കേരളത്തിന് യു.എ.ഇയുടെ 700 കോടി

കേരളത്തിന് യു.എ.ഇയുടെ 700 കോടി

ഫിദ-
തിരു: കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മേധാവി എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.
മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് എന്തു സഹായത്തിനും യു.എ.ഇ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കാബിനറ്റ്ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി കഴിഞ്ഞദിവസം അറിയിച്ചതായി എം.എ യൂസുഫലി വ്യക്തമാക്കിയിരുന്നു.
യു.എ.ഇ പ്രസിഡന്റിന്റെ നാമധേയത്തിലുള്ള ഖലീഫ ഫണ്ടില്‍ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂര്‍ണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂര്‍ത്തിയായ ശേഷം കേന്ദ്രസര്‍ക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറും. ഭരണതലത്തിലെ ഉന്നതരും സ്വദേശികളുമെല്ലാം കേരളത്തിന് പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിധി, ഖലീഫ ഫൗണ്ടേഷന്‍ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ നിധി എന്നിങ്ങനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 18 കോടി രൂപ യൂസുഫലി ഇതിനകം സംഭാവന നല്‍കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close