Month: November 2019

7000 കോടിയുടെ ബാങ്ക് തട്ടിപ്പ്: കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്

രാംനാഥ് ചാവ്‌ല-
മുംബൈ: 7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
7000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 169 ഇടങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ബമ്പര്‍ മലയാളിക്ക്

അളക ഖാനം-
അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ പത്തില്‍ പത്തും ഇന്ത്യക്കാര്‍ക്ക്. ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 28.87 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത് മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ്. ഓണ്‍ലൈനായി എടുത്ത 098165 നമ്പര്‍ ടിക്കറ്റിനാണ് ബമ്പര്‍ നറുക്ക് വീണത്. സംഘാടകര്‍ വിജയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് സാക്കിര്‍ ഖാന്‍ അര്‍ഹനായി. മൂന്നും നാലും അഞ്ചും സമ്മാനങ്ങള്‍ യഥാക്രമം സിദിഖ് ഒതിയോരത്ത്, അബ്ദുല്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍ എന്നിവര്‍ നേടി. പത്ത് നറുക്കില്‍ നാലാമത്തെയും പത്താമത്തെയും സമ്മാനങ്ങള്‍ നേടിയവരൊഴികെ ബാക്കി സമ്മാനാര്‍ഹരെല്ലാം ടിക്കറ്റെടുത്തത് ഓണ്‍ലൈനായാണ് എന്നതും പ്രത്യേകതയാണ്. ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ രാജ്യത്തിനുപുറത്തുള്ള വലിയ സമൂഹവും തയ്യാറാവുന്നുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞമാസത്തെ ബമ്പര്‍ വിജയി യു.എ.ഇ.യില്‍ ഇതുവരെ വരാത്ത ആളായിരുന്നു.

നയം ജനവിരുദ്ധമായാല്‍ ജനം കടക്ക് പുറത്തെന്ന് പറയും: ജോയ് മാത്യു

ഫിദ-
കോഴിക്കോട്: മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശംവെച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും. കോഴിക്കോട്ട് രണ്ട് സി.പി.എം. പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗില്‍ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതും, അദ്ദേഹം തന്നെയാണ ഇതിന്റെ ഉത്തരവാദി ജോയ് മാത്യു പറഞ്ഞു.
മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരില്‍ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളില്‍ ഒന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ജോയ് മാത്യുവാണ് ഈ പുസ്തകം അച്ചടിച്ച് പുറത്തിറക്കിയത്.
കഴിഞ്ഞ പ്രളയസമയത്ത് നിയമസഭയില്‍ സമാജികര്‍ പറയുന്ന മണ്ടത്തരം കേട്ടപ്പോള്‍ നിയമസഭാ സമാജികര്‍ക്ക് കുറച്ചുകൂടി ദിശാബോധം ഉണ്ടാകട്ടെയെന്ന് കരുതി. ഞാന്‍ എന്റെ സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി തയ്യാറാക്കിയ പുസ്തകമാണിത്. ആയിരം കോപ്പിയാണ് പ്രിന്റ് ചെയ്തത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പുസ്തകം പ്രിന്റ് ചെയ്തത്. എം.എല്‍എമാര്‍ക്ക് നിയമസഭയില്‍ കൊണ്ടുപോയി സൗജന്യമായി കൊടുക്കാനാണ് പുസ്തകം തയ്യാറാക്കിയത്. പക്ഷേ അത് നടന്നില്ല. ഉദ്ഘാടനത്തിനായി കോളേജുകളില്‍ പോകുമ്പോള്‍ ഇതിന്റെ പത്ത് കോപ്പി വാങ്ങാനാണ് ആവശ്യപ്പെടാറ്. കുട്ടികള്‍ പുസ്തകം വായിക്കുകയും മുടക്കിയ പണം തിരിച്ച് കിട്ടുകയുമാണ് ലക്ഷ്യം. ഈ പുസ്തകത്തിന്റെ 500 കോപ്പി എന്റെ കൈവശമുണ്ട്. അതിന്റെ പേരില്‍ വെറുതെ ഒരു യുഎപിഎ കിട്ടുമോയെന്നാണ് ഇപ്പോള്‍ എന്റെ ഭയം.
കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അലനെ അറിയാം. അടുത്ത സുഹൃത്തിന്റെ മകനാണ്. അലന്റെ മുത്തശ്ശി സാവിത്രി ടീച്ചര്‍ കോഴിക്കോടിന്റെ ആത്മാവിന്റെ ഭാഗമാണ്. വീടുവിട്ട് ചേരിപോലുള്ള സ്ഥലത്തുവന്ന് താമസിച്ച് അവിടുത്ത് നിര്‍ധനരായ സ്ത്രീകള്‍ക്ക് തൊഴിലും ആത്മാഭിമാനവുമൊക്കെ കൊടുത്ത ടീച്ചറാണവര്‍. അവര്‍ മരിക്കുന്നത് വരെ സഖാവായിരുന്നു. അവരുടെ കൊച്ചുമോനാണ് ഈ അവസ്ഥ വന്നിരിക്കുന്നതെന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്.
ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പോലീസ് രാജിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ജനാധിപത്യ രീതിയില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണമല്ല. ഇത് പോലീസുകാരുടെ കൈവിട്ട കളിയാണ്. നാളെ എന്നെ ഈ പുസ്തകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം..എത്ര പേര് ശബ്ദമുണ്ടാക്കുമെന്ന് അറിയില്ല.

