കേരള ബാങ്ക് നിലവില്‍വന്നു

കേരള ബാങ്ക് നിലവില്‍വന്നു

ഫിദ-
കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍വന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹരജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്.
ലയനനടപടികളില്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു വിലയിരുത്തിയാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കോടതി അടിയന്തരമായി വാദംകേട്ടത്. ഷെഡ്യൂള്‍ ബാങ്കായ കേരള ബാങ്കില്‍ നോണ്‍ ഷെഡ്യൂള്‍ ബാങ്കായ ജില്ലാബാങ്കുകള്‍ ലയിപ്പിക്കുന്നതില്‍ അപാകമുണ്ടെന്ന വാദവും കോടതി തള്ളി.
ഏതുതരത്തിലുള്ള അംഗീകാരമാണ് സംസ്ഥാനബാങ്കിനു നല്‍കേണ്ടതെന്നു തീരുമാനിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഗുരുതരമായ ലംഘനങ്ങളും അപാകങ്ങളുമുണ്ടെങ്കിലല്ലാതെ നടപടികളെ ചോദ്യംചെയ്യാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലയനം എങ്ങനെയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്നും നടപടി പൂര്‍ത്തിയായശേഷം അന്തിമാനുമതി ഘട്ടത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ആരോപണങ്ങള്‍ തള്ളി.
മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുനല്‍കണമെന്നാണു വ്യവസ്ഥ. എന്നാല്‍, അതുടനുണ്ടാവില്ല. കോര്‍ബാങ്കിങ് ഉള്‍പ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസന്‍സ് നിലനിര്‍ത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു. ഒരുവര്‍ഷമാണ് സമിതിയുടെ കാലാവധി. എന്നാല്‍, ലയനം പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേല്‍ക്കും. കേരള ബാങ്ക് സി.ഇ.ഒ. ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരായ പി.എസ്. രാജന്‍ ജനുവരിയില്‍ ചുമതലയേല്‍ക്കും. പുതിയ ബാങ്കിങ് നയം ഉടന്‍ പ്രഖ്യാപിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close