Month: June 2022

ചാകര; മത്സ്യത്തൊഴിലാളികള്‍ ആഹ്ലാദത്തില്‍

ഫിദ-
കൊച്ചി: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഹ്ലാദത്തില്‍. പ്രതീക്ഷിച്ചതു പോലെ മത്സ്യം ലഭിച്ചുതുടങ്ങിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സന്തോഷത്തിലാണ്.
ഏറെനാളായി മണ്ണെണ്ണ വാങ്ങാന്‍ പോലും വക കിട്ടാതിരുന്ന പല വള്ളങ്ങള്‍ക്കും നഷ്ടമില്ലാത്ത രീതിയില്‍ മത്സ്യം ലഭിച്ചു തുടങ്ങി. ചൂടനും കൊഴുവയും ചെറിയ അയലയും നാരന്‍ ചെമ്മീനുമാണ് ലഭിക്കുന്നതിലധികവും. വിലക്കൂടുതലുള്ള പൂവാലന്‍ ചെമ്മീനും പല വള്ളങ്ങള്‍ക്കും ലഭിച്ചു. ഇതിന് കിലോയ്ക്ക് 190 രൂപ വില ലഭിച്ചു.

താമരശ്ശേരി ചുരംപാത ഗതാഗതക്കുരുക്കില്‍

ഫിദ-
കോഴിക്കോട്: മഴക്കാല വിനോദ സഞ്ചാരത്തെ തുടര്‍ന്ന് താമരശ്ശേരി ചുരംപാത തിരക്കില്‍ ശ്വാസംമുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയില്‍ അനുഭവപ്പെടുന്നത്. മുടിപ്പിന്‍വളവുകളുടെ തുടക്കംമുതല്‍ വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് വയനാട് ജില്ലാകവാടംവരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്പടിക്കുകയാണ് വിനോദസഞ്ചാരികള്‍.

 

സുരക്ഷാ ലംഘനം; കുവൈത്ത് മാര്‍ക്കറ്റ് അടച്ചു

അളകാ ഖാനം-
കുവൈത്ത് സിറ്റി: സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഖുറൈനിലെ പ്രശസ്തമായ മാര്‍ക്കറ്റ് അഗ്‌നിശമന വകുപ്പ് അടച്ചു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് സുരക്ഷാ അഗ്‌നി പ്രതിരോധ ലംഘനങ്ങള്‍ കണ്ടെത്തിയത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ അപകടസാധ്യത സൃഷ്ടിക്കുന്നതായും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരികുമെന്ന് അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഇനി പോസ്റ്റ് ഓഫീസിലും

ഫിദ-
കൊച്ചി: റെയില്‍വേ സ്‌റ്റേഷനുകളില്‍ ടിക്കറ്റെടുക്കുന്നവരുടെ കാര്യമായ തിരക്ക് കുറക്കാന്‍ പുതിയ മാര്‍ഗം തേടി അധികൃതര്‍. വരിയൊന്നും നില്‍ക്കാതെ, നേരിട്ട് പോയി ട്രെയിന്‍ ടിക്കറ്റ് എടുക്കാവുന്ന സംവിധാനത്തെ പറ്റി ആലോചിച്ചുവരികയാണെന്ന് റെയില്‍വെ വ്യക്തമാക്കുന്നു. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പോയി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലൊരു പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ (എന്‍ഇആര്‍). താമസിയാതെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

ലെയേഴ്‌സ് ഷോട്ട് ബോഡി സ്‌പ്രേ വിവാദം; പരസ്യ കമ്പനികള്‍ക്കെതിരേ കേന്ദ്രം

വിഷ്ണു പ്രതാപ്-
ഡല്‍ഹി: ലെയേഴ്‌സ് ഷോട്ട് ബോഡി സ്‌പ്രേ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സത്രീവിരുദ്ധവും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പരസ്യങ്ങളില്‍ പരസ്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കുമെതിരേ കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി വനിതാ കമ്മിഷന്റെ പരാതി കത്തിനേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇത്തരത്തിലുള്ള എല്ലാ വിവാദ ഡിയോഡറന്റ് പരസ്യങ്ങളും നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പരസ്യചട്ടങ്ങള്‍ (അഡ്‌വര്‍ട്ടൈസ്‌മെന്റ് കോഡ്) പ്രകാരമുള്ള അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു.
കൂട്ടബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ ലെയേഴ്‌സ് ഷോട്ട് പെര്‍ഫ്യൂമിന്റെ പരസ്യത്തിനെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടീസയച്ചിരുന്നു. ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന വഷളന്‍ പരസ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാതിരിക്കാന്‍ ലെയേഴ്‌സ് ഷോട്ട് പെര്‍ഫ്യൂം ബ്രാന്‍ഡിന് കനത്ത പിഴ ചുമത്തണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

 

അധിക സുരക്ഷ ഒരുക്കി വാട്ട്‌സ്ആപ്പ്

അളകാ ഖാനം-
സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷ ഒരുക്കി വാട്ട്‌സ്ആപ്പ്. പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്‌സ്ആപ്പ് അടുത്ത അപ്‌ഡേറ്റോടെ നടപ്പിലാക്കും എന്നാണ് സൂചന. വാട്ട്‌സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം.

