ഒന്നിച്ച് ജീവിക്കുന്നത് സെക്‌സിന് മാത്രമല്ല

ഒന്നിച്ച് ജീവിക്കുന്നത് സെക്‌സിന് മാത്രമല്ല

ഗായത്രി-
കൊച്ചി: സ്വവര്‍ഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് കഴിയാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഇവര്‍ക്കെതിരായ സൈബര്‍ ആക്രമണം പെരുകുന്നു. എന്നാല്‍ ആദിലക്കും നൂറയ്ക്കും എതിരായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ഷിംന പറയുന്നു.
ഷിംന അസീസിന്റെ കുറിപ്പ് ഇപ്രകാരം
സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച് ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോ സെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക. ഇതല്ലാതെ വേറെയും ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല.

അല്ലെങ്കിലും ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും ‘പങ്കാളികള്‍’ പങ്ക് വെക്കുന്നവരാണ്. അത് സുഖവും ദു:ഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോ. ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും പോസ്റ്റില്‍ പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close