ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം

ഫിദ-
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പുനര്‍നിര്‍ണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുന്‍ സെക്രട്ടറിയും വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. മോഹന്‍ദാസാണ് കമ്മിഷന്‍ അധ്യക്ഷന്‍. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷനു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് മാമ്മന്‍ ചെറിയാന്‍, കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലാ ബജറ്റ് സ്റ്റഡീസ് സെന്റര്‍ ഓണററി ചെയര്‍മാന്‍ െപ്രാഫ. എന്‍.കെ. സുകുമാരന്‍ നായര്‍ എന്നിവരെ അംഗങ്ങളായും നിയമിച്ചു. അഞ്ചരലക്ഷത്തോളം ജീവനക്കാരും നാലു ലക്ഷത്തോളം പെന്‍ഷന്‍കാരുമാണ് സംസ്ഥാനത്തുള്ളത്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ചുള്ള വേതനമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നത്. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പുതുക്കിയാല്‍ മതിയെന്ന നിര്‍ദേശത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കാലാവധി നിശ്ചയിച്ചാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
കാഷ്വല്‍ സ്വീപ്പര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, കോളേജ് അധ്യാപകര്‍, സര്‍വകലാശാല, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനര്‍നിര്‍ണയിക്കുന്നതടക്കം പത്തിന മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.
പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2019 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ ശമ്പളം പുനര്‍നിര്‍ണയിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്ന തത്ത്വമനുസരിച്ചാണ് പുതിയ കമ്മിഷന്റെ നിയമനം.

Post Your Comments Here ( Click here for malayalam )
Press Esc to close