വന്‍കിട കമ്പനികളുമായി കൈകോര്‍ത്ത് ആലിബാബ ഇന്ത്യയിലേക്ക്

വന്‍കിട കമ്പനികളുമായി കൈകോര്‍ത്ത് ആലിബാബ ഇന്ത്യയിലേക്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: ചൈനീസ് ഇകൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ ഇന്ത്യയിലെ വന്‍കിട കമ്പനികളുമായി കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നു. ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയില്‍ മള്‍ട്ടി ചാനല്‍ റീട്ടെയിലിംഗ് ആണ് ആലിബാബ ലക്ഷ്യമിടുന്നത്. ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന്റെ ചുവടുപിടിച്ചാണ് നീക്കം എന്നതും ശ്രദ്ധേയം.
ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ, ഫ്യൂച്വര്‍ റീട്ടെയില്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുമായി കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇവയില്‍ ഒരു കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആലിബാബ ആലോചിക്കുന്നത്. കമ്പനികളിലെ ഓഹരി ഏറ്റെടുക്കുന്നതും ആലിബാബയുടെ പരിഗണനയിലുണ്ട്. മുഖ്യ എതിരാളികളായ ആമസോണിന് വെല്ലുവിളി ഉയര്‍ത്തി, ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും രാജ്യത്തെ റീട്ടെയില്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.
ആലിബാബയുടെ ചൈനയിലെ ഓണ്‍ലൈന്‍ ടു ഓഫ് ലൈന്‍ എന്ന ബിസിനസ് മാതൃക വിപുലീകരണ ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും കമ്പനി സാധ്യതകള്‍ തേടുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫ്യൂച്വര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിയാനി ഒരു വിദേശ സംരംഭം കമ്പനിയില്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close