ഹൃദയം കൊണ്ടെഴുതിയ സൂര്യശില

സിപിഎഫ് വേങ്ങാട്-
മലബാറിലെ മുസ്ലിം കവയിത്രികളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ എഴുത്തുകാരിയാണ് അനീസ സുബൈദ. സൂര്യ ശില എന്ന അവരുടെ ആദ്യ കവിതാ സമാഹാരം ഇതിനകം തന്നെ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 42, കവിതകളുടെ സമാഹാരമാണ് സൂര്യശില. സ്‌നേഹവും ജീവിതവും നിറഞ്ഞൊഴുകുന്ന കവിതകളാല്‍ സമ്പന്നമാണ് ഈ കൃതി, പൊറുതി കേടില്‍ നിന്നും വിരിഞ്ഞിറങ്ങിയ ഈ കവിതാ സമാരത്തിലെ മിക്ക കവിതകളും സാഹിത്യത്തില്‍ ഒറ്റപ്പെട്ട ശബദ്മായി മാറുന്നു.
ഊഷര ഭൂമിയില്‍, ആവണിയുടെ തേങ്ങല്‍, വിഷുപ്പക്ഷിയുടെ വിലാപം എന്നിവ ഇതില്‍ ശ്രദ്ധേയമായ കവിതകളാണ്. സമൂഹ്യമായ തിന്മകള്‍ക്കെതിരെ ഒരു കുടുംബിനിയുടെ ചേതോവികാരമാണ് ഈ കവിതകളുടെ സ്പന്ദനം.
”മേടപ്പുലരി പിന്നെയും വന്നു
എന്നിട്ടും വന്നില്ല എന്റെ ഊഴം ” എന്ന് വിഷുപ്പക്ഷിയുടെ വിലാപം കേള്‍ക്കുമ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്നതോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഒരു കവി ഹൃദയത്തെ നമുക്ക് വായിച്ചെടുക്കാനാവും.
പ്രശസ്ത കവി പി പി ശ്രീധരനുണ്ണിയാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്. ആത്മനിഷ്ഠമാണ് ഇതിലെ ഓരോ വരികളും. സ്ത്രീ സമൂഹത്തിന്റെയും മാതൃ സമൂഹത്തിന്റെയും പ്രതിനിധിയായി നിലകൊള്ളുന്ന അനീസ ശാന്തമായി പ്രതികരിക്കുകയാണെന്ന് അവതാരികയില്‍ ്അദ്ദേഹം വ്യക്തമാക്കുന്നു.
കേരള ബുക്ക് ട്രസ്റ്റാണ് ഇത് പ്രസിദ്ധീകരിച്ചത്. 70 രൂപയാണ് വില. വരും കാലങ്ങളില്‍ ഈ കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സാഹിത്യ ലോകത്തിന്റെ പ്രതീക്ഷ.