ഇപ്പോഴത്തെ 6 അക്ക കോഡ് ചിലപ്പോള്‍ ആര്‍ക്കെങ്കിലും പങ്കുവെയ്ക്കുന്ന അവസ്ഥയില്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റില്‍ തുറക്കാം എന്ന അവസ്ഥയിലാണ് കമ്പനി ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളുടെ ഭാവി അപ്‌ഡേറ്റിനായി ടെക്സ്റ്റ് മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ് വാട്ട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ഇപ്പോഴത്തെ 6 അക്ക കോഡ് ചിലപ്പോള്‍ ആര്‍ക്കെങ്കിലും പങ്കുവെയ്ക്കുന്ന അവസ്ഥയില്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റില്‍ തുറക്കാം എന്ന അവസ്ഥയിലാണ് കമ്പനി ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

പ്രസാധകയുടെ പരാതി; എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെതിരെ കേസ്

ഫിദ-
കോഴിക്കോട്: പ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. വ്യക്തിപരമായും തൊഴില്‍ പരമായും വി.ആര്‍ സുധീഷ് ജീവിക്കാനനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടേയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. എന്നാല്‍ സുധീഷ് പ്രതികരിച്ചിട്ടില്ല.

സ്വര്‍ണ വില ഇടിഞ്ഞു

ഫിദ-
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. രണ്ട് ദിവസം ഉയര്‍ന്നു നിന്ന ശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂണ്‍ 3ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ജൂണ്‍ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് മുന്നേറുന്നത് സ്വര്‍ണത്തിന് ക്ഷീണമായേക്കാം.

റിയല്‍ എസ്‌റ്റേറ്റ് ഓഹരികളുടെ വില വര്‍ധിച്ചു

രാംനാഥ് ചാവ്‌ല-
മുംബൈ: ആര്‍.ബി.ഐ. അര്‍ബന്റൂറല്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത വായ്പകളുടെ പരിധി 100150 ശതമാനം വരെ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നു റിയല്‍ എസ്‌റ്റേറ്റ് ഓഹരികളുടെ വില വര്‍ധിച്ചു. ഈ തീരുമാനം ആഭ്യന്തര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
ലോധയുടെ ഓഹരികള്‍ 3.68 ശതമാനവും, ശോഭ ഡെവലപ്പേഴ്‌സിന്റെയും, സണ്‍ടെക്ക് റിയല്‍റ്റിയുടെയും ഓഹരികള്‍ 2.70 ശതമാനവും നേട്ടമുണ്ടാക്കി. ബ്രിഗേഡ് എന്റര്‍ൈപ്രസസ്, ഒബ്‌റോയ് റിയല്‍റ്റി, ഡിഎല്‍എഫ് എന്നിവ യഥാക്രമം 2.36 ശതമാനവും, 1.98 ശതമാനവും, 1.74 ശതമാനവും ഉയര്‍ന്നു.

നയന്‍താര വിവാഹിതയായി

ഗായത്രി-
മഹാബലിപുരം: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി.
വിവാഹം മഹാബലിപുരത്തെ ഷെറാട്ടന്‍ ഫോര്‍ പോയിന്റ്‌സ് റിസോര്‍ട്ടിലാണ് നടന്നത്. വെളുപ്പിന് നാലിനും എട്ടിനും ഇടയിലാണ് വിവാഹം ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന് പുറമേ, രജനികാന്ത്, മണിരത്‌നം, ബോണി കപൂര്‍, കെ.എസ്. രവികുമാര്‍, ശിവകാര്‍ത്തികേയന്‍, ആറ്റ്‌ലി, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, അജിത്, ശാലിനി, വിജയ്, സൂര്യ, ജ്യോതിക, വിജയ് സേതുപതി, ദിലീപ്, കാര്‍ത്തി, ദിവ്യദര്‍ശിനി, എ.എല്‍. വിജയ്, ഹരി, ശിവ തുടങ്ങിയ താരങ്ങളും പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

രജനീകാന്താണ് വിഘ്‌നേഷ് ശിവന് താലിമാല നല്‍കിയതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. വിവാഹത്തിന് ശേഷം താരങ്ങള്‍ രജനീകാന്തിന് അടുത്തെത്തി അനുഗ്രഹം വാങ്ങിയതായും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യ്തു.

കനത്ത സുരക്ഷയാണ് വിവാഹ വേദിയിലും പരിസരത്തും ഒരുക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. മാധ്യമങ്ങള്‍ക്കും മഹാബലിപുരത്തെ ഇ സി ആര്‍ റോഡില്‍ പ്രവേശനമില്ലായിരുന്നു.

സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീം അണ് വിവാഹം ചിത്രീകരിച്ചത്. നെറ്റ് ഫ്‌ളിക്‌സിലൂടെ പിന്നിട് ആരാധകര്‍ക്ക് ചടങ്ങുകള്‍ കാണാം.

വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വിഘ്‌നേഷ് ശിവന്‍ വിവാഹ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

‘ദൈവകൃപയാല്‍ പ്രപഞ്ചത്തിന്റെയും, ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാം അനുഗ്രഹങ്ങളോടെ…’ (With God’s grace, the universe, all the blessings of our parents & best of friends) എന്ന തലകെട്ടോടുകൂടിയാണ് വിഘ്‌നേശ് ചിത്രം പോസ്റ്റ് ചെയ്തത്.