ഓഹരി നിക്ഷേപകരുടെ നേട്ടം 15 ലക്ഷം കോടി

ഓഹരി നിക്ഷേപകരുടെ നേട്ടം 15 ലക്ഷം കോടി

രാംനാഥ് ചാവ്‌ല-
മുംബൈ: 40 ദിവസം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ സ്വന്തമാക്കിയത് 15 ലക്ഷം കോടി. ലാര്‍ജ് ക്യാപ് ഓഹരികള്‍ വാങ്ങിയതും അഭ്യന്തര നിക്ഷേപകര്‍ പണമൊഴുക്കിയതും വിപണിക്ക് കരുത്താവുകയായിരുന്നു. ഇതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചു.
ആഗസ്റ്റ് 28ലെ കണക്കനുസരിച്ച് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം ഏകദേശം 159 ലക്ഷം കോടിയാണ്. ജൂലൈ രണ്ടിന് ഇത് 144 ലക്ഷം കോടിയായിരുന്നു. രൂപയുടെ തകര്‍ച്ച, യു.എസ് ചൈന വ്യാപാര യുദ്ധം എന്നിവ മൂലം ശ്രദ്ധയോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ നിക്ഷേപിച്ചത്.
ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. നിഫ്റ്റി കഴിഞ്ഞ ദിവസം 11,700 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്ന് റിലയന്‍സ് ആണ്. 2.25 ലക്ഷം കോടിയാണ് റിലയന്‍സ് വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത്. റിലയന്‍സിന്റെ ഓഹരി വിലയും ഉയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് 28ന് റിലയന്‍സിന്റെ ഓഹരി വില 1,318.20 രൂപയാണ്. ജൂലൈ രണ്ടിന് ഇത് 961.10 രൂപയായിരുന്നു. 37 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close