Month: June 2022

സൂചികകളില്‍ നേട്ടത്തോടെ തുടക്കം

രാംനാഥ് ചാവ്‌ല-
മുംബൈ: ഏഷ്യന്‍ വിപണികളിലെ മുന്നേറ്റത്തെ തുടര്‍ന്ന് രാജ്യത്തെ സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 500 പോയന്റ് ഉയര്‍ന്ന് 52,800ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തില്‍ 15,710ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, വിപ്രോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, മെറ്റല്‍ തുടങ്ങി മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളിലും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി.ക്ക് വേണ്ടത് വൈദ്യുതി ബസുകള്‍

ഫിദ-
തിരു: സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്.
വൈദ്യുതിബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം. നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം. സി.എന്‍.ജി.യുടെ വില ഉയരുന്നതും പ്രതികൂലമാണ്. ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ആസൂത്രണബോര്‍ഡ് അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശമ്പളവിതരണ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇനിയും 30 കോടി രൂപ വേണം. ശമ്പളം കൃത്യമായി നല്‍കണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് നിര്‍ദേശം നല്‍കി.

തൃക്കക്കുടി ഗുഹാക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമാവുന്നു

ഫിദ-
കവിയൂര്‍: ചരിത്രപ്രസിദ്ധമായ തൃക്കക്കുടി ഗുഹാക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമാവുന്നു. ഇതാനായി ടൂറിസംപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പഞ്ചായത്ത് അടുത്ത സമ്പത്തികവര്‍ഷത്തില്‍ അരക്കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കവിയൂര്‍ പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലും ചേര്‍ന്നാകും ഇത് നടത്തുക. കവിയൂര്‍ മഹാദേവക്ഷേത്രം, ഗുഹാക്ഷേത്രം, വിസ്തൃതമായ പോളച്ചിറ ജലാശയം, മനയ്ക്കച്ചിറ പാര്‍ക്ക്, കോട്ടൂരിലെ രണ്ടരേക്കറോളംവരുന്ന പാറക്കുളം തുടങ്ങിയവയാണ് ഇതിന് സാധ്യമായ ഇടങ്ങള്‍. ഇവയെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസ്റ്റുകള്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ സജ്ജീകരിക്കും.

എ.ഡി. ഏട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തൃക്കക്കുടി അപൂര്‍വമായ ശില്‍പസൗന്ദര്യം വിളിച്ചോതുന്നതാണ്. ഭീമകാരമായ പാറ സമചതുരാകൃതിയില്‍ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.

പല്ലവ ശില്‍പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ ശിലാ പ്രതിമകളാണ് ഇതിനകത്തുള്ളത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ശിവലിംഗ പ്രതിഷ്ഠ. പ്രവേശനകവാടംഭാഗത്ത് രണ്ടു ദ്വാരപാലകര്‍, വശങ്ങളില്‍ ഗണപതി തുടങ്ങിയവരുടെ രൂപങ്ങള്‍ പാറയിലാണ് തീര്‍ത്തിരിക്കുന്നത്.

ലോകം കീഴടക്കി സേതുരാമയ്യര്‍

ഫിദ-
കൊച്ചി: തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിന്‍. ജൂണ്‍ 12നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫല്‍ക്‌സിലൂടെ റിലീസ് ചെയ്തത്. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കു നോക്കുമ്പോള്‍ ലോക സിനിമകളില്‍ നാലാം സ്ഥാനത്താണ് സിബിഐ 5. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടര്‍ന്നു
ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം പൂര്‍ണമായി കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും പാക്കിസ്ഥാന്‍, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി.
സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദ ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിനെ ഡൗണ്‍ഗ്രേഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകന്‍ കെ.മധു ആരോപിച്ചിരുന്നു
ബോക്‌സ് ഓഫീസില്‍ ചിത്രം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിവസത്തെ കണക്കുകള്‍ പ്രകാരം 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. രഞ്ജി പണിക്കര്‍, സുദേവ്, ആശ ശരത്ത് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കിയത്. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു സിബിഐ 5. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.

