പ്രകൃതി ക്ഷോഭം; വീടും വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യാം

പ്രകൃതി ക്ഷോഭം; വീടും വീട്ടുപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യാം

വിഷ്ണു പ്രതാപ്-
വീടിനും ഉപകരണങ്ങള്‍ക്കുമായി ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇത്രയും വലിയ തുക നല്‍കി വാങ്ങിയക്കൂട്ടിയ ഉപകരണങ്ങളും നിര്‍മിച്ച വീടും നാം സംരക്ഷിക്കാന്‍ തയാറാവാറില്ല. ചെലവ് കുറഞ്ഞ് ഇന്‍ഷുര്‍ പരിരക്ഷയെക്കുറിച്ചുള്ള അഭാവമാണ് ഇതിന് കാരണം. എന്നാല്‍ ആ തെറ്റിദ്ധാരണ മാറ്റാന്‍ സമയം ഏറെയായി.
വീടിനും സാധനസാമഗ്രികള്‍ക്കും സാധാരണയായി സംഭവിച്ചേക്കാവുന്ന റിസ്‌ക്കുകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.
തീപിടുത്തം, ഗ്യാസ് സിലിണ്ടര്‍, മണെണ്ണ സ്റ്റൗ, ഇലക്ട്രിക് ഹീറ്റര്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍, കാട്ടുതീ, തൊട്ടടുത്ത വീട്ടില്‍നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പടര്‍ന്നേക്കാവുന്ന തീ എന്നിവ ഇതില്‍ പ്രധാനമാണ്.
പ്രകൃതിക്ഷോഭങ്ങളില്‍ ശക്തിയായ കാറ്റു വീശുമ്പോള്‍ തൊട്ടടുത്ത വൃക്ഷങ്ങള്‍ വീടിന്മേലോ മതിലിന്മേലോ കട പുഴകി വീഴാം. അതുപോലെ കാറ്റില്‍ ഓട്, ഷീറ്റ് എന്നിവ പറന്നുപോകാനും ഇടയുണ്ട്.
താഴ്ന്ന സ്ഥലങ്ങളാണെങ്കില്‍ വെള്ളം കയറി വീടിനും സാധന സാമഗ്രികള്‍ക്കും കേടു സംഭവിക്കാനും, മതിലിടിഞ്ഞു വീഴാനും സാധ്യതയുണ്ട്. സുനാമിപോലുള്ള സംഭവങ്ങള്‍ വിരളമാണെങ്കിലും തീരദേശത്തുള്ളവര്‍ക്ക് അതൊരു ഭീഷണിതന്നെ.
മലമ്പ്രദേശത്തുള്ളവര്‍ക്കാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാം. ഭൂമികുലുക്കം വന്നാല്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. റോഡിന് അഭിമുഖമായുള്ള വീട്, മതില്‍, ഗേറ്റ് എന്നിവയ്ക്കും വാഹനാപകടങ്ങള്‍ മുഖേന കേടുപാടുകള്‍ ഉണ്ടാവാം.
കൂട്ടംകൂടി ആളുകള്‍ വന്നുള്ള ആക്രമണം, കേടുവരുത്തല്‍ എന്നിവയും സംഭവിക്കാവുന്ന റിസ്‌ക്കുകളാണ്. ഇതുകൂടാതെ വീട്ടിലെ സാധനസാമഗ്രികള്‍ കളവു പോവാനിടയുണ്ട്. വീട് കുത്തിപൊളിക്കുക, ചുമര്‍ തുരക്കുക, വീടിനും, സാധനസാമഗ്രികള്‍ക്കും കേടുപാടുകള്‍ വരുത്തുക, ഒന്നും കിട്ടിയില്ലെങ്കില്‍ വിദ്വേഷം തീര്‍ക്കാനായി കയ്യില്‍ കിട്ടിയ സാധനങ്ങള്‍ നശിപ്പിക്കുക എന്നതും സര്‍വ്വസാധാരണമാണ്.
മേല്‍പറഞ്ഞ എല്ലാ റിസ്‌ക്കുകളും കവര്‍ ചെയ്യാന്‍ നമുക്ക് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ സാധ്യമാണ്. വീട് എന്ന നിര്‍വചനത്തില്‍ കെട്ടിടം, ചുറ്റുമതില്‍, ഗേറ്റ് എന്നിവ പ്രത്യേകം എടുത്തുപറഞ്ഞു ഉള്‍പ്പെടുത്താവുന്നതാണ്.
വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഹൗസിങ്ങ് കോളനികള്‍ എന്നു വേണ്ട എല്ലാവര്‍ക്കും അനുയോജ്യമാണ് പോളിസികള്‍. മാത്രമല്ല ഏതുവിഭാഗത്തില്‍പെടുന്ന വരുമാനകാര്‍ക്കും മുകളില്‍പറഞ്ഞ റിസ്‌ക്കുകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുവാനും ഇന്‍ഷുര്‍ ചെയ്യുവാനും സൗകര്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ നല്ലൊരുശതമാനം പേരും വീടിനും വീട്ടുപകരണങ്ങള്‍ക്കും ധാരാളം പണം ചെലവഴിക്കുന്നു. വളരെ നാമമാത്രമായ പ്രീമിയം അടച്ച് മനസ്സമാധാനത്തോടെ കഴിയുന്നതല്ലേ ഇതിനേക്കാള്‍ ഉചിതം.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വിവിധ കമ്പനികള്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അവയില്‍ നിങ്ങള്‍ക്ക് യോജിച്ചവ തിരഞ്ഞെടുക്കാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.