Month: June 2022

മൈക്രോ ഫിലിം ഫെസ്റ്റിവല്‍, ‘ക്രിസ്റ്റല്‍ ലീഫ്’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

5 മിനിറ്റില്‍ താഴെയുള്ള ചിത്രങ്ങള്‍ക്കായുള്ള കൊച്ചി രാജ്യാന്തര മൈക്രോ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

വിനോദ് ലീല സംവിധാനം ചെയ്ത ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ്’ ആണ് മികച്ച ചിത്രം.
25000 രൂപയും ക്രിസ്റ്റല്‍ ലീഫ് അവാര്‍ഡ് ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

‘വോക്കി ടോക്കി’ എന്ന ചിത്രം സംവിധാനം ചെയ്ത അബ്ദുള്‍ ജലീല്‍ മികച്ച സംവിധായകന്‍.

ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഫാസില്‍ അലി സംവിധാനം ചെയ്ത ‘ഖബര്‍’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
പതിനായിരം രൂപയും, ക്രിസ്റ്റല്‍ ലീഫ് അവാര്‍ഡ് ശില്‍പവും പ്രശസ്തി പത്രവും പുരസ്‌കാരമായി ലഭിക്കും.

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള അങ്കണം ഷംസുദ്ദീന്‍ പുരസ്‌കാരം ഗൗരവ് മദന്‍ സംവിധാനം ചെയ്ത ‘ബ്രുഹഹ’ നേടി.
പതിനായിരം രൂപയും, അവാര്‍ഡ് ശില്‍പവും, പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച പരിസ്ഥിതി സംരക്ഷണ പ്രമേയത്തിനുള്ള ഡോക്ടര്‍ എ. ലത പുരസ്‌കാരം, രഞ്ജിത്ത് മാധവന്‍ സംവിധാനം ചെയ്ത ‘ലാര്‍ക്ക’ക്കാണ്.
പതിനായിരം രൂപയും, അവാര്‍ഡ് ശില്‍പവും, പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച കാമ്പസ് ചിത്രത്തിനുള്ള ഡോക്ടര്‍ ധന്യ മേനോന്‍ പുരസ്‌കാരത്തിന് നന്ദു വി. മോഹന്‍ സംവിധാനം ചെയ്ത ‘മിന്നുകെട്ട്’ കരസ്ഥമാക്കി.
പതിനായിരം രൂപയും, അവാര്‍ഡ് ശില്‍പവും, പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് പുരസ്‌കാരം.

മൈക്രോ ഫിലിം വിഭാഗത്തില്‍ ഗണേശ് കനേര്‍കര്‍ സംവിധാനം ചെയ്ത ‘ഡിസിപ്ലിന്‍’ ഹ്രസ്വചിത്ര വിഭാഗത്തില്‍ തുളസി കുമാര്‍ സംവിധാനം ചെയ്ത ‘ലോസേഴ്‌സ്’ എന്നിവ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.

മികച്ച നടനുള്ള പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു. രോഹന്‍ കപൂര്‍ (ദി ബഞ്ച്), ലാല്‍കൃഷ്ണ (മിന്നുകെട്ട്)

മികച്ച ആശയം (തിരക്കഥ)- അരുണ്‍ നായര്‍(മോണോലോഗ്)

മികച്ച ഛായാഗ്രാഹകന്‍- പ്രവീണ്‍ കാരാട്ട് (ഇമ)

മികച്ച എഡിറ്റര്‍- ഫാസില്‍ അലി (ഖബര്‍)

മികച്ച പോസ്റ്റര്‍ ഡിസൈനര്‍- ഷിബിന്‍ സി. മുഹമ്മദ് (ഖബര്‍)

ചലച്ചിത്ര സംവിധായക സാങ്കേതിക പ്രവര്‍ത്തകരില്‍ നിന്നും വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.

ഓഗസ്റ്റ് 20 ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും പുരസ്‌ക്കാര വിതരണവും നടക്കും.

സ്വര്‍ണവിലയില്‍ വര്‍ധന

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 4,755 രൂപയിലും പവന് 38,040 രൂപയിലുമാണ് ശനിയാഴ്ച മുതല്‍ വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു.
ജൂണ്‍ 11 മുതല്‍ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് 0.5% ഉയര്‍ന്ന് ഔണ്‍സിന് 1,835.58 ഡോളറിലെത്തി. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.3 ശതമാനം ഉയര്‍ന്ന് 1,836.30 ഡോളറിലെത്തി.

