്വിന്റലിന് 32400 രൂപ, 150 ക്വിന്റലിന് 36900 രൂപ, 175 ക്വിന്റലിന് 41400 രൂപ, 200 ക്വിന്റലിന് 45900 രൂപ എന്നിങ്ങനെയായിരുന്നു പാക്കേജ്.

Post Your Comments Here ( Click here for malayalam )
Press Esc to close