വെള്ളിവെളിച്ചത്തിലെ ദിനേശ സ്പര്‍ശം

വെള്ളിവെളിച്ചത്തിലെ ദിനേശ സ്പര്‍ശം

അളകാ ഖാനം-
കൊച്ചി: രണ്ട് വ്യാഴവട്ടത്തിലേറെ കാലം വെള്ളിവെളിച്ചത്തിന്റെ ലോകത്ത് മനസ്സും ജീവിതവും ഉഴിഞ്ഞുവെച്ച ഒരു പച്ച മനുഷ്യനുണ്ട്, മലയാള സിനിമയുടെ തിരശ്ശീലയ്ക്ക് പിന്നില്‍… എ എസ് ദിനേശ്.

ഇതുവരെ ആയിരത്തിലധികം സിനിമകള്‍ക്ക് പിആര്‍ഒ ആയി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഏത് ഉറക്കത്തില്‍ പോലും സിനിമയെ വിട്ടുമാറ്റാന്‍ കഴിയാറില്ല. എന്നാല്‍ ബിഗ് സ്‌ക്രീനുകളിലൂടെ ദിനേശന്റെ പേര് ഏവര്‍ക്കും പരിചിതമാണെങ്കിലും, നിലനില്‍പ്പിനായി കൊള്ളിവെപ്പും ഒറ്റ്‌കൊടുപ്പും നിര്‍ബാധം തുടരുന്ന സിനിമാ മേഖലയില്‍ ഈ നിസ്വാര്‍ത്ഥ മനുഷ്യനെ ഇന്നുവരെ വേണ്ടവിധത്തില്‍ അംഗീകരിക്കാതെ പോയത് സിനിമാ ലോകത്തെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍?

26 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പി ആര്‍ ഒ ജീവിതം ഈ മേഖലയില്‍ പുതുതായി കടന്നുവരുന്നവര്‍ക്ക് ഒരു നല്ല പാഠം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഒന്നിലും ഉറച്ചുനില്‍ക്കാത്ത പ്രകൃതമുള്ള എ.എസ്. ദിനേശ് തുടക്കത്തില്‍ മൃദംഗ നൃത്ത ജ്യോതിഷ പഠനത്തിന്റേയും അധ്യാപനത്തിന്റേയും സാഹിത്യരചനയുടേയും ലോകത്ത് കടന്നു ചെന്ന് കര്‍മ്മരംഗം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സിനിമ വാര്‍ത്ത പ്രചരണരംഗത്ത് നിലയുറപ്പിക്കാനായിരുന്നു നിയോഗം. ‘ആറ്റുവേല’യിലൂടെ പി. ആര്‍.ഒയായ മലയാള സിനിമയിലെത്തിയ എ.എസ്. ദിനേശ്, അക്കേരിപ്പറമ്പില്‍ എ.ആര്‍. സദാനന്ദ പ്രഭുവിന്റേയും സുലോചനയുടേയും മകനാണ്. എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍ 1958ലാണ് ജനനം. പോസ്റ്റ് ഗ്രാജ്വേറ്റിനു ശേഷം എറണാകുളം പ്രസ് അക്കാദമിയില്‍ ജേര്‍ണലിസത്തിന് പഠിക്കുമ്പോള്‍ സിനിമയുടെ പി.ആര്‍ വര്‍ക്കുകള്‍ ചെയ്തിരുന്ന ശ്രീകുമാര്‍ അരൂക്കുറ്റിയിലൂടെ സംവിധായകന്‍ തമ്പി കണ്ണന്താനത്തെ പരിചയപ്പെട്ടതാണ് എഎസ് ദിനേശിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. അങ്ങനെ ഹരിദാസ് സംവിധാനം ചെയ്ത തമ്പി കണ്ണന്താനം നിര്‍മ്മിച്ച ‘പഞ്ചലോഹം’ എന്ന സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

1997 ല്‍ ശ്രീകുമാര്‍ അരൂക്കുറ്റി സ്‌ക്രിപ്‌റ്റെഴുതി എന്‍.ബി. രഘുനാഥ് സംവിധാനം ചെയ്ത ആറ്റുവേലയെന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി പി.ആര്‍.ഒ ആയി തുടക്കം കുറിച്ചത്. അക്കാലത്ത് മലയാള സിനിമയില്‍ വാഴൂര്‍ ജോസ്, എബ്രഹാം ലിങ്കണ്‍, ദേവസ്സിക്കുട്ടി, അയ്മനം സാജന്‍ തുടങ്ങി നാല് പി.ആര്‍.ഒമാരാണ് ഉണ്ടായിരുന്നത്.തുടര്‍ന്ന് അവര്‍ക്കൊപ്പം ദിനേശ് തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. ‘ആറ്റുവേല’ കഴിഞ്ഞതും ‘ഹരിഹരന്‍പിള്ള ഹാപ്പിയാണ്’, ‘ദാദാ സാഹിബ്’, ‘തച്ചിലേടത്തു ചുണ്ടന്‍’, തുടങ്ങിയ മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായ ചിത്രങ്ങളില്‍ പി.ആര്‍.ഒ ആയതോടെ അദ്ദേഹം സിനിമാ ലോകത്ത് ഏറേ ശ്രദ്ധേയനായി.

നിരവധി പുരസ്‌കാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004 ല്‍ ആദ്യമായി പി.ആര്‍.ഒ മാര്‍ക്ക് ഏര്‍പ്പെടുത്തിയ മികച്ച പി. ആര്‍ഒയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2022ലെ കലാഭവന്‍ മണിസ്മാരക അവാര്‍ഡ്, ബിഗ് സ്‌ക്രീന്‍ പുരസ്‌ക്കാരം, മലനാട് ടിവി അവാര്‍ഡ് എന്നിവ അവയില്‍ ചിലത് മാത്രം.

ഇപ്പോള്‍ മട്ടാഞ്ചേരിയിലെ പാണ്ടിക്കുടിയില്‍ ‘പവിത്രം’ വീട്ടിലാണ് കുടുംബത്തോടെപ്പം താമസിക്കുന്നത്. ഭാര്യ ചന്ദ്രാഭായി, മകന്‍ എ.ഡി. ഗോപാലകൃഷ്ണപ്രഭു, മകള്‍ മഞ്ജു, മരുമകന്‍ സച്ചിന്‍.

അത്ഭുതം ജനിപ്പിക്കുന്ന കാല മാറ്റങ്ങള്‍ക്ക് വിധേയമായിക്കോണ്ടിരിക്കുന്ന സിനിമാ ലോകത്ത് പുത്തന്‍ ആശയങ്ങളുമായി തുടരാനാണ് ദിനേശിന്റ ആഗ്രഹം. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളുമര്‍പ്പിച്ച് ഞങ്ങളും… ബിസ്‌ന്യൂസ് ഇന്ത്യ.

Post Your Comments Here ( Click here for malayalam )
Press Esc to close