ഫിദ-
കവിയൂര്‍: ചരിത്രപ്രസിദ്ധമായ തൃക്കക്കുടി ഗുഹാക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമാവുന്നു. ഇതാനായി ടൂറിസംപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പഞ്ചായത്ത് അടുത്ത സമ്പത്തികവര്‍ഷത്തില്‍ അരക്കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കവിയൂര്‍ പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലും ചേര്‍ന്നാകും ഇത് നടത്തുക. കവിയൂര്‍ മഹാദേവക്ഷേത്രം, ഗുഹാക്ഷേത്രം, വിസ്തൃതമായ പോളച്ചിറ ജലാശയം, മനയ്ക്കച്ചിറ പാര്‍ക്ക്, കോട്ടൂരിലെ രണ്ടരേക്കറോളംവരുന്ന പാറക്കുളം തുടങ്ങിയവയാണ് ഇതിന് സാധ്യമായ ഇടങ്ങള്‍. ഇവയെ പരസ്പരം ബന്ധിപ്പിച്ച് ടൂറിസ്റ്റുകള്‍ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ സജ്ജീകരിക്കും.
എ.ഡി. ഏട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തൃക്കക്കുടി അപൂര്‍വമായ ശില്‍പസൗന്ദര്യം വിളിച്ചോതുന്നതാണ്. ഭീമകാരമായ പാറ സമചതുരാകൃതിയില്‍ തുരന്നെടുത്ത് പത്തടിയോളം നീളത്തിലും അത്രതന്നെ വീതിയിലുമാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.
പല്ലവ ശില്‍പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ ശിലാ പ്രതിമകളാണ് ഇതിനകത്തുള്ളത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ശിവലിംഗ പ്രതിഷ്ഠ. പ്രവേശനകവാടംഭാഗത്ത് രണ്ടു ദ്വാരപാലകര്‍, വശങ്ങളില്‍ ഗണപതി തുടങ്ങിയവരുടെ രൂപങ്ങള്‍ പാറയിലാണ് തീര്‍ത്തിരിക്കുന്നത്.