ഓപ്പറേഷന്‍ ‘മൂണ്‍ലൈറ്റ്’; ഹോട്ടലുകളില്‍ 81.7 കോടിയുടെ വെട്ടിപ്പ്

ഓപ്പറേഷന്‍ ‘മൂണ്‍ലൈറ്റ്’; ഹോട്ടലുകളില്‍ 81.7 കോടിയുടെ വെട്ടിപ്പ്

ഫിദ-
തിരു: ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ‘മൂണ്‍ലൈറ്റ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.

32 ഹോട്ടലുകളില്‍ ജൂണ്‍ 29ന് വൈകിട്ട് 7:30 ന് തുടങ്ങിയ പരിശോധന 30 ന് രാവിലെ ആറുമണിയ്ക്കാണ് പൂര്‍ത്തിയായത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും, റെസ്‌റ്റോറന്റുകളിലും വ്യാപകമായി ജി.എസ്.ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ബില്ലുകള്‍ സ്ഥാപനത്തില്‍ നിന്നും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്’ എന്ന പേരില്‍ രാത്രികാല പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ ശരാശരി ഒരു ദിവസം നടക്കുന്ന വിറ്റുവരവും ജി.എസ്.ടി റിട്ടേണില്‍ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെണ്‍ത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

ജോയിന്റ് കമ്മീഷണര്‍ (ഐ.ബി) സാജു നമ്പാടന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ (ഐ.ബി) വിന്‍സ്റ്റണ്‍, ജോണ്‍സണ്‍ ചാക്കോ, മധു.എന്‍.പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ജി.എസ്.ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെയും, ഇന്റലിജന്‍സ് സ്‌ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Post Your Comments Here ( Click here for malayalam )
Press Esc to close