കാപ്പി വില കുതിക്കുന്നു; കര്‍ഷകര്‍ ആഹ്ലാദത്തില്‍

ഫിദ-
കൊച്ചി: സംസ്ഥാനത്തെ കാപ്പി വിപണി കുതിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പരിപ്പ് വില ക്വിന്റലിന് 17,700-18,000 റേഞ്ചിലേക്ക് ചുവടുവച്ചത് ആശ്ചര്യതോടെ നോക്കിക്കാണുകയാണ് ഓരോ കര്‍ഷക കുടുംബങ്ങളും.

വയനാടന്‍ കാപ്പി ലോക പ്രശസ്തമെങ്കിലും ഇടുക്കിയിലും കാപ്പിക്കൃഷി മുന്നേറുന്നുണ്ട്. രാജ്യത്ത് എറ്റവും കൂടുതല്‍ കാപ്പിക്കൃഷി കര്‍ണാടകത്തിലാണെങ്കിലും അതിര്‍ത്തി ജില്ലകളിലെ തോട്ടങ്ങളില്‍ നിന്നും സീസണില്‍ കാപ്പിപൂവിന്റെ മണം ഒഴുകിയെത്താറുണ്ട്.

ഇക്കുറി ആഭ്യന്തര കാപ്പി ഉല്‍പാദനം പതിവിലും കുറയുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. അനവസരത്തിലെ ഉയര്‍ന്ന താപനിലയും കാലം തെറ്റിയുള്ള കനത്ത മഴയുമെല്ലാം കാപ്പിക്കര്‍ഷകരെ അടിമുടി സമ്മര്‍ദ്ദത്തിലാക്കി. ഉണ്ടക്കാപ്പി വില ഇതിനകം 5500 രൂപയിലാണ് 54 കിലോഗ്രാം ചാക്കിന് ഇടപാടുകള്‍ നടക്കുന്നത്. കാപ്പി കയറ്റുമതി രംഗം സജീവമായതിനാല്‍ ലഭ്യമായ ചരക്ക് ഉയര്‍ന്ന വിലയ്ക്കും ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചു. പുതിയ സീസണിന് ഇനിയും കാത്തിരിക്കമെന്നതിനാല്‍ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും കൂടുതല്‍ ആകര്‍ഷകമായ വിലയെ ഉറ്റുനോക്കുന്നു.

ബ്രസീലിലും കൊളംബിയയിലും കാപ്പി ഉല്‍പാദനം ചുരുങ്ങിയതിനാല്‍ അവരുടെ കരുതല്‍ ശേഖരത്തില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചരക്കുള്ളൂ. കനത്ത മഞ്ഞ് വീഴ്ച്ചയും പിന്നീട് അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയും കാപ്പി ഉല്‍പാദനം രണ്ടു രാജ്യങ്ങളിലും കുറയാന്‍ ഇടയാക്കി. അതേസമയം അനുകൂല കാലാവസ്ഥയില്‍ വിയറ്റ്‌നാമില്‍ ഉല്‍പാദനം ഉയരുമെന്നാണ് ആദ്യ വിലയിരുത്തല്‍. കര്‍ണാടകത്തില്‍ കാപ്പിയുടെ ലഭ്യത കുറഞ്ഞതിനാല്‍ ഇന്ത്യന്‍ വിപണി മികവ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര സമൂഹം.

 

പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കാന്‍ ആപ്പിള്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ഐഫോണ്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു. ഐപാഡുകള്‍, മൂന്ന് വാച്ചുകള്‍, പുതുക്കിയ എയര്‍പോഡ്‌സ് പ്രോ, പുതിയ ഹോംപോഡ്, നിരവധി അപ്‌ഗ്രേഡു ചെയ്ത മാക്കുകള്‍, കൂടാതെ എം2 പ്രോസസര്‍ നല്‍കുന്ന എആര്‍/എംആര്‍ ഹെഡ്‌സെറ്റ് തുടങ്ങി നിരവധി പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്.

എം2 മാക് മിനി, എം2 പ്രോ മാക് മിനി, എം2 പ്രോ / എം2 മാക്‌സ് 14, 16ഇഞ്ച് മാക്ബുക് പ്രോസ്, കൂടാതെ എം2 അള്‍ട്രാ/എം2 എക്‌സ്ട്രീം മാക് പ്രോ എന്നിവയുള്‍പ്പെടെ മിക്ക പുതിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും എം2 ചിപ്പ്&ിയുെ; കരുത്ത് പകരുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ പറയുന്നത്.

അടുത്തിടെ നടന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ (ണണഉഇ) എം2 ചിപ്പ് ഉള്ള രണ്ട് പുതിയ മാക്കുകള്‍ അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ എം3 പ്രോസസര്‍ ഇതിനകം പ്രവര്‍ത്തനത്തിലാണെന്നും അടുത്ത വര്‍ഷം 13, 15 ഇഞ്ച് മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പുകളില്‍ ഇത് ഉള്‍പ്പെടുത്തിയേക്കുമെന്നും ഗുര്‍മാന്‍ പറയുന്നു.