‘ഊഴവും തേടി’ പ്രദര്‍ശനവും സിഡി റിലീസിംഗും നടന്നു

അജയ് തുണ്ടത്തില്‍-
‘ഊഴവും തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും സിഡി റിലീസിംഗും തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ വെച്ച് നടന്നു. മരണഭയം വേട്ടയാടുന്ന ഒരു വൃദ്ധന്റെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയുളള സഞ്ചാരമാണ് ”ഊഴവുംതേടി” എന്ന ഹ്രസ്വചിത്രം.
ബാനര്‍ – പി.എസ്. പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – സിന്ധുനായര്‍, നിര്‍മ്മാണം – സി.ആര്‍. പ്രകാശ്, ശ്രീജിത്ത്
പി. നായര്‍, ക്യാമറ – ബി. രാജ്കുമാര്‍, പ്രൊ: കണ്‍ട്രോളര്‍ – ഗോപന്‍ ശാസ്തമംഗലം, എഡിറ്റിംഗ് – ബിനു ഇസ്രായേല്‍, സഹസംവിധാനം – സഞ്ജയ് ജി. കൃഷ്ണന്‍, എഫക്ട്‌സ് – രാജ് മാര്‍ത്താണ്ടം, ചമയം – മുരുകന്‍ കുണ്ടറ, കല – സാജന്‍ വിസ്മയ, സതീഷ് കൊടുങ്ങാനൂര്‍, സൗണ്ട് ഡിസൈന്‍ – പ്രഭാത് ഹരിപ്പാട്, പ്രൊ: എക്‌സി. – അനില്‍ വര്‍ക്കല, സ്റ്റില്‍സ് & ഡിസൈന്‍ – ആവണി വിഷ്വല്‍ മീഡിയ, ഡബ്ബിംഗ് – സതീഷ് വെങ്ങാനൂര്‍, സഞ്ജയ് ജി. കൃഷ്ണന്‍, സിന്ധുനായര്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.
സുധാകരന്‍ ശിവാര്‍ത്ഥി, ശാസ്തമംഗലം മാധവന്‍ നായര്‍, ദേവരാജന്‍ ചെമ്പഴന്തി, ഷാജഹാന്‍, സുജിത, മാസ്റ്റര്‍ അഭിനവ്, ബേബി സംഘമിത്ര, ബേബി ജുവനജിതിന്‍ എന്നിവരഭിനയിക്കുന്നു.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം

ഫിദ-
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പുനര്‍നിര്‍ണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുന്‍ സെക്രട്ടറിയും വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. മോഹന്‍ദാസാണ് കമ്മിഷന്‍ അധ്യക്ഷന്‍. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷനു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് മാമ്മന്‍ ചെറിയാന്‍, കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ ബജറ്റ് സ്റ്റഡീസ് സെന്റര്‍ ഓണററി ചെയര്‍മാന്‍ െപ്രാഫ. എന്‍.കെ. സുകുമാരന്‍ നായര്‍ എന്നിവരെ അംഗങ്ങളായും നിയമിച്ചു. അഞ്ചരലക്ഷത്തോളം ജീവനക്കാരും നാലു ലക്ഷത്തോളം പെന്‍ഷന്‍കാരുമാണ് സംസ്ഥാനത്തുള്ളത്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ചുള്ള വേതനമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നത്. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പുതുക്കിയാല്‍ മതിയെന്ന നിര്‍ദേശത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി നിശ്ചയിച്ചാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
കാഷ്വല്‍ സ്വീപ്പര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, കോളേജ് അധ്യാപകര്‍, സര്‍വകലാശാല, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനര്‍നിര്‍ണയിക്കുന്നതടക്കം പത്തിന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2019 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ശമ്പളം പുനര്‍നിര്‍ണയിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന തത്ത്വമനുസരിച്ചാണ് പുതിയ കമ്മിഷന്റെ നിയമനം.