സോഷ്യല്‍ മീഡിയ സെയില്‍സ് പ്രമോഷന്‍ ആദായനികുതി പരിധിയില്‍

ഫിദ-
കൊച്ചി: ആദായ നികുതി നിയമങ്ങള്‍ മാറി കൊണ്ടിരിക്കുകയാണ്. 20 ലക്ഷത്തിന് മുകളില്‍ പണമിടപാടിന് ഈയിടെയാണ് മാറ്റം വന്നത്. സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പല നിയമങ്ങളും ആദായ നികുതി വകുപ്പ് പുതുതായി കൊണ്ടു വരുന്നത്.

ഇത്തരത്തില്‍ ജൂലായ് ഒന്നു മുതല്‍ നികുതി ഈടാക്കുന്നതില്‍ വരുന്ന പുതിയൊരു മാറ്റമാണ് പറയാന്‍ പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം ഫോളോവര്‍മാരുള്ള വ്യക്തിയാണോ, സോഷ്യല്‍ മീഡിയ വഴി സെയില്‍സ് പ്രമോഷന്‍ നടത്തുന്നവരാണോ എങ്കില്‍ ഇനി നിങ്ങളും ആദായ നികുതി ചട്ടകൂടിനുള്ളില്‍ വന്നേക്കാം.

ആദായ നികുതി വകുപ്പിന്റെ പുതിയ നിയമപ്രകാരം സെയില്‍സ് പ്രമോഷനായി വാങ്ങുന്ന സൗജന്യങ്ങള്‍ക്ക് ജൂലായ് 1 മുതല്‍ ടിഡിഎസ് (ശ്രോതസില്‍ നിന്നുള്ള നികുതി) ഈടാക്കും. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സൗജന്യ മരുന്ന് സാമ്പിളുകള്‍ക്കും ഇതേ രീതിയില്‍ ടിഡിഎസ് ഈടാക്കും. ഇത്തരത്തിലുള്ള വരുമാനത്തിന് നികുതി ഈടാക്കാന്‍ 2022 ലെ ഫിനാന്‍സ് ആക്ടില്‍ 194ആര്‍ എന്ന സെക്ഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ റസിഡന്റായ ഒരു വ്യക്തിക്ക് നല്‍കുന്ന ആനുകൂല്യങ്ങളോ പെര്‍ക്വിസിറ്റോ 20,000 രൂപയില്‍ കൂടുതലായാല്‍ ലഭ്യമാക്കുന്ന വ്യക്തി ടിഡിഎസ് ഈടാക്കി സര്‍ക്കാറിലേക്ക് അടയ്ക്കണം.

ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരണാഹ്വാനം: ആശങ്കയില്ലെന്ന് കമ്പനി

അളകാ ഖാനം-
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരിക്കാനുള്ള സംഘപരിവാറിന്റെ ആഹ്വാനങ്ങളില്‍ പ്രതികരിച്ച് കമ്പനി.

തെറ്റിധരിക്കപ്പെട്ട വ്യക്തികളാണ് ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയതെന്നും ഇക്കാര്യത്തില്‍ കമ്പനിക്ക് തെല്ലും ആശങ്കയില്ലെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പ്രതികരിച്ചു.

തെറ്റിദ്ധരിക്കപ്പെട്ട ചില വ്യക്തികളാണ് ഇത് ചെയ്യുന്നത്, അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ക്കെതിരെയും എന്തും പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്’, അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ കമ്പനിയെ ബാധിച്ചിട്ടില്ല. കാരണം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് അറിയാം ചുറ്റും നടക്കുന്നത് വെറും അസംബന്ധമാണെന്ന്, അദ്ദേഹം പറഞ്ഞു.

 

19 രൂപയുടെ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

വിഷ്ണു പ്രതാപ്-
ഡില്‍ഹി: കിടിലന്‍ പ്രീപെയ്ഡ് പ്ലാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി നല്‍കുന്ന പ്ലാനാണ് ടെലിക്കോം കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികള്‍ക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങളാണ് വെറും 19 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സെക്കന്ററി സിം കാര്‍ഡായി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പ്ലാന്‍.

ബാങ്കുകളിലും മറ്റും നല്‍കിയിട്ടുള്ള നമ്മുടെ പഴയ നമ്പര്‍ നമ്മള്‍ കോളുകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ആക്ടീവ് ആയി നില നില്‍ക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം ഡാറ്റയും മറ്റും നല്‍കുന്ന വില കൂടിയ പ്ലാനുകള്‍ മാത്രമാണ് നമുക്ക് നല്‍കുന്നത്. ഇത്തരമൊരു അവസരത്തിലാണ് സിം കാര്‍ഡ് ആക്ടീവ് ആയി വെക്കാനുള്ള ഒരു മാസത്തെ വാലിഡിറ്റി നല്‍കുന്ന മികച്ചൊരു പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ 19 രൂപ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഈ പ്ലാനിനെ വോയിസ്‌റേറ്റ്കട്ടര്‍ബ19 എന്നാണ് വിളിക്കുന്നത്. ഈ പ്ലാന്‍ ഓണ്‍നെറ്റ്, ഓഫ്‌നെറ്റ് കോളുകളുടെ നിരക്ക് മിനിറ്റിന് 20 പൈസയായി കുറയ്ക്കുന്നു.

19 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ യാതൊരു വിധ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുകയില്ല. ഈ പ്ലാന്‍ നിങ്ങളുടെ സിം കാര്‍ഡ് എപ്പോഴും ആക്ടീവ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഇതിലൂടെ ഇന്‍കമിങ് കോളുകള്‍, എസ്എംഎസുകള്‍ എന്നിവയെല്ലാം തടസമില്ലാതെ ലഭിക്കും.

മീഡിയ രംഗത്തേക്ക് ചുവടുവെച്ച് നവോമി ഒസാക്ക

വാഷിംഗ്ടണ്‍: മീഡിയ രംഗത്തേക്ക് ചുവടുവെച്ച് ടെന്നീസ് സൂപ്പര്‍ താരം നവോമി ഒസാക്ക. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലേബ്രോണ്‍ ജെയിംസുമായി ചേര്‍ന്നാണ് ഓസാക്കയുടെ പുതിയ സംരംഭം.

(Hana Kuma) എന്ന് പേരിട്ടിരിക്കുന്ന കമ്പനി ടെലിവിഷന്‍ സീരീസുകള്‍, ഡോക്യുമെന്ററികള്‍, അനിമേ തുടങ്ങിയവ നിര്‍മിക്കും.

നാല് തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടി ഓസാക്ക ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലെറ്റ് ആണ്. 57 മില്യണ്‍ ഡോളര്‍ ആയിരുന്നു 2021ലെ ഒസാക്കയുടെ ആകെ പ്രതിഫലം. ആളുകളെ പ്രചോദിപ്പിക്കുന്ന കഥകള്‍ പറയാനാണ് ഹന കുമയിലൂടെ ആഗ്രഹിക്കുന്നതെന്നാണ് ഓസാക്ക പറഞ്ഞു.

കിന്‍ലോ എന്ന പേരില്‍ സ്‌കിന്‍ കെയര്‍ കമ്പനിയും ഒസാക്കയ്ക്കുണ്ട്.

 

‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം ഭാഗം വരുന്നു…

ഗായത്രി-
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത റിയലിസ്റ്റിക് പൊലീസ് സ്റ്റോറി ‘ആക്ഷന്‍ ഹീറോ ബിജു’വിന്റെ രണ്ടാം ഭാഗം വരുന്നു.

പതിവു പൊലീസ് ചിത്രങ്ങളില്‍ നിന്ന് മാറി റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ വന്‍ വിജയം നേടിയ ചിത്രമായിരുന്നു നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’. ഇപ്പോള്‍ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. ‘താരം’, ‘ശേഖരവര്‍മ്മ രാജാവ്’, ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്നിവയാണ് ലിസ്റ്റിലെ മറ്റു ചിത്രങ്ങള്‍.

 

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരും: മോദി

അളകാ ഖാനം-
ജനീവ: ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനം ലോകത്തെവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് (BRICS) ബിസിനസ് ഫോറത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രിക്‌സ്.