ഫിദ-
കൊച്ചി: സംസ്ഥാനത്തെ കാപ്പി വിപണി കുതിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് പരിപ്പ് വില ക്വിന്റലിന് 17,700-18,000 റേഞ്ചിലേക്ക് ചുവടുവച്ചത് ആശ്ചര്യതോടെ നോക്കിക്കാണുകയാണ് ഓരോ കര്‍ഷക കുടുംബങ്ങളും.
വയനാടന്‍ കാപ്പി ലോക പ്രശസ്തമെങ്കിലും ഇടുക്കിയിലും കാപ്പിക്കൃഷി മുന്നേറുന്നുണ്ട്. രാജ്യത്ത് എറ്റവും കൂടുതല്‍ കാപ്പിക്കൃഷി കര്‍ണാടകത്തിലാണെങ്കിലും അതിര്‍ത്തി ജില്ലകളിലെ തോട്ടങ്ങളില്‍ നിന്നും സീസണില്‍ കാപ്പിപൂവിന്റെ മണം ഒഴുകിയെത്താറുണ്ട്.
ഇക്കുറി ആഭ്യന്തര കാപ്പി ഉല്‍പാദനം പതിവിലും കുറയുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. അനവസരത്തിലെ ഉയര്‍ന്ന താപനിലയും കാലം തെറ്റിയുള്ള കനത്ത മഴയുമെല്ലാം കാപ്പിക്കര്‍ഷകരെ അടിമുടി സമ്മര്‍ദ്ദത്തിലാക്കി. ഉണ്ടക്കാപ്പി വില ഇതിനകം 5500 രൂപയിലാണ് 54 കിലോഗ്രാം ചാക്കിന് ഇടപാടുകള്‍ നടക്കുന്നത്. കാപ്പി കയറ്റുമതി രംഗം സജീവമായതിനാല്‍ ലഭ്യമായ ചരക്ക് ഉയര്‍ന്ന വിലയ്ക്കും ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചു. പുതിയ സീസണിന് ഇനിയും കാത്തിരിക്കമെന്നതിനാല്‍ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും കൂടുതല്‍ ആകര്‍ഷകമായ വിലയെ ഉറ്റുനോക്കുന്നു.
ബ്രസീലിലും കൊളംബിയയിലും കാപ്പി ഉല്‍പാദനം ചുരുങ്ങിയതിനാല്‍ അവരുടെ കരുതല്‍ ശേഖരത്തില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചരക്കുള്ളൂ. കനത്ത മഞ്ഞ് വീഴ്ച്ചയും പിന്നീട് അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയും കാപ്പി ഉല്‍പാദനം രണ്ടു രാജ്യങ്ങളിലും കുറയാന്‍ ഇടയാക്കി. അതേസമയം അനുകൂല കാലാവസ്ഥയില്‍ വിയറ്റ്‌നാമില്‍ ഉല്‍പാദനം ഉയരുമെന്നാണ് ആദ്യ വിലയിരുത്തല്‍. കര്‍ണാടകത്തില്‍ കാപ്പിയുടെ ലഭ്യത കുറഞ്ഞതിനാല്‍ ഇന്ത്യന്‍ വിപണി മികവ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര സമൂഹം.