മസാലബോണ്ട് വഴി സമാഹരിച്ചത് 2150 കോടി

ഫിദ-
കൊച്ചി: കിഫ്ബിക്ക് പണംകണ്ടെത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മസാലബോണ്ട് വഴി 2,150 കോടിരൂപ സമാഹരിച്ചതായി മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മാര്‍ച്ച് 29നാണ് ഈ പണം കിഫ്ബിയുടെ അക്കൗണ്ടിലെത്തിയത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ മുതലുംപലിശയും ചേര്‍ത്ത് 3,195 കോടിരൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും. മസാലബോണ്ട് വഴി സമാഹരിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ എല്ലാമാസവും റിസര്‍വ് ബാങ്കിന് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബോണ്ടുവഴി സമാഹരിച്ച തുക യൂണിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര, വിജയ ബാങ്ക്, എസ്.ബി.ഐ. എന്നിവിടങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കുറവ് തുക എസ്.ബി.ഐയിലും കൂടുതല്‍ തുക എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുമാണ്.
കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയിലൂടെ 61.32 കോടിരൂപ സമാഹരിച്ചു. ഇതിന് പരസ്യയിനത്തില്‍ 16.28 കോടിരൂപ ചെലവിട്ടു. ചിട്ടിയിലൂടെ ലഭിച്ച തുക കിഫ്ബിബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഒരുവര്‍ഷം പതിനായിരംകോടി രൂപ ചിട്ടിവഴി സമാഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ 11,278 പേര്‍ ചിട്ടിയില്‍ ചേര്‍ന്നു. യു.എന്‍. ഉപരോധമുള്ള രാജ്യങ്ങളിലൊഴികെ പ്രവാസിച്ചിട്ടി ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ ബഷീറിനെ മന്ത്രി അറിയിച്ചു.
മാര്‍ച്ച് 31ന് 1848.71 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയിരുന്നതായി മന്ത്രി, എ.പി. അനില്‍കുമാറിനെ അറിയിച്ചു. ഇതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 837.66 കോടിരൂപയുടെ ബില്ലുകളും ഉള്‍പ്പെടും. ഒക്ടോബര്‍ 22വരെ 1414.56 കോടിരൂപയുടെ ബില്ലുകള്‍ പാസാക്കി. ഇതില്‍ 820.46 കോടിരൂപയുടെ ബില്ലുകള്‍ തദ്ദേശസ്ഥാപനങ്ങളുടെതാണെന്നും മന്ത്രി അറിയിച്ചു.

 

വീണതല്ല പ്രശസ്തമായത് ക്ലോ ധരിച്ച വസ്ത്രം

അളക ഖാനം-
നൈറ്റ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങവെ ചെറുതായെന്നു തെന്നിയ ഹോളിവുഡ് നടി ക്ലോഫെറി വാര്‍ത്തകളില്‍ ഇടം പിടിച്ചത് വീണത് കൊണ്ടല്ല. അവര്‍ ധരിച്ച വസ്ത്രമാണ് വീഴ്ചയെക്കാള്‍ വാര്‍ത്തകളില്‍ ശ്രദ്ധ നടിയത്.
ശരീരത്തോട് ചേര്‍ന്ന് കിടന്ന, സ്ട്രിംഗുകള്‍ കൊണ്ട് ബന്ധിച്ചിരുന്ന ക്ലബ് വസ്ത്രമാണ് ക്ലോ ധരിച്ചിരുന്നത്. വസ്ത്രത്തിന് പുറത്തേക്ക് ക്ലോ തെറിച്ചു വീഴും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. പെട്ടെന്ന് തന്നെ ബാലന്‍സ് ചെയ്യാന്‍ പറ്റിയത് കൊണ്ട് അവര്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു.

 

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഗായത്രി-
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരു അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒന്നിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുമ്പോഴും ചാറ്റുകള്‍ക്ക് എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാവും.
നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഉപകരണത്തില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്താല്‍ പഴയതില്‍ നിന്നും താനെ ലോഗ് ഔട്ട് ചെയ്യപ്പെടും.
വാട്‌സാപ്പിന് സമാനമായ ടെലിഗ്രാമില്‍ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതേ പോലുള്ള സംവിധാനമാവും വാട്‌സാപ്പിലും ഒരുക്കുക. കൂടാതെ മറ്റ് നിരവധി പുതിയ ഫീച്ചറുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ടഡ് സ്റ്റാറ്റസ് ഹൈഡ് ചെയ്യുക, സ്പ്ലാഷ് സ്‌ക്രീന്‍, ആപ്പ് ബാഡ്ജ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും.