ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ അവസരം ലഭിച്ചിരുന്നു: മമ്മൂട്ടി

ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ അവസരം ലഭിച്ചിരുന്നു: മമ്മൂട്ടി

ഫിദ-
ചെന്നൈ: കരുണാനിധിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന്് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ ആദ്യം തനിക്ക് അവസരം ലഭിച്ചിരുന്നെന്നും അതിന് കഴിയാതെ പോയതാണ് താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മമ്മൂട്ടി ഇത്തരത്തില്‍ പ്രതികരിച്ചത്.
‘നികത്താനാകാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനെയും തമിഴ് മക്കളേയും സ്‌നേഹിച്ച മനസിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു’, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ വിയോഗത്തില്‍ ശോകമൂകമാണ് തമിഴകമാകെ. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗം ഒന്നടങ്കം കലൈഞ്ജറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന ചെന്നൈ രാജാജി ഹാളിലേക്ക് ഒഴുകുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close