Month: June 2022

‘കരിയേഴ്‌സ് ആന്‍ഡ് ക്യാമ്പസസ്’ പ്രദര്‍ശനം

ഗായത്രി-
കൊച്ചി: ഇരുപത്തിനാലാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ പ്രദര്‍ശനം ‘കരിയേഴ്‌സ് ആന്‍ഡ് ക്യാമ്പസസ്’ 10, 11 തീയതികളില്‍ മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കും.

വിവിധ കോഴ്‌സുകള്‍, കുറഞ്ഞ ചെലവില്‍ യൂറോപ്പ്, ക്യാനഡ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഡിഗ്രി,പിജി പഠനാവസരങ്ങള്‍, വിദേശത്ത് പഠനത്തോടൊപ്പം ജോലി എന്നിവ പ്രദര്‍ശനത്തില്‍ പരിചയപ്പെടാം. ഇന്ത്യന്‍ സര്‍വകലാശാലകളുടെ നൂറുകണക്കിന് വ്യത്യസ്ത കോഴ്‌സുകളെപ്പറ്റി അവരുടെ സ്റ്റാളുകളില്‍നിന്ന് നേരിട്ട് മനസ്സിലാക്കാം.

ഇന്ത്യയിലും വിദേശത്തുമായി പഠനം സാധ്യമാകുന്ന കോഴ്‌സുകളുമായി കോളേജുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍, വിദേശ സര്‍വകലാശാല പ്രതിനിധികളും പങ്കെടുക്കും. വിദേശ എംബിബിഎസ് പഠനത്തിന്റെ വിപുലമായ വിവരങ്ങളും പ്രദര്‍ശനത്തില്‍ ലഭിക്കും. കരിയര്‍ ക്ലിനിക്കില്‍ വ്യക്തിഗത കരിയര്‍ കൗണ്‍സിലിങ്ങും ഉണ്ടായിരിക്കും. പ്രവേശനം പകല്‍ 11 മുതല്‍ രാത്രി ഏഴുവരെയാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യം.

 

റിപ്പോ വര്‍ധന; വിപണി നഷ്ടത്തില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: വിവണിയില്‍ സൂചികകള്‍ക്ക് കനത്ത ചാഞ്ചാട്ടം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോഴാണ് ഈ മാറ്റം. ഉയരത്തലെത്തിലെത്തിയെങ്കിലും താമസിയാതെ നഷ്ടത്തിലായി.
സെന്‍സെക്‌സ് 215 പോയിന്റ് നഷ്ടത്തില്‍ 54,892ലും നിഫ്റ്റി 60 പോയിന്റ് താഴ്ന്ന് 16,356ലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയര്‍ടെല്‍ മൂന്നുശതമാനത്തിലധികം നഷ്ടംനേരിട്ടു. ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്.ബി.ഐ, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ട്രെഡീഷണല്‍ ലുക്കില്‍ നിത അംബാനി

ട്രെഡീഷണല്‍ ലുക്കില്‍ തിളങ്ങി നിത അംബാനി. റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാവി മരുമകള്‍ രാധിക മെര്‍ച്ചന്റിന്റെ ഭരതനാട്യ അരങ്ങേറ്റത്തില്‍ നിതാ ശ്രദ്ധാകേന്ദ്രമായത്. ഓറഞ്ച് സില്‍ക് സാരിയായിരുന്നു നിതയുടെ വേഷം. ബോര്‍ഡറില്‍ കളര്‍ഫുള്‍ ഫേ്‌ളോറല്‍ എംബ്രോയ്ഡറിയും പല്ലുവില്‍ ചുവപ്പ്, ഓറഞ്ച് ടാസിലുകളും സാരിക്ക് കൂടുതല്‍ ഭംഗി നല്‍കി. പരമ്പരാഗത തനിമയുളള ഹെവി ലെയര്‍ മാല, ജുംക എന്നിവയായിരുന്നു ആക്‌സസറീസ്. മിനിമല്‍ മേക്കപ്പും ബണ്‍ ഹെയര്‍ സ്‌റ്റെലും നിതയെ കൂടുതല്‍ സുന്ദരിയാക്കി. ഒപ്പം ഒരു ചുവപ്പ് പൊട്ട് തൊട്ടിരുന്നു. വൈന്‍ റെഡ് നിറത്തിലുളള ട്യൂണിക്കും വെളള ചുരിദാര്‍ പാന്റ്‌സുമാണ് മുകേഷ് അംബാനി ധരിച്ചത്. മുകേഷ്‌നിത അംബാനി ദമ്പതികളൂടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവാണ് രാധിക.

 

എന്നാല്‍ ഇതുകൂടി ഇരിക്കട്ടെ

രാംനാഥ് ചാവ്‌ല-
മുംബൈ: തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി താര രാജാവ് അമീര്‍ഖാന്റെ മകള്‍ ഇറ. പിറന്നാള്‍ ദിനത്തില്‍ എടുത്ത ബിക്കിനി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് വിമര്‍ശകര്‍ക്ക് ഇറയുടെ മറുപടി.

‘ട്രോളുകളും വിദ്വേഷപ്രസംഗങ്ങളും തീര്‍ന്നെങ്കില്‍ ഇതു കൂടി ഇരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഇറ തന്റെ കൂടുതല്‍ ഗ്ലാമര്‍ ചിത്രങ്ങളുമായി രംഗത്തെത്തിയത്.

തന്റെ 25ാം പിറന്നാളിന് സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലിലായിരുന്നു ഇറയുടെ ആഘോഷം. ആമിര്‍ ഖാന്റെ മുന്‍ ഭാര്യ റീന ദത്ത, ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അമിര്‍ കിരണ്‍ റാവു ബന്ധത്തില്‍ പിറന്ന മകന്‍ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.

 

ഒന്നിച്ച് ജീവിക്കുന്നത് സെക്‌സിന് മാത്രമല്ല

ഗായത്രി-
കൊച്ചി: സ്വവര്‍ഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് കഴിയാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഇവര്‍ക്കെതിരായ സൈബര്‍ ആക്രമണം പെരുകുന്നു. എന്നാല്‍ ആദിലക്കും നൂറയ്ക്കും എതിരായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ഷിംന പറയുന്നു.
ഷിംന അസീസിന്റെ കുറിപ്പ് ഇപ്രകാരം
സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോ സെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക. ഇതല്ലാതെ വേറെയും ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല.

അല്ലെങ്കിലും ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും ‘പങ്കാളികള്‍’ പങ്ക് വെക്കുന്നവരാണ്. അത് സുഖവും ദു:ഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോ. ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും പോസ്റ്റില്‍ പറയുന്നു.

 

400 രൂപയുടെ നാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്

വിഷ്ണു പ്രതാപ്-
മുംബൈ: ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി റിസര്‍വ് ബാങ്ക്. ഒന്‍പതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂറിന്റെ നാനൂറാം ജന്‍മദിനത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്.

മുംബൈ നാണയ നിര്‍മ്മാണശാലയില്‍നിന്നു പുറത്തിറക്കിയ നാണയത്തിന് 35 ഗ്രാം തൂക്കം വരും. അന്‍പത് ശതമാനം വെള്ളിയും നാല്‍പ്പത് ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും ഉപയോഗിച്ചാണ് ഈ നാണയം നിര്‍മിച്ചിട്ടുള്ളത്. കൊമെമ്മോറിയല്‍ വിഭാഗത്തില്‍ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്കിറക്കിയിട്ടില്ല.

നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ നാണയം ലഭിക്കൂ. നാണയപ്രേമികള്‍ക്ക് തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ക്കൂട്ടാനുള്ള ഈ സ്മരണികാ നാണയത്തിന്റെ വില 3445 രൂപയാണ്.

സിഖ് മതസ്ഥരുടെ അവസാന ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ 350ാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് രണ്ടു വര്‍ഷം മുമ്പ് 350 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. മാത്രല്ല വിവിധ വിശേഷ അവസരങ്ങളിലായി 1000, 500, 200, 150, 100, 75, 60, 50, 125 തുടങ്ങിയ ഇന്ത്യന്‍ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

ഡ്രൈവറില്ലാത്ത ക്രൂയിസ് കാറുകളുമായി അമേരിക്ക

ഫിദ-
ഡാലസ്: ഡ്രൈവറില്ലാത്ത കാറുകളുമായി അമേരിക്കന്‍ നിരത്തുകള്‍. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിലാണ് യാത്രക്കാര്‍ക്കായി ഡ്രൈവറില്ലാത്ത കാര്‍ ഓടാന്‍ തയ്യാറായിരിക്കുന്നത്.

റോബോട്ടിക് നിയന്ത്രണത്തിലുള്ള ഏതാനും ദിവസങ്ങള്‍ക്ക്മുമ്പാണ് കാലിഫോര്‍ണിയ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ അംഗീകാരം നല്‍കിയത്. ജനറല്‍ മോട്ടോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള ക്രൂയിസ് കാറുകളാണ് ഇതിനായി ഒരുങ്ങിയിട്ടുള്ളത്. 30 ഇലക്ട്രിക് കാറുകള്‍ പകല്‍ 10 മുതല്‍ വൈകുന്നേരം ആറുവരെ സര്‍വീസ് നടത്താനാണ് പ്രാരംഭമായി കമ്പനി ആലോചിക്കുന്നത്.

റോബോട്ടിക് നിയന്ത്രണത്തിലുള്ള കാറുകള്‍ പരീക്ഷണ സമയങ്ങളില്‍ വിജയകരമായാണ് പ്രവര്‍ത്തിച്ചത്. ഇത്തരത്തിലുള്ള കാറുകളുമായി മുന്നോട്ടു വരാന്‍ ഒരുങ്ങുകയാണ് മറ്റു കമ്പനികളും. അധികം വൈകാതെ ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലും ഇത്തരം കാര്‍ വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറുന്നത്.

ഒരു ലക്ഷം രൂപ വില വരുന്ന കുടകള്‍ വിപണില്‍

അളകാ ഖാനം-
മഴ പെയ്താല്‍ എന്നും ആശ്രയം കുട തന്നെയാണ്. വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള കുടകളെ മഴയില്‍ നിന്ന് മാത്രമല്ല വേനല്‍ കാലത്ത് കൊടും വെയിലില്‍ നിന്നും രക്ഷനേടാനും എല്ലാവരും ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇതിനൊന്നും ഉപകാരപ്പെടാത്ത ഒരു കുടയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബ്രാന്‍ഡുകളായ ഗുച്ചിയും അഡിഡാസും. ചേര്‍ന്ന് പുറത്തിറക്കിയ കുടയാണ് ഫാഷന്‍ പ്രേമികളെ ആകെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന ഈ കുട മഴയത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. നല്ല വെയിലത്ത് ഈ കുട ചൂടിയാല്‍ എല്ലാ കുടകളേയും പോലെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാം എന്നത് മാത്രമാണ് ഉപയോഗം. കുടയുടെ ഹാന്‍ഡില്‍ ‘ജി’ ആകൃതിയിലാണ്. ഗുച്ചിയുടേയും അഡിഡാസിന്റേയും ലോഗ പ്രിന്റ് ചെയ്തതാണ് കുടയുടെ ശീല.

വെള്ളിവെളിച്ചത്തിലെ ദിനേശ സ്പര്‍ശം

അളകാ ഖാനം-
കൊച്ചി: രണ്ട് വ്യാഴവട്ടത്തിലേറെ കാലം വെള്ളിവെളിച്ചത്തിന്റെ ലോകത്ത് മനസ്സും ജീവിതവും ഉഴിഞ്ഞുവെച്ച ഒരു പച്ച മനുഷ്യനുണ്ട്, മലയാള സിനിമയുടെ തിരശ്ശീലയ്ക്ക് പിന്നില്‍… എ എസ് ദിനേശ്.

ഇതുവരെ ആയിരത്തിലധികം സിനിമകള്‍ക്ക് പിആര്‍ഒ ആയി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഏത് ഉറക്കത്തില്‍ പോലും സിനിമയെ വിട്ടുമാറ്റാന്‍ കഴിയാറില്ല. എന്നാല്‍ ബിഗ് സ്‌ക്രീനുകളിലൂടെ ദിനേശന്റെ പേര് ഏവര്‍ക്കും പരിചിതമാണെങ്കിലും, നിലനില്‍പ്പിനായി കൊള്ളിവെപ്പും ഒറ്റ്‌കൊടുപ്പും നിര്‍ബാധം തുടരുന്ന സിനിമാ മേഖലയില്‍ ഈ നിസ്വാര്‍ത്ഥ മനുഷ്യനെ ഇന്നുവരെ വേണ്ടവിധത്തില്‍ അംഗീകരിക്കാതെ പോയത് സിനിമാ ലോകത്തെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍?