പുറത്തിറങ്ങാനുള്ള 14 മുതല്‍ 15 ഇഞ്ച് വരെയുള്ള വലിയ ഐപാഡിന് പുറമേ എം2 ചിപ്പുള്ള 11 ഇഞ്ച്, 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകളും ആപ്പിള്‍ ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കും. ആപ്പിളിന്റെ സ്റ്റാന്‍ഡേര്‍ഡ് വാച്ച് സീരീസ് 8, പുതിയ എസ്ഇ ഐഫോണ്‍, മറ്റൊരു പ്രത്യേക വാച്ച് എന്നിവയും അവതരിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

മിസ്സ് കാമ്പസ് കേരള, 2022

ഗായത്രി-
കൊച്ചി: റാംപില്‍ നിന്നും ലഭിക്കുന്ന ഊര്‍ജവും ആത്മവിശ്വാസവും കേരളത്തിലെ കാമ്പസുകള്‍ക്കും സ്വന്തമാവുകയാണ്.

ഫാഷന്‍ എന്നത് വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായി മലയാളി അംഗീകരിച്ച് തുടങ്ങിയതിന്റെ സാക്ഷ്യപത്രമായി മാറുകയാണ് കേരളത്തിന്റെ പ്രഥമ കാമ്പസ് ഫാഷന്‍ ലീഗ് (സി. എഫ്. എല്‍.)

കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്നും യോഗ്യത നേടുന്നവരാണ് കൊച്ചിയില്‍ വെച്ച് നടക്കുന്ന അവസാന റൗണ്ടില്‍ മത്സരിക്കുക.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.

പ്രാഥമിക മത്സരങ്ങള്‍ ജൂലായ് 2, 9, 16 തിയതികളില്‍ നടക്കും, ഫൈനല്‍ ആഗസ്റ്റ് 15 ന്.

വിജയികള്‍ക്ക് മിസ്സ് / മിസ്റ്റര്‍ കാമ്പസ് കേരള, 2022 ടൈറ്റിലിനൊപ്പം യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ കാഷ് പ്രൈസും, വിവിധ ഗിഫ്റ്റ് വോച്ചറുകളും പുരസ്‌കാരമായി ലഭിക്കും.

20 ല്‍ അധികം ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി പരിപാടിയുടെ ഭാഗമായി മാറുന്നു എന്നതാണ് ലീഗിന്റെ സവിശേഷത.

2002 ല്‍ ആദ്യമായി കാമ്പസ് ചലച്ചിത്രോത്സവം സംഘടിപ്പിച്ച്, കാമ്പസുകള്‍ക്ക് ചലച്ചിത്ര ഭാക്ഷ്യം പരിചയപ്പെടുത്തിയ ഗ്രാഫിക്‌സ് ആണ് ഈ നവീന സംരഭത്തിന്റെയും സംഘാടകര്‍.

വിശദ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും www.dreamgrafix.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ 9497131774 എന്ന നമ്പറില്‍ നിന്നും വാട്ട്‌സ് ആപ്പിലൂടെ ലഭിക്കും.

രജിസ്‌ട്രേഷനുള്ള അവസാന തിയതി ജൂണ്‍ 30.

ജൂലൈ മുതല്‍ പുതിയ തൊഴില്‍ നിയമങ്ങളുമായി കേന്ദ്രം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ 1 മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളത്തിലും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നേക്കാം. പുതിയ നിയമമനുസരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ജോലി സമയം 12 മണിക്കൂറാണ് ജോലി സമയം.

നിലവില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂറാണ് ജോലി സമയം. ജോലി സമയം ഇത്തരത്തില്‍ ഉയര്‍ത്തിയാല്‍ നിലവില്‍ നല്‍കുന്ന രണ്ട് അവധി ദിവസങ്ങള്‍ക്ക് പകരം മൂന്ന് അവധി ദിവസങ്ങള്‍ കമ്പനികള്‍ നല്‍കേണ്ടി വരും. അതിനാല്‍ തന്നെ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

മൂന്ന് അവധി ദിനങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂര്‍ തന്നെയായിരിക്കും. പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതോടെ അടിസ്ഥാന ശമ്പളത്തിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

പുതിയ നിയമം അനുസരിച്ച് ജീവനക്കാര്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെ പി.എഫ് വിഹിതത്തിലും വര്‍ദ്ധന വരുന്നതിനാല്‍ കൈയില്‍ ലഭിക്കുന്ന തുകയെയും കാര്യമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്.

ഈ പിറന്നാളിന് 60,000 കോടിയുടെ മധുരം

രാംനാഥ് ചാവ്‌ല-
മുംബൈ: 60-ാം ജന്മദിനത്തില്‍ 60,000 കോടി രൂപ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനൊരുങ്ങി ഗൗതം അദാനി.
ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ ധനികനാണ് ഗൗതം അദാനി.

ഇന്നലെ 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നത്.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

60000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടര്‍ന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി അദാനി സംഭാവന നല്‍കുന്നത്.

333 ദിവസത്തെ നിക്ഷേപ പദ്ധതിയുമായി കാനറാ ബാങ്ക്

ഫിദ-
മംഗലാപുരം: പുതിയ സേവിംഗ്‌സ് പദ്ധതിയുമായി കാനറാ ബാങ്ക്. 333 ദിവസത്തെ നിക്ഷേപ പദ്ധതിയാണ് കാനറാ ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

5.10 ശതമാനം പലിശ നിരക്ക് നല്‍കുന്ന ഈ പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.60 ശതമാനം വരെ പലിശ നല്‍കുന്നു. രണ്ട് കോടിയില്‍ കുറവ് തുക വരെ മാത്രമേ നിക്ഷേപിക്കാവൂ. പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുന്‍പായി ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കണം.

കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇന്ത്യയും പുതിയ എഫ്ഡി പദ്ധതിയുമായി രംഗത്ത് വന്നിരുന്നു. 444 ദിവസത്തെ പദ്ധതിയാണ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.

സ്വര്‍ണത്തിന് ഇവേ ബില്‍ നിര്‍ബന്ധമാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സ്വര്‍ണത്തിന് ഇവേ ബില്‍ നിര്‍ബന്ധമാക്കുന്നത് പരിഗണനയിലെന്ന് ജി.എസ്.ടി. കൗണ്‍സില്‍. രണ്ടുലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കുമാണ് ഇവേ ബില്‍ നിര്‍ബന്ധമാക്കുക.

ഇതുസംബന്ധിച്ച് കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ധനമന്ത്രിമാരുടെ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. 28നും 29നും നടക്കുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിച്ചേക്കുമെന്നാണ് വിവരം.

നിലവില്‍, അരലക്ഷത്തിലേറെ രൂപയുടെ എല്ലാ വ്യാപാര ഇടപാടുകള്‍ക്കും ഇവേ ബില്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഇതു സ്വര്‍ണത്തിന് ബാധകമായിരുന്നില്ല.

നോക്കിയ പഴയകാല മോഡലുകള്‍ പുറത്തിറക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: പേര്‌കേട്ട ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തങ്ങളുടെ പഴയകാല മോഡലുകള്‍ പുറത്തിറക്കുന്നു.
നോക്കിയ 5710 XA, നോക്കിയ 8210, നോക്കിയ 2660 ഫ്‌ളിപ്പ് ഫോണ്‍ എന്നിവയാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

പഴയതാണെങ്കിലും നോക്കിയ ഇതുവരെ വിപണിയിലവതരിപ്പിക്കാത്ത മോഡലാണ് നോക്കിയ 5710. നോക്കിയയുടെ 5700 എക്‌സ്പ്രസ് മ്യൂസികിന്റെ പിന്‍ഗാമിയായി പുറത്തിറങ്ങേണ്ടിയിരുന്ന ഫോണ്‍ ആയിരുന്നു ഇത്.

ഫോണിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നോക്കിയയുടെ ഔദ്യോഗിക സൈറ്റിലും ഒരിക്കല്‍ ഇത് പ്രത്യക്ഷപ്പെട്ടു. തിരിക്കാന്‍ കഴിയുന്ന കീബോര്‍ഡ് ആയിരുന്നു ഈ രണ്ട് ഫോണുകളുടേയും പ്രധാന സവിശേഷത. ഇങ്ങനെ തിരിക്കാന്‍ കഴിയുന്ന മോഡ്യൂളിന്റെ മറുഭാഗത്ത് മീഡിയാ പ്ലെയര്‍ കണ്‍ട്രോള്‍ ബട്ടനുകളും ഇരു വശങ്ങളിലുമായി ക്യാമറയും ഫല്‍ഷും സ്പീക്കറുമാണുണ്ടായിരുന്നത്.

ഫീച്ചര്‍ ഫോണ്‍ രംഗത്തെ പാരമ്പര്യം നല്‍കുന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് തലമുതിര്‍ന്ന മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ നോക്കിയ ഇന്നും വിപണിയില്‍ സ്ഥാനമറിയിക്കുന്നത്. പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളായ നോക്കിയ ജി11 പ്ലസ്, നോക്കിയ ടി10 എന്നിവ പുറത്തിറക്കാനും കമ്പനി ഒരുക്കം നടത്തിവരികയാണ്.