26 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പി ആര്‍ ഒ ജീവിതം ഈ മേഖലയില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് ഒരു നല്ല പാഠം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഒന്നിലും ഉറച്ചുനില്‍ക്കാത്ത പ്രകൃതമുള്ള എ.എസ്. ദിനേശ് തുടക്കത്തില്‍ മൃദംഗ നൃത്ത ജ്യോതിഷ പഠനത്തിന്റേയും അധ്യാപനത്തിന്റേയും സാഹിത്യരചനയുടേയും ലോകത്ത് കടന്നു ചെന്ന് കര്‍മ്മരംഗം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സിനിമ വാര്‍ത്ത പ്രചരണരംഗത്ത് നിലയുറപ്പിക്കാനായിരുന്നു നിയോഗം. ‘ആറ്റുവേല’യിലൂടെ പി. ആര്‍.ഒയായ മലയാള സിനിമയിലെത്തിയ എ.എസ്. ദിനേശ്, അക്കേരിപ്പറമ്പില്‍ എ.ആര്‍. സദാനന്ദ പ്രഭുവിന്റേയും സുലോചനയുടേയും മകനാണ്. എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍ 1958ലാണ് ജനനം. പോസ്റ്റ് ഗ്രാജ്വേറ്റിനു ശേഷം എറണാകുളം പ്രസ് അക്കാദമിയില്‍ ജേര്‍ണലിസത്തിന് പഠിക്കുമ്പോള്‍ സിനിമയുടെ പി.ആര്‍ വര്‍ക്കുകള്‍ ചെയ്തിരുന്ന ശ്രീകുമാര്‍ അരൂക്കുറ്റിയിലൂടെ സംവിധായകന്‍ തമ്പി കണ്ണന്താനത്തെ പരിചയപ്പെട്ടതാണ് എഎസ് ദിനേശിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അങ്ങനെ ഹരിദാസ് സംവിധാനം ചെയ്ത തമ്പി കണ്ണന്താനം നിര്‍മ്മിച്ച ‘പഞ്ചലോഹം’ എന്ന സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

1997 ല്‍ ശ്രീകുമാര്‍ അരൂക്കുറ്റി സ്‌ക്രിപ്‌റ്റെഴുതി എന്‍.ബി. രഘുനാഥ് സംവിധാനം ചെയ്ത ആറ്റുവേലയെന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി പി.ആര്‍.ഒ ആയി തുടക്കം കുറിച്ചത്. അക്കാലത്ത് മലയാള സിനിമയില്‍ വാഴൂര്‍ ജോസ്, എബ്രഹാം ലിങ്കണ്‍, ദേവസ്സിക്കുട്ടി, അയ്മനം സാജന്‍ തുടങ്ങി നാല് പി.ആര്‍.ഒമാരാണ് ഉണ്ടായിരുന്നത്.തുടര്‍ന്ന് അവര്‍ക്കൊപ്പം ദിനേശ് തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ‘ആറ്റുവേല’ കഴിഞ്ഞതും ‘ഹരിഹരന്‍പിള്ള ഹാപ്പിയാണ്’, ‘ദാദാ സാഹിബ്’, ‘തച്ചിലേടത്തു ചുണ്ടന്‍’, തുടങ്ങിയ മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായ ചിത്രങ്ങളില്‍ പി.ആര്‍.ഒ ആയതോടെ അദ്ദേഹം സിനിമാ ലോകത്ത് ഏറേ ശ്രദ്ധേയനായി.

നിരവധി പുരസ്‌കാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004 ല്‍ ആദ്യമായി പി.ആര്‍.ഒ മാര്‍ക്ക് ഏര്‍പ്പെടുത്തിയ മികച്ച പി. ആര്‍ഒയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2022ലെ കലാഭവന്‍ മണിസ്മാരക അവാര്‍ഡ്, ബിഗ് സ്‌ക്രീന്‍ പുരസ്‌ക്കാരം, മലനാട് ടിവി അവാര്‍ഡ് എന്നിവ അവയില്‍ ചിലത് മാത്രം.

ഇപ്പോള്‍ മട്ടാഞ്ചേരിയിലെ പാണ്ടിക്കുടിയില്‍ ‘പവിത്രം’ വീട്ടിലാണ് കുടുംബത്തോടെപ്പം താമസിക്കുന്നത്. ഭാര്യ ചന്ദ്രാഭായി, മകന്‍ എ.ഡി. ഗോപാലകൃഷ്ണപ്രഭു, മകള്‍ മഞ്ജു, മരുമകന്‍ സച്ചിന്‍.

അത്ഭുതം ജനിപ്പിക്കുന്ന കാല മാറ്റങ്ങള്‍ക്ക് വിധേയമായിക്കോണ്ടിരിക്കുന്ന സിനിമാ ലോകത്ത് പുത്തന്‍ ആശയങ്ങളുമായി തുടരാനാണ് ദിനേശിന്റ ആഗ്രഹം. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളുമര്‍പ്പിച്ച് ഞങ്ങളും… ബിസ്‌ന്യൂസ് ഇന്ത്യ.